പിഡിപി ഇടത് മുന്നണിയില്‍ ചേക്കേറാന്‍ ഒരുങ്ങുന്നു

pdp janathadal

രാഷ്ട്രീയ നിലനില്‍പ്പ് ഇല്ലാതായ അബ്ദുള്‍നാസര്‍ മദനിയുടെ പിഡിപി ഇടത് മുന്നണിയില്‍ ചേക്കേറാന്‍ ഒരുങ്ങുന്നു. ഇതിന് ജനതാദള്‍ എസില്‍ ലയിക്കാനാണ് പരിപാടി. ജനതാദള്‍ (എസ്) ദേശീയ നേതൃത്വം ലയനത്തിന് പച്ചക്കൊടി കാണിച്ചെങ്കിലും സംസ്ഥാന നേതൃത്വം വഴിങ്ങിയിട്ടില്ല.

ദള്‍ ദേശീയ അദ്ധ്യക്ഷന്‍ ദേവഗൗഡയുമായി ലയനം സംബന്ധിച്ച് ബെംഗളൂരുവില്‍ മദനി ചര്‍ച്ച നടത്തി. കേരളത്തില്‍ നിന്നുള്ള ദേശീയ ജനറല്‍ സെക്രട്ടറി നീലലോഹിതദാസന്‍ നാടാര്‍ ലയനത്തിന് അനുകൂലമാണ്. മദനി – ഗൗഡ ചര്‍ച്ചയുടെ ഭാഗമായാണ് കഴിഞ്ഞ ദിവസം പിഡിപി കൊച്ചിയില്‍ സംഘടിപ്പിച്ച ഫാസിസ്റ്റ് വിരുദ്ധ റാലി ഉദ്ഘാടനം ചെയ്യാന്‍ ദേവഗൗഡ എത്തിയത്. പിഡിപിയുമായി രഹസ്യ ധാരണയുള്ള സിപിഎമ്മിന് ഇടത് മുന്നണിയിലെ ഏതെങ്കിലും ഘടക കക്ഷിയില്‍ പിഡിപി ലയിക്കുന്നതിനോട് പൂര്‍ണ്ണ യോജിപ്പാണ്. സിപിഎമ്മിന്റെ ഒത്താശയോടെയാണ് പിഡിപി ജനതാദള്‍ എസില്‍ ലയിക്കാന്‍ ഒരുങ്ങുന്നത്.

ജനതാദള്‍ എസ് കര്‍ണ്ണാടക സംസ്ഥാന ജനറല്‍ സെക്രട്ടറി ഫറൂഖ് മുഖേനയാണ് ലയനത്തിനുള്ള ചര്‍ച്ചകള്‍ നടത്തിയത്. മദനിയെ ദേശീയ നേതൃത്വത്തിലേക്കും സംസ്ഥാന നേതാക്കളെ ദള്‍ സംസ്ഥാന നേതൃത്വത്തിലും ഉള്‍പ്പെടുത്താനാണ് തിരുമാനം. എന്നാല്‍ മദനിയുടെ അസാന്നിധ്യത്തില്‍ പിഡിപിയെ നയിക്കുന്ന പൂന്തുറ സിറാജിന് ലയനത്തോട് വിമുഖതയാണ്.
കര്‍ണ്ണാടകത്തിലെ മുസ്ലിം വിഭാഗങ്ങളെ പാര്‍ട്ടിക്കൊപ്പം നിര്‍ത്താന്‍ ഗൗഡയും കുമാരസ്വാമിയും നേരത്തെ തന്നെ നീക്കം തുടങ്ങിയിരുന്നു.

തീവ്രവാദ സംഘടനയായ പിഡിപി സംഘടിപ്പിച്ച പരിപാടിയില്‍ ദേവഗൗഡ പങ്കെടുത്തതില്‍ സംസ്ഥാന നേതൃത്വത്തില്‍ എതിര്‍പ്പ് ഉയര്‍ന്നിട്ടുണ്ട്. സംസ്ഥാന പ്രസിഡന്റ് കെ.കൃഷ്ണന്‍കുട്ടി, മന്ത്രി മാത്യു ടി. തോമസ് തുടങ്ങിയ നേതാക്കള്‍ പിഡിപി ലയനത്തെ അനുകൂലിക്കുന്നില്ല. 21ന് തിരുവനന്തപുരത്ത് ചേരുന്ന സംസ്ഥാന സമിതി യോഗത്തില്‍ ലയനം ചര്‍ച്ചയാകും.