അഭിനേത്രിയെ തട്ടി കൊണ്ടുപോയി ആക്രമിച്ച കേസിൽ അറസ്റ്റിലായ നടൻ ദിലീപിന്റെ ജാമ്യഹർജി പരിഗണിക്കുന്നത് ഹൈക്കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി. പ്രോസിക്യൂഷൻ കൂടുതൽ സമയം ആവശ്യപ്പെട്ടതിനെ തുടർന്നാണ് ജാമ്യാപേക്ഷ നീട്ടിയത്.
ആദ്യ ജാമ്യഹർജി തള്ളിയ സാഹചര്യം ഇപ്പോൾ നിലനിൽക്കുന്നില്ലെന്നും കൂടുതൽ തടങ്കൽ ആവശ്യമില്ലെന്നും ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് ദിലീപ് വീണ്ടും കോടതിയെ സമീപിച്ചത്. അറസ്റ്റുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്കും സിനിമരംഗത്തെ ചിലർക്കും മാധ്യമങ്ങൾക്കുമെതിരെ ആരോപണമുന്നയിച്ചാണ് ദിലീപിന്റെ ഹർജി.
സിനിമരംഗത്തെ ഒരു വിഭാഗത്തിന്റെ ഗൂഢാലോചനയെത്തുടർന്ന് കെട്ടിച്ചമച്ച കേസാണിതെന്ന് ഹരജിയിൽ പറയുന്നു. മാധ്യമങ്ങളെയും പൊലീസ് ഉദ്യോഗസ്ഥരെയും രാഷ്ട്രീയ നേതാക്കളെയും സ്വാധീനിക്കാൻ കഴിവുള്ള ചിലർ മാസങ്ങളായി ദുരുദ്ദേശ്യത്തോടെ വ്യാജപ്രചാരണങ്ങൾ നടത്തിയാണ് അറസ്റ്റിലേക്കെത്തിച്ചത്.
കേസിലെ ഒന്നാം പ്രതി പൾസർ സുനിയെ ഒരിക്കലും കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. നിർണായക തെളിവായ മൊബൈൽ ഫോൺ കണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ലെന്നും ഒളിവിൽ പോയ ഡ്രൈവർ അപ്പുണ്ണി, പൾസർ സുനിയുടെ മുൻ അഭിഭാഷകൻ പ്രതീഷ് ചാക്കോ എന്നിവരെ ചോദ്യം ചെയ്യാനായില്ലെന്നുമുള്ള പ്രോസിക്യൂഷന്റെ വാദം കണക്കിലെടുത്താണ് ആദ്യ ജാമ്യഹരജി തള്ളിയത്.