ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജേശഖരനെ ‘എംഎൽഎ’ എന്ന പരിഗണനയിൽ പ്രധാനമന്ത്രിയുടെ ഓഫീസ് മോദി പങ്കെടുത്ത കൊച്ചിയിലെ പി.എൻ. പണിക്കർ ഫൗണ്ടേഷൻ അനുസ്മരണ ചടങ്ങിൽ ഉൾപ്പെടുത്തിയത് വീണ്ടും വിവാദങ്ങൾക്കു തിരി കൊളുത്തി. കുമ്മനത്തെ എംഎൽഎ എന്നു വിശേഷിപ്പിച്ചാണു പ്രധാനമന്ത്രിയുടെ ഓഫിസ് പട്ടിക തയാറാക്കി കൈമാറിയത്.
കുമ്മനത്തെ എംഎൽഎ എന്നു വിശേഷിപ്പിച്ചത് പ്രധാനമന്ത്രിയുടെ ഓഫിസിലെ അണ്ടർ സെക്രട്ടറി ഒപ്പുവച്ച് ചീഫ് സെക്രട്ടറിക്കു കൈമാറിയ പട്ടികയിലാണെന്നതാണ് ഏറെ വിചിത്രം . എറണാകുളം സെന്റ് തെരേസാസ് കോളജിലാണു ചടങ്ങ് സംഘടിപ്പിച്ചിരുന്നത്. കഴിഞ്ഞ ദിവസം കുമ്മനം രാജശേഖരൻ കൊച്ചി മെട്രോയിൽ പ്രധാനമന്ത്രിക്കൊപ്പം യാത്ര ചെയ്തതു ഏറെചർച്ച ചെയ്ത വിഷയമായിരുന്നു. രാജ്യം ഭരിക്കുന്ന രാഷ്ട്രീയകക്ഷിയുടെ സംസ്ഥാന പ്രസിഡന്റ്, പ്രധാനമന്ത്രിക്കൊപ്പം കൊച്ചി മെട്രോയുടെ ഉദ്ഘാടന യാത്രയിൽ പങ്കെടുത്തതിൽ എന്താണ് തെറ്റ് എന്നായിരുന്നു ഇതിൽ കുമ്മനത്തിന്റെ പ്രതികരണം.
പ്രധാനമന്ത്രിക്കൊപ്പം യാത്ര ചെയ്യേണ്ടവരുടെ പട്ടികയിൽ പേരുള്ളതുകൊണ്ടാണ് യാത്രയിൽ പങ്കെടുത്തത്. പേര് ഉൾപ്പെടുത്തണമെന്ന് ആരോടും ആവശ്യപ്പെട്ടിട്ടില്ല. ആരു പറഞ്ഞിട്ടാണു തന്നെ ഉൾപ്പെടുത്തിയതെന്നും അറിയില്ല. ഇക്കാര്യം കേരള സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമായറിയാം.
മെട്രോ ഉദ്ഘാടനത്തിന്റെ പ്രഭ കെടുത്താൻ ചില ഗൂഢശക്തികൾ ശ്രമിക്കുന്നുണ്ട്. അവരുടെ കയ്യിലെ കളിപ്പാവയായി മാറരുതെന്ന്, സമൂഹമാധ്യമത്തിലൂടെ യാത്രാവിവാദം ഉയർത്തിയ മന്ത്രി കടകംപള്ളി സുരേന്ദ്രനെയും കുമ്മനം ഓർമിപ്പിച്ചു. സുരക്ഷാ വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ അതിന് ഉത്തരവാദി മുഖ്യമന്ത്രിയാണെന്നും യാത്രാവിവാദത്തെക്കുറിച്ചു മുഖ്യമന്ത്രി പ്രതികരിക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടിരുന്നു.