ഒരു ആക്ഷന്‍ ചിത്രത്തിന്റെ പതിവു ചിട്ടവട്ടങ്ങളോടെ തമിഴക രാഷ്ട്രീയത്തിലെ പുതിയ വഴിത്തിരിവ് ക്ലൈമാക്‌സിലേക്കു നീങ്ങുമ്പോള്‍ നായക സ്ഥാനത്ത് മുന്‍ മുഖ്യമന്ത്രി ഒ. പനീര്‍സെല്‍വം. ഒന്നിക്കണോ, ശശികല കുടുംബത്തെ ഒഴിവാക്കണം എന്ന പനീര്‍ശെല്‍വത്തിന്റെ കടുത്ത നിലപാട് മറുപക്ഷം അംഗീകരിക്കുന്നതിന്റെ സൂചനകളാണ് വരുന്നത്. ഇതോടെ ശശികലയും കുടുംബവും പാര്‍ട്ടിയില്‍ നിന്നും പുറത്തായേക്കും.
ഇതുസംബന്ധിച്ച് ഇന്നലെ രാത്രി മന്ത്രിമാരുടെ യോഗത്തില്‍ തീരുമാനമുണ്ടായെന്നാണ് റിപ്പോര്‍ട്ട്.
തിങ്കളാഴ്ച അര്‍ധരാത്രി തുടങ്ങിയ അപ്രതീക്ഷിത രാഷ്ട്രീയ നീക്കങ്ങളുടെ ഊഷ്മാവ് ഇന്നലെ പകല്‍ കുതിച്ചുയര്‍ന്നു. എഐഎഡിഎംകെ (അമ്മ) വിഭാഗത്തിന്റെ ജനറല്‍ സെക്രട്ടറി വി.കെ. ശശികലയുടെ മരുമകന്‍ ടിടിവി ദിനകരന്‍ ഏതു നിമിഷവും അറസ്റ്റിലായേക്കാം എന്ന സൂചനകള്‍ വന്നതോടെയാണ് പാര്‍ട്ടിയില്‍ ഭിന്നസ്വരം ഉയര്‍ന്നത്. പാര്‍ട്ടി ചിഹ്നമായ രണ്ടില നിലനിര്‍ത്താന്‍ തെരഞ്ഞെടുപ്പു കമ്മീഷന്റെ പാനലിന് 50 കോടി കൈക്കൂലി നല്‍കാന്‍ ശ്രമിച്ചു എന്നാണ് കേസ്. ദിനകരനെതിരെ കേസെടുത്ത ദല്‍ഹി പോലീസ് ചെന്നൈയില്‍ എത്തിയേക്കും എന്ന വാര്‍ത്ത പരക്കുമ്പോള്‍ ദിനകരന്‍ ബെംഗളൂരുവില്‍ ജയിലില്‍ കഴിയുന്ന ശശികലയെ സന്ദര്‍ശിക്കുകയായിരുന്നു.