മലയാളികളുടെ അന്നംമുട്ടിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെതിരെ ജനരോഷം അണപൊട്ടി. അര്‍ഹതപ്പെട്ട അരി നിഷേധിച്ച് കേരളത്തിന്റെ റേഷന്‍സംവിധാനം അട്ടിമറിക്കുന്നതിനെതിരെ എല്‍ഡിഎഫ് നേതൃത്വത്തില്‍ നടന്ന രാജ്ഭവന്‍ മാര്‍ച്ചില്‍ ആയിരങ്ങള്‍ അണിചേര്‍ന്നു. ശനിയാഴ്ച രാവിലെ രക്തസാക്ഷിമണ്ഡപത്തില്‍നിന്നാരംഭിച്ച മാര്‍ച്ച് രാജ്ഭവനുമുന്നില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനംചെയ്തു. സി ദിവാകരന്‍ എംഎല്‍എ അധ്യക്ഷനായി.
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, കെ കൃഷ്ണന്‍കുട്ടി എംഎല്‍എ (ജനതാദള്‍), ഉഴവൂര്‍ വിജയന്‍ (എന്‍സിപി), ഉഴമലയ്ക്കല്‍ വേണുഗോപാല്‍ (കോണ്‍ഗ്രസ് എസ്), സ്കറിയ തോമസ് (കേരള കോണ്‍ഗ്രസ്), ആന്റണി രാജു (ജനാധിപത്യ കേരള കോണ്‍ഗ്രസ്), അഹമ്മദ് കുട്ടി ദേവര്‍കോവില്‍(ഐഎന്‍എല്‍), ജി സുഗുണന്‍ (സിഎംപി), ചാള്‍സ് ജോര്‍ജ്(സിപിഐ എംഎല്‍) എന്നിവര്‍ സംസാരിച്ചു. എല്‍ഡിഎഫ് സംസ്ഥാന കണ്‍വീനര്‍ വൈക്കം വിശ്വന്‍ പങ്കെടുത്തു. സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ സ്വാഗതവും സിപിഐ ജില്ലാ സെക്രട്ടറി ജി ആര്‍ അനില്‍ നന്ദിയും പറഞ്ഞു.
എല്‍ഡിഎഫ് എംഎല്‍എമാര്‍, തിരുവനന്തപുരം ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ മാര്‍ച്ചില്‍ പങ്കെടുത്തു.