വിവാദ ഇന്ത്യന്‍ വ്യവസായി വിജയ് മല്ല്യ ലണ്ടനില്‍ അറസ്റ്റില്‍. ഇന്ത്യയില്‍ തട്ടിപ്പ് നടത്തി ലണ്ടനിലേക്ക് മുങ്ങിയ മല്യയെ സ്കോര്‍ട്ട് ലണ്ട് യാര്‍ഡ് ആണ് അറസ്റ്റ് ചെയ്തത്. എസ്.ബി.ഐ ഉള്‍പ്പെടെ ഇന്ത്യയിലെ വിവിധ ബാങ്കുകളില്‍ നിന്ന് 9000 കോടി രൂപ വായ്പ എടുത്ത് തിരിച്ചടയ്ക്കാതെ പിടികൂടപ്പെടുമെന്ന ഘട്ടമെത്തിയതോടെ മല്യ ലണ്ടനിലേക്ക് മുങ്ങുകയായിരുന്നു. ദുരൂഹമായ മല്യയുടെ മുങ്ങല്‍ ഇന്ത്യയില്‍ വിവാദം നിറച്ചു കൊണ്ടിരിക്കെയാണ് മല്യ ലണ്ടനില്‍ സ്കോര്‍ട്ട് ലണ്ട് യാര്‍ഡിന്റെ പിടിയില്‍ ആകുന്നത്. വിജയ് മല്യക്കെതിരെ ഡല്‍ഹി കോടതിയടക്കം രാജ്യത്തെ വിവിധ കോടതികളും ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. മുംബൈയിലെ കോടതി യുബി ഗ്രൂപ്പ് ചെയര്‍മാനായ വിജയ് മല്യയെ പിടികിട്ടാപ്പുള്ളിയായും പ്രഖ്യാപിച്ചിരുന്നു. സ്കോര്‍ട്ട്ലണ്ട് യാര്‍ഡ് മല്ല്യയെ അറസ്റ്റ് ചെയ്തു മെട്രോപൊളിറ്റന്‍ കോടതിയില്‍ ഹാജരാക്കി. അറസ്റ്റ് ചെയ്ത് മൂന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ മല്യക്ക് ജാമ്യം ലഭികുകയും ചെയ്തു.
എന്നാല്‍, അറസ്റ്റ് ഉണ്ടായിട്ടില്ലെന്നാണ് വിജയ് മല്യയുടെ പ്രതികരണം. നാടുകടത്തല്‍ വാദം ഇന്ന് കോടതിയില്‍ തുടങ്ങിയെന്നും അതിനായാണ് ഹാജരായതെന്നും വിജയ് മല്യ ട്വിറ്ററില്‍ കുറിച്ചു. മറ്റു വ്യാഖ്യാനങ്ങള്‍ മാധ്യമസൃഷ്ടിയാണ്. തന്നെ ഇന്ത്യയ്ക്കു വിട്ടുനല്‍കണമെന്ന അപേക്ഷയില്‍ ഇന്നുമുതല്‍ നടപടിക്രമങ്ങള്‍ ആരംഭിക്കുമെന്നു പ്രതീക്ഷിച്ചിരുന്നതായി മുന്‍പ് മല്യ പ്രതികരിച്ചിരുന്നു.
മല്യ രാജ്യം വിടാന്‍ ഇടയാക്കിയതില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. കരുതിക്കൂട്ടി കുടിശ്ശികവരുത്തിയ ബിസിനസുകാരനായി മല്യയെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും മറ്റും പ്രഖ്യാപിച്ചിരുന്നു. എന്നിട്ടും മല്യയെ വിദേശത്തേക്ക് കടക്കാന്‍ അനുവദിച്ചു. എല്ലാ വിമാനത്താവളങ്ങളിലും സിബിഐ ലുക്ഔട്ട് നോട്ടീസ് നല്‍കിയിരിക്കുമ്പോഴായിരുന്നു ഇത്.
ഏറ്റവുംവലിയ മദ്യകമ്പനിയായ യുനൈറ്റഡ് ബ്രിവറീസിന്റെ ഉടമയായിരുന്നു മല്യ. ഈ കമ്പനി പിന്നീട് ഒരു ബഹുരാഷ്ട്രകുത്തകയ്ക്ക് കൈമാറി. കിങ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ തുടക്കവും പത്തുവര്‍ഷത്തിനുശേഷം അത് അടച്ചിടേണ്ടിവന്നതുമാണ് മല്യയുടെ തകര്‍ച്ചയ്ക്ക് തുടക്കമിട്ടത്.
9000 കോടിയുടെ വായ്പയെടുത്ത് രാജ്യത്തെ ബാങ്കുകളെ വെട്ടിച്ച് നാടുവിട്ട വിജയ് മല്യയെ ഇന്ത്യക്ക് കൈമാറാമെന്ന് ബ്രിട്ടീഷ് സര്‍ക്കാരിന്റെ ഉറപ്പ് നേരത്തെ കിട്ടിയിരുന്നു. എക്‌സ്റ്റ്രാഡിഷനുള്ള ഇന്ത്യയുടെ അപേക്ഷ ബ്രിട്ടീഷ് ഗവണ്‍മെന്റ് രേഖാമൂലം അംഗീകരിച്ചതായി വിദേശകാര്യ മന്ത്രാലയവും കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു.
ഫെബ്രുവരിയില്‍ മല്യയെ നാടുകടത്തണമെന്ന ഇന്ത്യയുടെ അപേക്ഷ യുകെ ഗവണ്‍മെന്റിന്റ് സ്റ്റേറ്റ് സെക്രട്ടറിയുടെ പരിശോധനക്ക് വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയുടെ ആവശ്യം അംഗീകരിച്ചുള്ള ബ്രിട്ടന്റെ നീക്കം. നേരത്തെ മല്യയെ നാടുകടത്താനാവില്ലെന്ന നിലപാടായിരുന്നു ബ്രിട്ടീഷ് സര്‍ക്കാര്‍ സ്വീകരിച്ചിരുന്നത്.