ബദ്ധവൈരികളായിരുന്നവർ 24 വര്‍ഷത്തിനുശേഷം ഒരേ വേദിയില്‍

mulayam mayavathi

സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവും ബി.എസ്.പി. നേതാവ് മായാവതിയും 24 വര്‍ഷത്തിനുശേഷം ഒരേവേദിയില്‍. പ്രതിപക്ഷമഹാസഖ്യം ഉത്തര്‍പ്രദേശിലെ മെയിന്‍പുരിയില്‍ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് റാലിയിലാണ് ദീര്‍ഘകാലം ബദ്ധവൈരികളായിരുന്ന ഇരുനേതാക്കളും ഒരുമിച്ച്‌ പങ്കെടുത്തത്.റാലിയില്‍ ഇരുവരും പരസ്പരം പുകഴ്ത്തുകയും കേന്ദ്രഭരണത്തിനെതിരേ ആഞ്ഞടിക്കുകയും ചെയ്തു.
എനിക്കുവേണ്ടി വോട്ടഭ്യര്‍ഥിക്കാന്‍ എത്തിയ മായാവതിയോട് നന്ദിയുണ്ടെന്നായിരുന്നു മുലായം സിങിന്റെ വാക്കുകള്‍. ആവശ്യമുള്ള സമയത്തെല്ലാം ഞങ്ങള്‍ക്കൊപ്പം നിന്നിട്ടുള്ള നേതാവാണ് മായാവതി. അവരോട് ബഹുമാനമുണ്ട്. എനിക്കുവേണ്ടി വോട്ടഭ്യര്‍ഥിക്കാന്‍ ഇവിടെ എത്തിയതില്‍ ഞാന്‍ ഏറെ സന്തോഷവാനാണ്- മുലായം പറഞ്ഞു.
അതേസമയം, പിന്നാക്കവിഭാഗങ്ങളുടെ ശരിയായ നേതാവാണ് മുലായം സിങ് എന്നായിരുന്നു മായാവതിയുടെ വാക്കുകള്‍. മുലായം പ്രധാനമന്ത്രി നരേന്ദ്രമോദിയെപ്പോലെ അല്ലെന്നും മുലായം സിങാണ് പിന്നാക്കക്കാരുടെ ശരിയായ നേതാവെന്നും മായാവതി പറഞ്ഞു.