“യുഎസിൽ കുഞ്ഞുങ്ങളുണ്ടാകാഞ്ഞതിനെ തുടർന്ന് ചികിത്സയ്ക്കെത്തിയ ദമ്പതികൾ പരിശോധനയിൽ സഹോദരങ്ങളാണെന്ന സത്യം തിരിച്ചറിഞ്ഞു” : വ്യാജ വാർത്ത
മിസിസിപ്പി ഹെറാൾഡ് എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച വ്യാജ വാർത്ത മലയാളത്തിലെ പ്രമുഖ മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നു. 2016 നവംബറിൽ രജിസ്റ്റർ ചെയ്ത ഈ വെബ്സൈറ്റിന്റെ ഉടമസ്ഥർ ആരാണെന്നു വ്യക്തമല്ല. മിസിസിപ്പി ഹെറാൾഡ് എന്ന വെബ്സൈറ്റിൽ 2017 april 13 നു പ്രസിദ്ധീകരിച്ച വ്യാജ വാർത്തയാണ് ഇന്നു പ്രമുഖ മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്. വ്യാജ വാർത്ത ചുവടെ ചേർക്കുന്നു
“കുട്ടികളില്ലാത്തതിന് ചികിത്സ തേടിയെത്തിയ യുവ ദമ്പതികളെ കാത്തിരുന്നത് ഞെട്ടിക്കുന്ന സത്യം. വര്‍ഷങ്ങളായി കുട്ടികളില്ലാത്തതിന് ചികിത്സ തേടിയെത്തിയ ദമ്പതികള്‍ ഒടുവില്‍ തിരിച്ചറിഞ്ഞു തങ്ങള്‍ സഹോദരനും സഹോദരിയുമാണെന്ന്. കുട്ടികളുണ്ടാകുന്നതിനുള്ള ഐവിഎഫ് ചികിത്സയുടെ ഭാഗമായി നടത്തിയ ഡിഎന്‍എ പരിശോധനയിലാണ് ദമ്പതികള്‍ ആ ഞെട്ടിക്കുന്ന സത്യം തിരിച്ചറിഞ്ഞത്.
മിസിസിപ്പിയിലെ ഒരു ലാബില്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. രണ്ട് പേരുടെയും ഡിഎന്‍എ സാമ്പിളിലെ സാമ്യതയില്‍ സംശയം തോന്നിയാണ് ലാബ് അധികൃതര്‍ കൂടുതല്‍ പരിശോധന നടത്തിയത്. ആദ്യം ദമ്പതികള്‍ തമ്മില്‍ ഫസ്റ്റ് കസിന്‍ ബന്ധമാണെന്ന് ലാബ് അധികൃതര്‍ കരുതി. നേരത്തെ അപ്രകാരം സംഭവിച്ചിട്ടുണ്ട്. എന്നാല്‍ ഒരമ്മയുടെ വയറ്റില്‍ പിറന്ന സഹോദരനും സഹോദരിയുമാണ് ഈ ദമ്പതികളെന്ന് വിശദമായ പരിശോധനയിലാണ് തിരിച്ചറിഞ്ഞത്.
1984ല്‍ ജനിച്ച ഇരുവരും ഇരട്ട സഹോദരങ്ങളായിരുന്നു. മാതാപിതാക്കള്‍ മരിച്ചതിന് ശേഷം ഇരുവരെയും ഓരോ ദമ്പതികള്‍ ദത്തെടുക്കുകയായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം പഠനകാലത്ത് കണ്ടുമുട്ടിയ സഹോദരനും സഹോദരിയും പ്രണയത്തിലായി. ബന്ധമൊന്നും അറിയാതെ ഇരുവരും വിവാഹിതരാകുകയും ചെയ്തു. ദമ്പതികളുടെ മുഖഛായയിലെ സാമ്യത്തെക്കുറിച്ച് നേരത്തെ പലരും പറഞ്ഞിട്ടുണ്ട്.
തങ്ങള്‍ ഒരു വയറ്റില്‍ പിറന്ന സഹോദരങ്ങളാണെന്ന സത്യം അംഗീകരിക്കാന്‍ ഇരുവര്‍ക്കും ആദ്യം വൈമനസ്യം തോന്നി. ഡോക്ടര്‍ ഇക്കാര്യം പറഞ്ഞപ്പോള്‍ പൊട്ടിച്ചിരിയായിരുന്നു ഇവരുടെ പ്രതികരണം. ഡോക്ടര്‍ തമാശ പറയുകയാണെന്നാണ് കരുതിയത്. ഒടുവില്‍ വിഷമത്തോടെയാണെങ്കിലും അവര്‍ ആ സത്യം തിരിച്ചറിഞ്ഞു.”
ഇതു കെട്ടുകഥയാണെന്ന് ഫോക്സ് ന്യൂസും സൺ ഓൺലൈൻ ന്യൂസും അന്വേഷിച്ചു കണ്ടുപിടിച്ചിട്ടുണ്ട്.