Friday, April 26, 2024
Homeപ്രാദേശികംവീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ക്ക് അവശ്യസാധനങ്ങള്‍ എത്തിച്ച് ഗ്രാമപഞ്ചായത്തുകള്‍

വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ക്ക് അവശ്യസാധനങ്ങള്‍ എത്തിച്ച് ഗ്രാമപഞ്ചായത്തുകള്‍

ജില്ലയില്‍ കൊറോണ ആദ്യം സ്ഥിരീകരിച്ച റാന്നി മേഖല  ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്തുകള്‍ വൈറസ് നിയന്ത്രണത്തിന്റെ ഭാഗമായി നിരീക്ഷണത്തിലുള്ളവര്‍ക്ക് അവര്‍ ആവശ്യപ്പെടുന്നതിന് അനുസരിച്ച് ഭക്ഷണസാധനങ്ങളും അവശ്യവസ്തുകളും കുടിവെള്ളം ഉള്‍പ്പെടെ എത്തിച്ചു നല്‍കുന്നു. വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരും വീടുകളില്‍ ഐസലേഷനില്‍ കഴിയുന്നുണ്ടെന്ന് വാര്‍ഡ്തലത്തില്‍ത്തന്നെ ഉറപ്പുവരുത്തുന്നു.

റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്ത്
പഴവങ്ങാടി ഗ്രാമപഞ്ചായത്തില്‍ നിലവില്‍ 190 പേരാണ് കൊറോണ മുന്‍കരുതലിന്റെ ഭാഗമായി വീടുകളില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 80 പേര്‍ പ്രൈമറി കോണ്‍ടാക്ടില്‍ ഉള്‍പ്പെട്ട് നിരീക്ഷണത്തിലാണ്. നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് അവര്‍ ആവശ്യപ്പെടുന്നത് അനുസരിച്ച് ഗ്രാമപഞ്ചായത്ത് എത്തിച്ചുകൊടുക്കുന്നതായി പ്രസിഡന്റ് ജോസഫ് കുരിയാക്കോസ് പറഞ്ഞു. ഗ്രാമപഞ്ചായത്തിന്റെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തില്‍ കൊറോണ മുന്‍കരുതലിന്റെ ഭാഗമായി കര്‍മ്മ പരിപാടികളുമായി മുന്നോട്ടുപോകുന്നതായും അദേഹം പറഞ്ഞു.
അങ്ങാടി ഗ്രാമപഞ്ചായത്ത്
കൊറോണ മുന്‍കരുതലിന്റെ ഭാഗമായി 46 കുടുംബങ്ങളിലായി 134 പേരാണു അങ്ങാടി ഗ്രാമപഞ്ചായത്തില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതില്‍ 20 പേര്‍ പ്രൈമറി കോണ്‍ടാക്ട് പട്ടികയില്‍ ഉള്‍പ്പെട്ടവരാണ്. വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയ 24 പേരാണ് 18 കുടുംബങ്ങളിലായി നിരീക്ഷണത്തിലുള്ളത്. ഗ്രാമപഞ്ചായത്ത് ഭക്ഷണവും അവശ്യസാധനങ്ങളും നിരീക്ഷണത്തിലുള്ളവരുടെ ആവശ്യപ്രകാരം എത്തിച്ചു നല്‍കുന്നു. ഇന്നലെ (മാര്‍ച്ച് 18) നിരീക്ഷണത്തില്‍ കഴിയുന്ന 15 കുടുംബങ്ങള്‍ക്ക് അവശ്യസാധനങ്ങള്‍ എത്തിച്ചു നല്‍കി.
റാന്നി ഗ്രാമപഞ്ചായത്ത്
കൊറോണ മുന്‍കരുതലിന്റെ ഭാഗമായി റാന്നി ഗ്രാമപഞ്ചായത്തില്‍ 37 പേരാണ് വീടുകളില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 9 പേര്‍ പ്രൈമറി ലിസ്റ്റില്‍ ഉള്‍പ്പെട്ടവരാണ്. ഭക്ഷണസാധനങ്ങള്‍ അടങ്ങിയ കിറ്റാണ് പ്രധാനമായും നിരീക്ഷണത്തിലുള്ളവര്‍ക്ക് എത്തിച്ചു കൊടുക്കുന്നത്. ആവശ്യപ്പെട്ടതനുസരിച്ച് ഇന്നലെ (മാര്‍ച്ച് 18) പത്ത് കുടുംബങ്ങള്‍ക്ക് കിറ്റ് വിതരണം ചെയ്തു. വാര്‍ഡ് തലത്തില്‍  മീറ്റിംഗുകള്‍ നടത്തി പ്രതിരോധപ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടത്തിവരുന്നു.
റാന്നി- പെരുന്നാട് ഗ്രാമപഞ്ചായത്ത്
  അഞ്ചു കുടുംബങ്ങളിലായി 27 കുടുംബങ്ങളാണു ഗ്രാമപഞ്ചായത്തില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതില്‍ ഒമ്പതുപേര്‍ പ്രൈമറി കോണ്‍ടാക്ടും 18 പേര്‍ സെക്കഡറി കോണ്‍ടാക്ടുമാണ്. നിലവില്‍ മൂന്നു കുടുംബങ്ങളാണ് അവശ്യ സാധനങ്ങള്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ഈ കുടുംബങ്ങള്‍ക്ക് ഭക്ഷണസാധനങ്ങളും കുടിവെള്ളം തുടങ്ങിയവ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ എത്തിച്ചു നല്‍കുന്നതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീനാ സജി പറഞ്ഞു.
വടശേരിക്കര ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്തില്‍ 99 പേരാണ് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. ഭക്ഷണം അവശ്യമായമായവര്‍ക്ക് വീടുകളില്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ എത്തിച്ചു നല്‍കുന്നു. നിരീക്ഷണത്തില്‍ ഉള്ളവര്‍ താമസിക്കുന്നിടങ്ങളില്‍ കുടിവെള്ള വിതരണം ഉറപ്പാക്കിയിട്ടുണ്ട്.ചിറ്റാര്‍ ഗ്രാമപഞ്ചായത്ത്
കൊറോണ മുന്‍കരുതലിന്റെ ഭാഗമായി നിരീക്ഷണത്തിലുള്ളവര്‍ക്ക് ചിറ്റാര്‍ ഗ്രാമപഞ്ചായത്ത് അവശ്യ സാധനങ്ങള്‍ ആവശ്യപ്പെടുന്നത് അനുസരിച്ച് എത്തിച്ചു നല്‍കുന്നു. വീടുകളില്‍ നിരീക്ഷണത്തിലുള്ള മൂന്നു  കുടുംബങ്ങളാണു ഭക്ഷണ സാധനങ്ങള്‍ വേണമെന്ന് അറിയിച്ചത്. ഇവര്‍ക്ക് ഇവ എത്തിച്ചു നല്‍കി. പഞ്ചായത്തില്‍ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയ 64 പേരാണ് ഇപ്പോള്‍ വീടുകളില്‍ 14 ദിവസത്തേക്കു നിരീക്ഷണത്തില്‍ കഴിയുന്നത്.
നാറാണംമൂഴി ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്തില്‍ 16 പേരാണു വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. നിരീക്ഷണത്തിലിരിക്കുന്നവരുടെ അവശ്യാനുസരണം  ഗ്രാമപഞ്ചായത്ത് വേണ്ട സേവനങ്ങള്‍ ലഭ്യമാക്കുന്നതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മോഹന്‍രാജ് ജേക്കബ് പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments