ശ്രീശാന്തിനെതിരായ ആജീവനാന്ത വിലക്ക് നീക്കില്ലെന്ന് ബി.സി.സി.ഐ

sreesanth

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിനെതിരായ ആജീവനാന്ത വിലക്ക് നീക്കില്ലെന്ന് ബി.സി.സി.ഐ കേരള ഹൈകോടതിയിൽ. സ്കോട്ട്ലൻ‍ഡ് പ്രീമിയർ ലീഗിൽ കളിക്കുന്നതിന് ബി.സി.സി.ഐ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് സമർപിച്ച ഹരജിയിലാണ് ക്രിക്കറ്റ് ബോർഡ് മറുപടി നൽകിയത്. ബി.സി.സി.ഐ സി.ഇ.ഒ രാഹുല്‍ ജോഹ്‌രിയാണ് നിലപാട് വ്യക്തമാക്കിയത്.

മുൻഭരണസമിതി കൈകൊണ്ട തീരുമാനത്തിൽ മാറ്റം വരുത്തിയിട്ടില്ലെന്ന് ബി.സി.സി.ഐ കോടതിയിൽ വ്യക്തമാക്കി. കേരള ക്രിക്കറ്റ് അസോസിയേഷന്‍ മുന്‍ പ്രസിഡന്റും ബി.സി.സി.ഐ ഭാരവാഹിയുമായ ടി.സി മാത്യുവും കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികളും പങ്കെടുത്ത യോഗത്തിലാണ് വിലക്ക് നീക്കേണ്ടെന്ന തീരുമാനം ബി.സി.സി.ഐ കൈകൊണ്ടത്. ഇതുമായി ബന്ധപ്പെട്ട് രാഹുല്‍ ജോഹ്‌രി ശ്രീശാന്തിന് ഔദ്യോഗികമായി കത്തയക്കുകയും ചെയ്തു.ശ്രീശാന്തിനെതിരായ നിലപാടിൽ മാറ്റത്തിനില്ലെന്ന് വ്യക്തമാക്കുന്നതാണ് ക്രിക്കറ്റ് ബോർഡിൻെറ മറുപടി.

വിദേശത്ത് കളിക്കുന്നതിനായി വിലക്ക് നീക്കണം എന്നാവശ്യപ്പെട്ട് നേരത്തേ ശ്രീശാന്ത് സമർപിച്ച അപേക്ഷകൾ തള്ളിയതോടെയാണ് ശ്രീശാന്ത് ബി.സി.സി.ഐക്കെതിരെ നിയമപോരാട്ടത്തിനെത്തിയത്. ഒത്തുകളി വിവാദത്തിെൻറ പേരിലുണ്ടായിരുന്ന കേസിൽ കോടതി കുറ്റവിമുക്തനാക്കിയിട്ടും വിലക്ക് നീക്കാത്തത് ഭരണഘടന അവകാശങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി. ഒത്തുകളിയുമായി ബന്ധപ്പെട്ട് മുംബൈയിൽനിന്ന് 2013 മേയ് 16ന് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തതിനെ തുടർന്ന് ബി.സി.സി.ഐ തന്നെ ടീമിൽനിന്ന് സസ്പെൻഡ് ചെയ്യുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തതായി ഹരജിയിൽ പറയുന്നു.

ബി.സി.സി.ഐ പ്രസിഡൻറിെൻറ നേതൃത്വത്തിൽ നടന്ന അന്വേഷണത്തെ തുടർന്ന് തെൻറ വിശദീകരണം കേൾക്കാതെ 2013 ജൂണിൽ പ്രാഥമിക റിപ്പോർട്ട് നൽകി. പിന്നീട് വിശദീകരണം എഴുതി വാങ്ങിയെങ്കിലും ഇത് പരിഗണിക്കാതെ ജൂലൈയിൽ സപ്ലിമെൻററി റിപ്പോർട്ടും നൽകി. തുടർന്ന് ബോർഡ് നൽകിയ കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകി. പിന്നീട് ബി.സി.സി.ഐ അച്ചടക്ക സമിതിയുടെ ചോദ്യം ചെയ്യലിനും ശേഷമാണ് ആജീവനാന്ത വിലക്കുണ്ടായത്.കോടതി കുറ്റവിമുക്തനാക്കിയിട്ടും വിലക്ക് പിൻവലിക്കാത്തത് ഭരണഘടന നൽകുന്ന അവകാശങ്ങളുടെ ലംഘനവും നിയമ വിരുദ്ധവുമാണ്. ഈ സാഹചര്യത്തിൽ ആജീവനാന്ത വിലക്ക് പിൻവലിക്കണമെന്നും അതിലേക്ക് നയിച്ച റിപ്പോർട്ട് റദ്ദാക്കണമെന്നുമാണ് ആവശ്യം.