കലാഭവൻ മണിയുടെ ദുരൂഹ മരണം ; സിബിഐ അന്വേഷണം ആരംഭിച്ചു

kalabahavan Mani

കലാഭവൻ മണിയുടെ ദുരൂഹ മരണം സംബന്ധിച്ച് സിബിഐ അന്വേഷണം ആരംഭിച്ചു. ഇൻസ്പെക്‌ടർ വിനോദിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. അന്വേഷണസംഘം ചാലക്കുടിയിലെത്തുകയും മണിയുടെ മരണവുമായി ബന്ധപ്പെട്ട ഫയലുകൾ സ്റ്റേഷനിൽ നിന്ന് കൈപ്പറ്റുകയും ചെയ്തു. മണിയുടെ സഹോദരൻ ആർഎഎൽവി രാമകൃഷ്ണൻ നൽകിയ ഹർജിയിൽ ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് കേസ് ഇപ്പോൾ സിബിഐ ഏറ്റെടുത്തിരിക്കുന്നത്. ഫൊറൻസിക് രേഖകളിലെ വൈരുദ്ധ്യം ഉൾപ്പെടെയുള്ളവ ചൂണ്ടിക്കാട്ടിയാണു സിബിഐ അന്വേഷണമെന്ന ആവശ്യം സഹോദരനടക്കമടക്കമുള്ളവർ ഉയർത്തിയിരുന്നു.നേരത്തെ കേസ് ഏറ്റെടുക്കാൻ താൽപ്പര്യമില്ലെന്ന് സിബിഐ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ മണിയുടെ സഹോദരൻ വീണ്ടും കേന്ദ്രമന്ത്രിയെ കാണുകയും നിവേദനം സമർപ്പിക്കുകയും ചെയ്തതോടെയാണ് വീണ്ടും ഹൈക്കോടതി ഉത്തരവിറങ്ങുന്നത്.

മണിയുടെ മരണകാരണം കരൾരോഗമാണെന്ന് സിബിഐ നേരത്തെ കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു. 2016 മാർച്ച് ആറിനാണ് മണി മരണപ്പെടുന്നത്. ഒഴിവുകാലവസതിയായ പാ‍ഡിയിൽ അവശനിലയിൽ കണ്ടെത്തിയ മണി ആശുപത്രിയിലെത്തിച്ചതിനുശേഷമാണ് മരിക്കുന്നത്. രോഗംമൂലമുള്ള മരണം, കൊലപാതകം, ആത്മഹത്യ, അറിയാതെ വിഷമദ്യം ഉള്ളിൽച്ചെന്നുള്ള മരണം എന്നിങ്ങനെയുള്ള സാധ്യതകളാണ് പൊലീസ് പരിശോധിച്ചത്. ശീരത്തിൽ ക്രമാതീതമായി മീഥൈയ്ൽ ആൽക്കഹോളിന്റെ അംശം കണ്ടെത്തിയതും മരണത്തിന് പിന്നിലെ ദുരൂഹത വർധിപ്പിച്ചു. മണിയുടെ മരണകാരണം ആത്മഹത്യയോ കൊലപാതകമോ സ്വാഭാവിക മരണമോ എന്ന് തെളിയിക്കാനും പൊലീസിനായില്ല. മണിയുടെ സഹായികളെയും സുഹൃത്തുക്കളെയും നുണപരിശോധനയ്ക്ക് വിധേയരാക്കിയെങ്കിലും അസ്വാഭാവികമായി ഒന്നും കണ്ടെത്താന്‍ സാധിക്കാത്തതിനാല്‍ അന്വേഷണം നിലച്ചിരുന്നു. ഇതിനെത്തുടർന്നാണ് കേസ് സിബിഐക്ക് വിടാന്‍ ആഭ്യന്തര വകുപ്പ് തീരുമാനമെടുത്തത്.