മേഖലയിൽ ഏറെ അസ്വാരസ്യങ്ങൾക്ക് ഇടയാക്കിയ ചൈനയുടെ സ്വപ്ന പദ്ധതി ‘വണ്‍ ബെല്‍റ്റ് വണ്‍ റോഡി’നെതിരെ അമേരിക്കൻ ഭരണകൂടം പോലും നിസംഗത പാലിച്ചപ്പോൾ, ലോകനേതാക്കളില്‍ സംസാരിക്കാൻ ധൈര്യം കാട്ടിയത് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മാത്രമാണെന്ന് അമേരിക്കയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ മൈക്കല്‍ പില്‍സ്ബറി. അമേരിക്കന്‍ ജനപ്രതിനിധികളുടെ യോഗത്തിലാണ് രാജ്യത്തെ പ്രതിരോധ ആസ്ഥാനമായ പെന്‍റഗണിന്‍റെ മുന്‍ വക്താവ് കൂടിയായ അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ചൈനയുടെ വണ്‍ റോഡ് വണ്‍ ബെല്‍റ്റ് പദ്ധതി, ഇന്ത്യയുടെ പരാമാധികാരത്തെ ബാധിക്കുമെന്ന് ഉത്തമ ബോധ്യമുള്ളത് കൊണ്ടാണ് മോദി പ്രതികരിച്ചത്. എന്നാല്‍ അഞ്ച് വര്‍ഷമായി തുടരുന്ന പദ്ധതിക്കെതിരെ അമേരിക്കൻ ഭരണകൂടം ഒരിക്കൽപോലും സംസാരിക്കാൻ തയാറായിട്ടില്ലെന്നും പിൽസ്ബറി ചൂണ്ടിക്കാട്ടി.
ചെറിയ പലിശ നിരക്കിൽ, തിരിച്ചടയ്ക്കാൻ സാധിക്കാത്ത തരത്തിലുള്ള വളരെ വലിയ തുകയാണ് ചൈന മറ്റ് രാജ്യങ്ങൾക്ക് വായ്പയായി നകുന്നത്. ഉദ്ദാഹരണമായി, ശ്രീലങ്ക തിരിച്ചടവ് മുടക്കിയപ്പോൾ അവരുടെ പ്രധാന തുറമുഖങ്ങളിലൊന്ന് തങ്ങളുടെ നിയന്ത്രണത്തിലേക്ക് മാറ്റാനാണ് ചൈന നിർദ്ദേശിച്ചത്. ഇതേ സഹചര്യത്തിൽ ചൈനയുടെ സ്ഥാനത്ത് അമേരിക്ക ആയിരുന്നുവെങ്കിൽ ആ വായ്പ എഴുതിത്തള്ളുമായിരുന്നു എന്നും പിൽസ്ബറി അഭിപ്രായപ്പെട്ടു.