നടിയെ ആക്രമിക്കാന്‍ വാഗ്ദാനം ചെയ്തത് 30 ലക്ഷം രൂപ
മലയാളി നടിയെ ആക്രമിക്കാന്‍ പള്‍സര്‍ സുനി എന്ന് അറിയപ്പെടുന്ന മുൻ ഡ്രൈവർ സുനില്‍ കുമാര്‍ വാഗ്ദാനം ചെയ്തത് 30 ലക്ഷം രൂപയെന്ന് പോലീസ് പിടിയിലായവരുടെ മൊഴി. എന്നാല്‍, കാറിലെ അതിക്രമത്തിനുശേഷം സുനി പണം നല്‍കിയില്ലെന്നും അറസ്റ്റിലായവര്‍ പൊലീസില്‍ മൊഴി നല്‍കി. നടിയെ ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടാനായിരുന്നു ശ്രമമെന്നും പിടിയിലായവര്‍ പറഞ്ഞു. യുവനടിയെ തട്ടിക്കൊണ്ടു പോകുവാൻ ദിവസങ്ങൾക്കു മുൻപ് തന്നെ ആസൂത്രണം ചെയ്ത പദ്ധതിയാണ് നടപ്പിലാക്കിയത്.
നടിയുടെ ഡ്രൈവർ മാർട്ടിൻ , ഗൂണ്ടാ സംഘാംഗമായ വടിവാള്‍ സലിം, കണ്ണൂര്‍ സ്വദേശി പ്രദീപ് എന്നിവരാണ് സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ പിടിയിലായിരിക്കുന്നത്. കൊരട്ടി സ്വദേശി മാര്‍ട്ടിനെ പൊലീസ് ഇന്നലെത്തന്നെ അറസ്റ്റ് ചെയ്തിരുന്നു. നടിയുടെ മുന്‍ ഡ്രൈവർ പെരുമ്ബാവൂര്‍ കോടനാട് സ്വദേശി സുനില്‍ കുമാര്‍ (പള്‍സര്‍ സുനി), മണികണ്ഠന്‍, വിജീഷ് എന്നിവരാണ് ഇനി പിടിയിലാകാനുള്ളത്.
വെള്ളിയാഴ്ച രാത്രിയോടെ നടിയെ അങ്കമാലി അത്താണിക്കു സമീപത്തുനിന്നു തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. അതേസമയം, കേസിലെ പ്രതികള്‍ കേരളം വിട്ടുപോയിട്ടില്ലെന്ന് അന്വേഷണസംഘം അറിയിച്ചു. പിടികൂടാനുള്ള മൂന്നു പ്രതികളെക്കുറിച്ചും വിവരങ്ങള്‍ ലഭിച്ചു. അതിക്രമത്തിനുശേഷം പ്രതികള്‍ രണ്ടു സംഘങ്ങളായാണ് രക്ഷപ്പെട്ടത്. കേസില്‍ ആകെ ആറു പ്രതികളാണ് ഉള്ളത്. നടിയെ ആക്രമിച്ച സംഭവുമായി ബന്ധപ്പെട്ടു അന്വേഷണം സിനിമാ മേഖലയിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. എ.ഡി.ജി.പി. ബി. സന്ധ്യയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. പൾസർ സുനി ദിലീപ് ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷന്‍റെ ആലപ്പുഴ ജില്ലാ കമ്മറ്റി പുനഃ സംഘടനാ മീറ്റിംഗിൽ പങ്കെടുത്തവരോടൊപ്പം നിൽക്കുന്ന ഫേസ് ബുക്ക് പോസ്ററ് റിയാസ് ഖാൻ എന്നയാളിന്‍റെ അക്കൗണ്ടിൽ നിന്ന് ലഭിച്ചിട്ടുണ്ട്. അന്വേഷണത്തിൽ ഇത് ഒരു വഴിത്തിരിവ് ആകുവാൻ സാധ്യത ഉണ്ട്.
സംഭവം നടന്നതിനു ശേഷം ചില സിനിമാ പ്രവര്‍ത്തകര്‍ പൾസര്‍ സുനിയുമായി ഫോണില്‍ ബന്ധപ്പെട്ടു. സുനിയുടെ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായതെന്ന് പോലീസ് പറഞ്ഞു.
അപമാനം ഭയന്ന് സംഭവം നടി പുറത്തു പറയില്ലെന്നാണ് സുനിയും സംഘവും കരുതിയത്. എന്നാല്‍ അക്രമത്തിനു ശേഷം നടി സംവിധാകന്‍ ലാലിന്‍റെ വീട്ടില്‍ അഭയം തേടുകയും വിവരം പോലീസില്‍ അറിയിക്കുകയും ചെയ്‍തു. ഇതിനു ശേഷമാണ് ചില സിനിമാക്കാര്‍ സുനിയുമായി ഫോണില്‍ ബന്ധപ്പെട്ടത്. പോലീസ് വിവരം അറിഞ്ഞെന്ന് ഇവരില്‍നിന്ന് മനസ്സിലാക്കിയ സുനിയും സംഘവും കൊച്ചിയില്‍നിന്ന് രക്ഷപെടാന്‍ ശ്രമിച്ചു. എന്നാല്‍ അതിനകം പോലീസ് എല്ലായിടത്തും വലവിരിച്ചിരുന്നു. അതുകൊണ്ട് സുനിയും പിടിയിലാകാന്‍ ബാക്കിയുള്ളവരും നഗരപരിധിയില്‍ത്തന്നെ ഉണ്ടാകും എന്ന സാധ്യതയാണ് പോലീസ് നല്‍കുന്നത്.
അന്വേഷണം തുടങ്ങിയതോടെ സുനിയുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്‍തിട്ടുണ്ട്. സംഭവത്തിനു പിന്നില്‍ വലിയ ഗൂഡാലോചന നടന്നതായുള്ള സംശയങ്ങള്‍ക്ക് ബലം പകരുന്നതാണ് കേസില്‍ ഉണ്ടായ വഴിത്തിരിവ്.