പുനഃസംഘടിപ്പിച്ച സംസ്ഥാന സെൻസർ ബോർഡിൽ പലരും സംഘ്പരിവാർ സഹയാത്രികരും സജീവ അനുഭാവികളുമെന്ന് പരാതി. സംഘ്പരിവാർ താൽപര്യങ്ങൾ മാത്രമാണ് പുനഃസംഘടനയിൽ പരിഗണിച്ചതെന്നാണ് ആക്ഷേപം. ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡൻറിന്റെ ബന്ധുവും ബോർഡിൽ ഇടംപിടിച്ചു. പൊതുവെ മതേതര സ്വഭാവത്തോടെയാണ് സെൻസർ ബോർഡ് പുനഃസംഘടിപ്പിക്കാറ്. എന്നാൽ, ഇത്തവണ ഒരു വിഭാഗത്തിൽപെട്ടവരെ മാത്രമാണ് അംഗങ്ങളാക്കിയിരിക്കുന്നത്. കേന്ദ്ര സർക്കാറാണ് അംഗങ്ങളെ നിയമിക്കുന്നത്. പൊതുവെ സിനിമയെ ആഴത്തിൽ വിലയിരുത്താൻ കഴിവുള്ളവരെയാണ് ഉൾപ്പെടുത്താറുള്ളത്.
സംവിധായകർ, തിരക്കഥാകൃത്തുക്കൾ തുടങ്ങി സിനിമയുമായി നേരിട്ട് ബന്ധമുള്ളവരുമായിരിക്കും അംഗങ്ങൾ. എന്നാൽ, ഇത്തവണ പ്രൊഡക്ഷൻ കൺട്രോളറും സ്റ്റിൽ ഫോട്ടോഗ്രാഫറും സിനിമയുമായി ഒരു ബന്ധവുമില്ലാത്തവരും ഉൾപ്പെട്ടിട്ടുണ്ട്. ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡൻറിന്റെ ഭാര്യയുടെ കുടുംബാംഗം എന്നതാണ് ഒരു അംഗത്തിന്റെ യോഗ്യത. ബി.ജെ.പി എം.പിയുമായി അടുത്ത ബന്ധം പുലർത്തുന്നയാളാണ് മറ്റൊരാൾ. പ്രമുഖ നടന്റെ കണക്കെഴുത്തുകാരനും അംഗത്വം കിട്ടി.
സംവിധായകൻ വിജി തമ്പി (ആർ. വേണുഗോപാൽ), നിർമാതാക്കളുടെ സംഘടന പ്രസിഡൻറ് കെ. സുരേഷ് കുമാർ, അദ്ദേഹത്തിന്റെ സഹോദരിയുടെ മകനും നിർമാതാവുമായ സന്ദീപ് ചന്ദ്രസേനൻ, പ്രൊഡക്ഷൻ കൺട്രോളറർ അരോമ മോഹൻ (എസ്. മോഹൻ) തുടങ്ങിയവർ അറിയപ്പെടുന്ന ബി.ജെ.പി അനുഭാവികളാണ്.