Wednesday, December 11, 2024
HomeInternationalഇന്ത്യ- പാക്ക് ബന്ധം വീണ്ടും അനിശ്ചിതത്വത്തിലേക്ക്

ഇന്ത്യ- പാക്ക് ബന്ധം വീണ്ടും അനിശ്ചിതത്വത്തിലേക്ക്

ഇന്ത്യ- പാക്ക് ബന്ധം വീണ്ടും അനിശ്ചിതത്വത്തിലേക്ക്. മോദി സര്‍ക്കാര്‍ അധികാരമേറ്റെടുത്ത ഉടന്‍ അയല്‍ രാജ്യങ്ങളുമായുള്ള ബന്ധത്തിന് ഏറെ പ്രാമുഖ്യം നല്‍കിയിരുന്നു. എന്നാല്‍ ഇതില്‍ പാക്കിസ്ഥാനില്‍ നിന്നും ഇതുവരെ അനുകൂലമായ യാതാരു നടപടിയും ഉണ്ടായില്ല.

ഏറ്റവും ഒടുവിലായി ഇന്ത്യന്‍ ചാരനെന്നാരോപിച്ച് മുന്‍ നാവിക സേനാ ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിന് വധശിക്ഷ വിധിച്ചതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഏറ്റവും മോശമായ അവസ്ഥയിലെത്തി. ബലൂചിസ്ഥാനില്‍ ഇയാള്‍ ചാരപ്രവര്‍ത്തനം നടത്തിയെന്നാണ് പാക്കിസ്ഥാന്‍ ആരോപിക്കുന്നത്. അതേസമയം ഇന്ത്യയില്‍ ഇതിനെതിരെ കക്ഷിരാഷ്ട്രീയ ഭേദമന്യ എല്ലാവരും രൂക്ഷമായാണ് പ്രതികരിച്ചത്.

ജാദവിന്റെ ജീവന്‍ രക്ഷിക്കാനാവശ്യമായ എല്ലാ നടപടികളും രാജ്യം സ്വീകരിക്കുമെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഉറപ്പ് നല്‍കുകയും ചെയ്തു. എല്ലാ അന്താരാഷ്ട്ര നിയമങ്ങളെയും ബന്ധിപ്പിച്ചുകൊണ്ടാണ് ഇന്ത്യന്‍ ചാരനെന്നാരോപിച്ച് ജാദവിനെതിരെ വധശിക്ഷ വിധിച്ചത്. അതേസമയം നിരവധി പാക്ക് ചാരന്മാരെ ഭാരതത്തില്‍ നിന്നും പിടികൂടിയെങ്കിലും അവരെ വിട്ടയക്കുവാനുള്ള ധാര്‍മ്മിക നിലപാടാണ് ഇന്ത്യ സ്വീകരിച്ചത്.

ഭാരത്തിലേത് തെരഞ്ഞെടുക്കപ്പെട്ട ജനാധിപത്യ സംവിധാനമാണെങ്കില്‍ പാക്കിസ്ഥാനില്‍ അതല്ല. ഇന്ത്യ-പാക്ക് ബന്ധം ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹരിക്കാനാണ് ഭാരതം എല്ലായ്പ്പോഴും ആഗ്രഹിച്ചിട്ടുള്ളത്. ഇതില്‍ അമേരിക്കയെയോ മറ്റെതെങ്കിലും രാജ്യത്തെയോ ഉള്‍പ്പെടുത്തുവാന്‍ ഇന്ത്യ ആഗ്രഹിച്ചിട്ടില്ല. എന്നാല്‍ പാക്കിസ്ഥാന്റെ നിലപാട് ഇതില്‍ നിന്നും വ്യത്യസ്ഥമാണ്.

ജനാധിപത്യ സംവിധാനത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിനു മേല്‍ അധീശത്വം അടിച്ചേല്‍പ്പിക്കുവാനാണ് പാക്കിസ്ഥാന്‍ ശ്രമിക്കുന്നത്. ഇതില്‍ സൈനികമേധാവിത്വത്തിന്റെ ശക്തിയും തള്ളിക്കളയാനാകില്ല. സ്വേച്ഛാധിപത്യശക്തികള്‍ക്കെതിരെ എന്നും കടുത്ത നിലപാട് സ്വീകരിച്ച രാജ്യമാണ് ഇന്ത്യ. ഇതിന്റെ ഭാഗമായാണ് പാക്കിസ്ഥാനുമായുള്ള എല്ലാവിധ ചര്‍ച്ചകളും ഇന്ത്യ നിര്‍ത്തിവെച്ചത്. സമുദ്രസുരക്ഷാപദ്ധതി, ജലവിഭവ സെക്രട്ടറി ചര്‍ച്ച ഭാരതം റദ്ദാക്കുകയുണ്ടായി. ചര്‍ച്ച എപ്പോള്‍ നടക്കുമെന്നു പോലും ഇന്ത്യ വ്യക്തമാക്കിയില്ല.

കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷയ്ക്കെതിരെ അപ്പീല്‍ നല്‍കുവാന്‍ ശ്രമിക്കുന്നതിനിടെയാണ് ചര്‍ച്ച നിര്‍ത്തിവെച്ചത്. ഇന്ത്യയുടെ സുതാര്യമായ നിലപാടുകളെ എന്നും വിമര്‍ശിക്കുവാനാണ് പാക്കിസ്ഥാന്‍ താല്പര്യപ്പെട്ടിട്ടുള്ളത്. ഇന്ത്യ- അമേരിക്കയുമായും റഷ്യയുമായും കൂടുതല്‍ അടുക്കുന്നുവെന്ന ധാരണ ശക്തിപ്പെട്ടതോടെയാണ് പാക്കിസ്ഥാന്‍ അവരുടെ നിലപാടുകള്‍ കര്‍ക്കശമാക്കിയത്. അതേസമയം മോദി സര്‍ക്കാരാകട്ടെ സംയമന മനോഭാവം സ്വീകരിക്കുകയാണ്.

പ്രതിപക്ഷത്തിന്റെയോ മറ്റേതെങ്കിലും രാജ്യത്തിന്റെയോ സമ്മര്‍ദ്ദത്തിന് അടിമപ്പെട്ടുള്ള നയമല്ല സ്വീകരിച്ചിട്ടുള്ളത്. ഏഷ്യന്‍ മേഖലയില്‍ എന്നും സമാധാനം കൈവരിക്കണമെന്നാഗ്രഹമുള്ള രാജ്യമാണ് ഇന്ത്യ. അമേരിക്കയുടെയോ, മറ്റേതെങ്കിലും രാജ്യങ്ങളുടെയോ സമ്മര്‍ദ്ദത്തിന് കീഴടങ്ങുകയോ ഉണ്ടായിട്ടില്ല. പാക്കിസ്ഥാനെതിരെ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടുകള്‍ക്കൊപ്പം നില്‍ക്കാനുള്ള ആര്‍ജവമാണ് പ്രതിപക്ഷം കാണിക്കേണ്ടത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments