ബിജെപി മുന്‍സംസ്ഥാന അധ്യക്ഷന്‍ ദിലീപിന് വേണ്ടി ദോഷപരിഹാര പൂജ നടത്തി

diuleep pooja

നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന് വേണ്ടി ദോഷപരിഹാര പൂജ നടത്തി ബിജെപി മുന്‍സംസ്ഥാന അധ്യക്ഷന്‍ പി പി മുകുന്ദന്‍. കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലാണ് പി പി. മുകുന്ദന്‍ ദിലീപിന് വേണ്ടി പൂജ നടത്തിയത്.

ദിലീപിനുണ്ടാകുന്ന ദോഷങ്ങള്‍ അകറ്റുന്ന പൂജയാണ് താന്‍ നടത്തിയതെന്ന മുകുന്ദന്‍ പറഞ്ഞു. ദിലീപുമായുള്ള സൌഹൃദംകൊണ്ടാണ് താന്‍ പൂജ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. പൂജയുടെ പ്രസാദം ജയിലില്‍ ദിലീപിനെത്തിച്ചുകൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് അത്രക്ക് അടുപ്പമുള്ളയാളാണ് ദിലീപ്. ദിലീപിന് എന്തെങ്കിലും ദോഷങ്ങള്‍ ഉണ്ടെങ്കില്‍ അതെല്ലാം പോകാന്‍ വേണ്ടിയുള്ള പൂജയാണ് നടത്തിയതെന്നും ദിലിപിനെ ജയില്‍മോചിതനാക്കാനല്ലെന്നും പി പി മുകുന്ദന്‍ പറഞ്ഞു.

ദിലീപിനെതിരെ പോലീസ് മൊഴികള്‍ശേഖരിച്ച് തെളിവുകള്‍ ഉണ്ടാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ദിലീപിന്റെ സമയദോഷം കൊണ്ടാണ് ഇങ്ങനെയൊക്കെ ഉണ്ടാകുന്നതെന്നും പിപി മുകുന്ദന്‍ പറഞ്ഞു. ദിലീപിനെ ഇത്രയും ദിവസം ജയിലില്‍ കിടത്തേണ്ട കാര്യമില്ലെന്നും തെളിവുണ്ടെങ്കില്‍ കുറ്റപത്രം സമര്‍പ്പിച്ചതിന് ശേഷം കേസില്‍ ഉള്‍പ്പെടുത്താമെന്നും മുകുന്ദന്‍ വ്യക്തമാക്കി.