സാമ്പത്തിക കുറ്റകൃത്യം നടത്തി രാജ്യം വിട്ട വിവാദ വജ്രവ്യാപാരി നീരവ് മോദിക്കെതിരെ ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റർ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. ഈ മാസം 25ന് നീരവ് മോദിയെ കോടതിയിൽ ഹാജരാക്കാനാണ് ഉത്തരവ്. നീരവ് മോദിയെ വിട്ടുകിട്ടുന്നതിനായി 2018 ഓഗസ്റ്റിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അപേക്ഷ നല്‍കിയിരുന്നു. മോദിയെ ഇന്ത്യക്ക് കൈമാറണമെന്ന എൻഫോഴ്സ്മെന്റ് ആവശ്യത്തെ തുടർന്നാണ് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.അറസ്റ്റ് ഉടനുണ്ടാകുമെന്നാണ് റിപ്പോർട്ട്.വിചാരണ പൂർത്തിയായാൽ നീരവ് മോദിയെ കൈമാറുന്നത് സംബന്ധിച്ച് കോടതി തീരുമാനമെടുക്കും. സാമ്പത്തിക കുറ്റകൃത്യത്തെ തുടർന്ന് രാജ്യം വിട്ട നീരവ് മോദിയുടെ കടൽത്തീരത്തെ ബംഗ്ലാവ് പൊളിച്ചു നീക്കിയിരുന്നു. ഡൈനമൈറ്റ് സ്റ്റിക്കുകൾ ഉപയോഗിച്ച് നിയന്ത്രിത സ്ഫോടനം നടത്തിയാണ് ബംഗ്ലാവ് പൊളിച്ചു നീക്കിയത്. 30,000 ചതുരശ്ര അടിയുള്ള ബംഗ്ലാവ് നേരത്തെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയിരുന്നു.
നീരവ് മോദിക്കെതിരെ നേരത്തെ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഈ നോട്ടീസിന്റെ അടിസ്ഥാനത്തില്‍ നീരവിനെതിരായ നടപടികള്‍ ഉടന്‍ കൈക്കൊള്ളാന്‍ യു കെ അധികൃതരോടും ഇന്റര്‍പോളിനോടും സി ബി ഐ ആവശ്യപ്പെടുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.വ്യാജരേഖ ചമച്ച് മറ്റു രാജ്യങ്ങളിലേക്ക് നീരവ് കടക്കാനുള്ള സാധ്യതയുള്ളതിനാല്‍ അത്തരമൊരു അവസരം ഉണ്ടാകാതിരിക്കാന്‍ ശ്രമിക്കണമെന്നും സി ബി ഐ ഇന്റര്‍പോളിനോടും ബ്രിട്ടീഷ് അധികൃരോടും ആവശ്യപ്പെട്ടിരുന്നു.
ലണ്ടന്‍ വെസ്റ്റ് എന്‍ഡിലെ ആഡംബര കെട്ടിട സമുച്ചയമായ സെന്റര്‍ പോയിന്റ് ടവറിലാണ് നീരവ് മോദിയുടെ താമസമെന്നും ഇതിന്റെ വാടക ഒരു മാസം ഏകദേശം 17,000 യൂറോ (15 ലക്ഷം രൂപ) വരുമെന്നുമുള്ള വിവരങ്ങളും കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ലണ്ടനില്‍വെച്ച് നീരവുമായി ബന്ധപ്പെടാന്‍ ശ്രമിക്കുന്ന മാധ്യമ പ്രവര്‍ത്തകരോട് അദ്ദേഹം പ്രതികരിക്കാന്‍ തയ്യാറായില്ല എന്നും ചോദ്യങ്ങള്‍ക്ക് ‘നോ കമന്റ്സ്’ എന്നുമാത്രമാണ് മറുപടി നല്‍കിയതെന്നും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
അതേസമയം നീരവ് യു കെയിലുണ്ടെന്ന കാര്യം 2018 ഓഗസ്റ്റില്‍ തന്നെ അധികൃതരെ അറിയിച്ചതാണ്. എന്നാല്‍ എവിടാണുള്ളതെന്ന് വ്യക്തമായി അറിയില്ലായിരുന്നു. അഭിഭാഷകരും മറ്റുമായുള്ള കൂടിക്കാഴ്ചകളുടെ ഭാഗമായി നീരവ്, നിരവധി യൂറോപ്യന്‍ യാത്രകള്‍ നടത്തിയിരുന്നതായും ഇന്ത്യക്ക് അറിയാമായിരുന്നെന്നും സി ബി ഐ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.
വിദേശത്തും നാട്ടിലുമായി നീരവ് മോദിയുടെ 1726 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കൾ കണ്ടു കെട്ടിയിരുന്നു. ഇതിനു പുറമെ നീരവ് മോദി ഗ്രൂപ്പിന്റെ 490 കോടി രൂപ വിലമതിക്കുന്ന സ്വർണ്ണ-വജ്രാഭരണങ്ങളും മറ്റ് വിലയേറിയ വസ്തുക്കളും കണ്ടുകെട്ടിയിട്ടുണ്ട്. ലണ്ടനിലെ തെരുവിലൂടെ നീരവ് മോദി സ്വതന്ത്രനായി നടക്കുന്നതിന്റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു