കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഐസൊലേഷന്‍ കേന്ദ്രത്തിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനായി റാന്നി സെന്റ് തോമസ് കോളജ് കെട്ടിടം ഏറ്റെടുത്തു. രാജു ഏബ്രഹാം എംഎല്‍എയുടെ സാന്നിധ്യത്തില്‍ സമ്മതപത്രം കോളജ് മാനേജര്‍ ഡോ. ഏബ്രഹാം വി. കുര്യാക്കോസ് ജില്ലാ കളക്ടര്‍ പി.ബി. നൂഹിനു കൈമാറി. രാജു എബ്രഹാം എംഎല്‍എ, ക്‌നാനായ റാന്നി മേഖല മെത്രാപ്പോലീത്ത കുര്യാക്കോസ് മാര്‍ ഇവാനിയോസും കോളജ് മാനേജ്മെന്റുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് കോളജ് കെട്ടിടം ഐസൊലേഷന്‍ കേന്ദ്രത്തിനായി നല്‍കിയത്.
ജില്ലാ ഭരണകൂടത്തിന്റെ മികച്ച പ്രവര്‍ത്തനങ്ങളെയും കോവിഡ് ബാധ കണ്ടെത്തിയ ഡോക്ടര്‍മാരെയും കെട്ടിടം ഐസൊലേഷന് വിട്ടുനല്‍കിയ കോളജ് അധികൃതരെയും രാജു ഏബ്രഹാം എംഎല്‍എ അഭിനന്ദിച്ചു. എംഎല്‍എമാര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും സമൂഹവും ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചതിനാലാണ് ജില്ലയിലെ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിജയിപ്പിക്കാന്‍ കഴിഞ്ഞതെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് പറഞ്ഞു.
കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് എന്ത് സഹായവും നല്‍കുമെന്ന് കുര്യാക്കോസ് മാര്‍ ഇവാനിയോസ് മെത്രാപ്പോലീത്തയും കോളജ് മാനേജര്‍ ഡോ.എബ്രഹാം വി.കുര്യാക്കോസും പറഞ്ഞു.
കോളജ് സെക്രട്ടറി അഡ്വ.ലിറ്റി കല്ലംപറമ്പില്‍, ട്രഷറര്‍ എം.സി.എബ്രഹാം മുരിക്കാലിപ്പുഴ, പ്രസാദ് സ്റ്റീഫന്‍, ജേക്കബ് സാം, റ്റി.റ്റി.എബ്രഹാം, പ്രൊഫ.സാബു ജോണ്‍, പ്രിന്‍സിപ്പല്‍ ഡോ.ഏലിയാമ്മ കുരുവിള, റാന്നി തഹസില്‍ദാര്‍ സാജന്‍ വി.കുര്യാക്കോസ്, ഡെപ്യൂട്ടി തഹസീല്‍ദാര്‍ അജികുമാര്‍, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.എം.എം.ശംഭു, ആര്‍എംഒ വി.ആര്‍.വൈശാഖ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.