Friday, April 26, 2024
HomeInternationalകൊറോണ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ്ണപിന്തുണയുമായി മാര്‍ത്തോമ്മ മെത്രാപ്പൊലീത്ത

കൊറോണ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ്ണപിന്തുണയുമായി മാര്‍ത്തോമ്മ മെത്രാപ്പൊലീത്ത

കൊറോണ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരിന് പൂര്‍ണ്ണപിന്തുണയുമായി മലങ്കര മാര്‍ത്തോമ സുറിയാനി സഭ പരമാധ്യക്ഷന്‍ ഡോ.ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പൊലീത്ത. കോവിഡ് 19 നിയന്ത്രണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്തുനടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തശേഷം പത്തനംതിട്ട കളക്ടറേറ്റിലാണു സഭയുടെ നിലപാട് മെത്രാപ്പൊലീത്ത വ്യക്തമാക്കിയത്.  മാര്‍ച്ച് 31 വരെ പള്ളികളില്‍ പരമാവധി 15 പേര്‍ പങ്കെടുക്കുന്നതിനാണ് സഭ അനുവാദം നല്‍കിയിരിക്കുന്നത്. സംസ്‌കാര ശുശ്രൂഷകള്‍ക്ക് കുടുംബാംഗങ്ങള്‍ മാത്രം പങ്കെടുത്താല്‍ മതിയെന്നും അറിയിച്ചിട്ടുണ്ട്. രോഗലക്ഷണങ്ങള്‍ ഉള്ള വ്യക്തികള്‍ ശുശ്രൂഷകളില്‍ പങ്കെടുക്കുന്നില്ലെന്ന് ഉറപ്പുവരുത്തും. കുര്‍ബാന, പള്ളി കൂദാശകള്‍, ഇടവക സംഘയോഗങ്ങള്‍, നോമ്പുപ്രാര്‍ഥന ഉള്‍പ്പെടെയുള്ള മറ്റു കൂദാശകളും യോഗങ്ങളും മാര്‍ച്ച് 31 വരെ നടത്തുന്നില്ല. സ്‌കൂള്‍, കോളജ്, മന്ദിരങ്ങള്‍ തുടങ്ങിയ സ്ഥാപനങ്ങളിലെ വാര്‍ഷിക യോഗങ്ങള്‍, യാത്രയയപ്പ് യോഗങ്ങള്‍, പൊതുപരിപാടികള്‍, വിനോദയാത്രകള്‍ എന്നിവ ഈസ്റ്റര്‍ വരെ മാറ്റിവയ്ക്കും.  സന്ദര്‍ശകരെ ഒഴിവാക്കിയതായും കത്തിലൂടെയും ഫോണിലൂടെയുമാണ് മറ്റുള്ളവരോട് സംസാരിക്കുന്നതെന്നും ഇതിലൂടെ കൊറോണ വൈറസ്ബാധ തടയുന്നതിന് ഒരു പരിധിവരെ സാധിക്കുമെന്നും മെത്രാപ്പൊലീത്ത പറഞ്ഞു. കൊറോണവൈറസ് ബാധ തടയുന്നതിനു സംസ്ഥാന സര്‍ക്കാരും ജില്ലാഭരണകൂടവും സ്വീകരിച്ചിട്ടുള്ള മുന്‍കരുതല്‍ നടപടികളോട് എല്ലാവരും സഹകരിക്കുകയും ജാഗ്രത പുലര്‍ത്തുകയും ചെയ്യണമെന്നും ഹസ്തദാനം ഉള്‍പ്പെടെയുള്ള സാമൂഹികാചാരക്രമങ്ങളും ഭവന സന്ദര്‍ശനങ്ങളും സാമൂഹിക സന്ദര്‍ശനങ്ങളും ഒഴിവാക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന് അഭിനന്ദനം അറിയിക്കുന്നതായും മലങ്കര മാര്‍ത്തോമ സുറിയാനി സഭ പരമാധ്യക്ഷന്‍ ഡോ.ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പൊലീത്ത പറഞ്ഞു. ജില്ലാ കളക്ടര്‍ പി.ബി നൂഹ്, തിരുവല്ല സബ് കളക്ടര്‍ ഡോ. വിനയ് ഗോയല്‍, ദുരന്തനിവാരണ ഡെപ്യൂട്ടി കളക്ടര്‍ ഗ്രിഗറി കെ.ഫിലിപ്പ്, വി.പി.എം.എസ് ജനറല്‍ സെക്രട്ടറി അഡ്വ.പി.എസ് പ്രസാദ്, മാര്‍ത്തോമ്മ മെത്രാപ്പൊലീത്തയുടെ സെക്രട്ടറി റവ. ഷിജോയ് എബ്രഹാം സക്കറിയ, സമത്വ കേരള ജംഇയത്തുല്‍ ഉലം പ്രതിനിധി എം. മുഹമ്മദ് സാലി, ഐ.പി.സി സിയോ പ്രതിനിധി ജിജി ചാക്കോ, കുമ്പനാട് ഐ.പി.സി ജനറല്‍ സെക്രട്ടറി സാം ജോര്‍ജ്, പി.ആര്‍.ഡി.എസ് ജോയിന്റ് സെക്രട്ടറി കെ.ടി വിജയന്‍ തുടങ്ങിയവരും വീഡിയോ കോഫറന്‍സില്‍ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments