അപ്രത്യക്ഷമായ വിമാനം മാനസിക പ്രശ്നമുള്ള സമുദ്രത്തില്‍ ഇടിച്ചിറക്കിയെന്ന് കണ്ടെത്തൽ

plane

അപ്രത്യക്ഷമായ മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനം എം.എച്ച്‌ 370-ന് എന്തു സംഭവിച്ചു എന്നത് ഇപ്പോഴും അവ്യക്തമായി തുടരുകയാണ്. വിമാനത്തിന്റെ തിരോധാനത്തിനു പിന്നിലെ കാരണം തേടി നിരവധി അന്വേഷണങ്ങളും പഠനങ്ങളും ഇതിനോടകം നടന്നുകഴിഞ്ഞു. വിമാനത്തിന്‍റെ പൈലറ്റിന് മാനസിക പ്രശ്നമുണ്ടായിരുന്നെന്നും അതാണ് അപകടത്തിലേയ്ക്ക് നയിച്ചതെന്നുമാണ് പുതിയ പഠനം പറയുന്നത്. അസാധാരണമായ രീതിയില്‍, 40,000 അടി ഉയരത്തില്‍ വിമാനം പറത്തുകയും യാത്രക്കാരെല്ലാം കൊല്ലപ്പെട്ട ശേഷം വിമാനം സമുദ്രത്തില്‍ ഇടിച്ചിറക്കുകയുമായിരുന്നെന്നാണ് കണ്ടെത്തല്‍.

വ്യോമയാന വിദഗ്ധനും എഴുത്തുകാരനുമായ വില്യം ലാങ്‌വിഷെയാണ് മലേഷ്യന്‍ വിമാനം അപ്രത്യക്ഷമായതിനു പിന്നിലെ ദൂരൂഹതയുടെ ചുരുളഴിക്കുന്ന പുതിയപഠനം നടത്തിയത്. വിമാനം കാണാതായദിവസം സംഭവിച്ച കാര്യങ്ങളെക്കുറിച്ച്‌ മലേഷ്യന്‍ അധികൃതര്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ അറിയാമെന്നാണ് അമേരിക്കന്‍ മാസികയായ ‘ദ അറ്റ്‌ലാന്റിക്കി’ല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ വില്യം ലാങ്‌വിഷെ പറയുന്നത്.

2014- മാര്‍ച്ച്‌ എട്ടിനാണ് ക്വലാലംപുരില്‍നിന്ന് 239 യാത്രക്കാരുമായി ബെയ്ജിങ്ങിലേയ്ക്ക് പുറപ്പട്ട മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ ബോയിങ് 777 വിമാനം അപ്രത്യക്ഷമായത്. കാണാതായ ദിവസം പുലര്‍ച്ചെ 1.10നും 1.21നും ഇടയിലാണ് അവസാനമായി വിമാനം റഡാറില്‍ ദൃശ്യമായത്. വിമാനം ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ തെക്കുഭാഗത്ത് തകര്‍ന്നുവീണിരിക്കാമെന്ന നിഗമനത്തിലാണ് ഏറ്റവും ഒടുവില്‍ വിദഗ്ധരെല്ലാം എത്തിച്ചേര്‍ന്നത്.

വിമാനത്തിന്റെ പൈലറ്റ് മനഃപൂര്‍വം വിമാനം സമുദ്രത്തില്‍ ഇടിച്ചിറക്കി തകര്‍ക്കുകയായിരുന്നെന്നാണ് പുതിയ പഠനം നടത്തിയ വില്യം ലാങ്‌വിഷെ പറയുന്നത്. മുഖ്യ പൈലറ്റായിരുന്ന സഹെയ്‌റി അഹമ്മദിന് ചില മാനസിക പ്രശ്‌നങ്ങളുണ്ടായിരുന്നെന്നാണ് അതിന് കാരണമായി അദ്ദേഹം പറയുന്നത്. അതിനായി സാഹചര്യത്തെളിവുകളും വിമാനത്തിന്റെ തിരോധാനത്തെക്കുറിച്ചുള്ള വിവിധ പഠന റിപ്പോര്‍ട്ടുകളും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

ബെയ്ജിങ്ങിലേയ്ക്കുള്ള യാത്രയ്ക്കിടയില്‍ വിമാനം അസാധാരണമായ വിധത്തില്‍ ഉയരത്തില്‍ പറന്നതായാണ് സൂചന. 40,000 അടി ഉയരത്തില്‍ വിമാനം പറത്തുകയും വിമാനത്തിനുള്ളിലെ മര്‍ദ്ദം കുറയുകയും ചെയ്തതോടെ അബോധാവസ്ഥയിലേയ്ക്ക് പോകുകയും വൈകാതെ മരിക്കുകയുമായിരുന്നു. അമിതമായി ഉയരത്തിലെത്തിയതോടെ അന്തരീക്ഷ മര്‍ദ്ദം വളരെയേറെ താഴ്ന്നതും ഓക്സിജന്‍റെ ലഭ്യതക്കുറവുമായിരിക്കാംമരണത്തിനിടയാക്കിയത്. തുടര്‍ന്ന് വിമാനം മണിക്കൂറുകളോളം പറക്കുകയും ഒടുവില്‍ ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ തെക്കന്‍ മേഖലയില്‍ ഇടിച്ചിറക്കുകയുമായിരുന്നു.

വിമാനം ബെയ്ജിങ്ങിലെത്തേണ്ടതിന് ഏതാനും മിനിറ്റുകള്‍ മുന്‍പാണ് അപ്രത്യക്ഷമായത്. ഇടയ്‌ക്കെവിടെയോ വെച്ച്‌ യഥാര്‍ഥത്തില്‍പറക്കേണ്ടതിന് എതിര്‍ ദിശയിലേയ്ക്ക് വിമാനം തിരിഞ്ഞതായാണ് കരുതുന്നത്. അങ്ങനെയാണ് ഇന്ത്യന്‍ മഹാസമുദ്രത്തിലേയ്ക്ക് വിമാനം എത്തിപ്പെട്ടത്. അവസാനമായിറഡാറില്‍ പ്രത്യക്ഷപ്പെടുമ്ബോള്‍ 35,000 അടി ഉയരത്തിലായിരുന്നു വിമാനം പറന്നിരുന്നതെന്നാണ് റിപ്പോര്‍ട്ട്.

മുഖ്യ പൈലറ്റ് സഹെയ്‌റി അഹമ്മദും സഹ പൈലറ്റ് ഫാറിഖ് അബ്ദുല്‍ ഹമീദും ആയിരുന്നു വിമാനം നിയന്ത്രിച്ചിരുന്നത്. സഹെയ്‌റി അഹമ്മിന്റെ ഭാര്യ അടുത്ത കാലത്ത് അദ്ദേഹവുമായി പിരിഞ്ഞിരുന്നു. അതിനു ശേഷം സഹെയ്‌റി അഹമ്മദിന് ചില മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു എന്നാണ് വില്യം ലാങ്‌വിഷെ കണ്ടെത്തിയിരിക്കുന്നത്. അടുത്ത കാലത്തായി ഏകാന്തതയില്‍ കഴിഞ്ഞിരുന്ന സഹെയ്‌റി അഹമ്മദ് വിഷാദവാനായിരുന്നു. അദ്ദേഹത്തിന്റെ രോഗാതുരമായ മാനസികാവസ്ഥയാണ് ബോയിങ് 777 വിമാനത്തിന്റെ ദുരന്തത്തിലേയ്ക്ക് നയിച്ചതെന്നാണ് വില്യം ലാങ്‌വിഷെയുടെ കണ്ടെത്തല്‍.

വിമാനം കാണാതായി നാലു വര്‍ഷത്തിനു ശേഷം 2018 ജൂലായില്‍ മലേഷ്യന്‍ അധികൃതര്‍ ഒരു അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. എന്നാല്‍ വിമാനത്തിന് എന്തു സംഭവിച്ചു എന്ന കാര്യത്തില്‍ വ്യക്തമായ ഒരു ഉത്തരം നല്‍കാന്‍ ഈ റിപ്പോര്‍ട്ടിനും കഴിഞ്ഞിരുന്നില്ല. വിമാനത്തിന്റെ ബ്ലാക്‌ബോക്‌സ് കണ്ടെത്തിയാല്‍ മാത്രമേ വിമാനത്തിനെന്ത് സംഭവിച്ചു എന്ന് കൃത്യമായി പറയാനാകൂ എന്നാണ് അവരുടെ നിലപാട്. എന്നാല്‍, മലേഷ്യന്‍ അധികൃതര്‍ക്ക് കൂടുതല്‍ കാര്യങ്ങള്‍ അറിയാമെന്നാണ് വില്യം ലാങ്‌വിഷെ പറയുന്നത്. എന്നാല്‍ പല കാര്യങ്ങളും പുറത്തുവിടാന്‍ അവര്‍ തയ്യാറാകുന്നില്ലെന്നും അദ്ദേഹം ആരോപിക്കുന്നു.