Friday, December 13, 2024
HomeCrimeവിവാഹത്തട്ടിപ്പ് ശാലിനിയുടെ ശൈലി; വിലങ്ങു വീണത് വിവാഹവേദിയിൽ

വിവാഹത്തട്ടിപ്പ് ശാലിനിയുടെ ശൈലി; വിലങ്ങു വീണത് വിവാഹവേദിയിൽ

വിവാഹവേദിയില്‍വച്ചു തന്നെ വിവാഹത്തട്ടിപ്പുകാരിയായ യുവതിയെ പോലീസ് കയ്യോടെ പിടികൂടി. അഞ്ചോളം യുവാക്കളെ കബളിപ്പിച്ചതിനാണ് കൊട്ടാരക്കര ഷിബുവിലാസത്തില്‍ വി. ശാലിനി(32) അറസ്റ്റിലായത്. പത്രത്തില്‍ വിവാഹപരസ്യം നല്‍കിയാണ് യുവാക്കളെ വലയിൽ വീഴ്ത്തുന്നത് . വിവാഹം ചെയ്ത് യുവാക്കളുടെ സ്വര്‍ണവും പണവും കവര്‍ന്നു കടക്കുകയാണു ശാലിനിയുടെ ശൈലി .

പോലീസ് പറയുന്നതിങ്ങനെ: മലപ്പുറം കൊണ്ടോട്ടി ചീക്കോട്ട് കോളാമ്പലത്ത് മണ്ണാറയ്ക്കല്‍ വീട്ടിലാണു നിലവില്‍ ശാലിനിയുടെ താമസം. വിവാഹപരസ്യം കണ്ടു ഫോണില്‍ വിളിക്കുന്നവരെയാണ് ഇവര്‍ ഇരയാക്കുന്നത്. ഇത്തരത്തില്‍ ഇന്നലെ രാവിലെ 11 മണിയോടെ ശാലിനിയും പത്തനംതിട്ട ജില്ലയിലുള്ള യുവാവും വിവാഹത്തിനായി പന്തളത്തിനു സമീപമുള്ള കുളനട ഉള്ളന്നൂര്‍ വിളയാടിശേരില്‍ ക്ഷേത്രത്തില്‍ എത്തിയിരുന്നു. ഉച്ചയ്ക്ക് 12 മണിയോടെ വിവാഹചടങ്ങ് പൂര്‍ത്തിയാക്കി ഇരുവരും സുഹൃത്തുക്കളുമായി സംസാരിച്ച് നില്‍ക്കുന്നതിനിടെ ശാലിനി കബളിപ്പിപ്പിച്ച കിടങ്ങന്നൂര്‍ സ്വദേശിയായ യുവാവിന്റെ സുഹൃത്തും ക്ഷേത്രത്തിലെ സെക്രട്ടറിയുമായ പി.എസ്. അഭിലാഷ്, സുഹൃത്തായ വി.മനു എന്നിവര്‍ പ്രതിയെ തിരിച്ചറിഞ്ഞു. തുടര്‍ന്ന് ഇവര്‍ പോലീസില്‍ വിവരമറിയിച്ചു. സംഭവമറിഞ്ഞ് നേരത്തെ തട്ടിപ്പിനിരയായ കിടങ്ങന്നൂര്‍ സ്വദേശിയും സ്ഥലത്തെത്തി.

ഇതോടെ യുവതി രക്ഷപെടാന്‍ ശ്രമം നടത്തിയെങ്കിലും വിഫലമായി. അടൂര്‍ ഡിെവെ.എസ്.പി എസ്. റഫീക്കിന്റെ നിര്‍ദേശ പ്രകാരം സി.ഐ ആര്‍. സുരേഷ്, എസ്.ഐ എസ്.സനൂജ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമെത്തി ഉച്ചകഴിഞ്ഞ് രണ്ടുമണിയോടെ ശാലിനിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് വരനെ ആവശ്യമുണ്ടെന്ന് കാട്ടിയുള്ള ശാലിനിയുടെ പത്രപരസ്യം കണ്ടു പത്തനംതിട്ട സ്വദേശി വിളിക്കുന്നത്. തുടര്‍ന്നു ശാലിനിയുടെ സഹോദരന്റെ ഭാര്യയെന്ന് പറഞ്ഞ് ഒരു യുവതി ഫോണില്‍ വിളിച്ചു. പിന്നീട് മറ്റൊരു നമ്പറില്‍നിന്ന് ശാലിനിയും വിളിച്ചു. തുടര്‍ന്നു ശാലിനിയുടെ ആവശ്യത്തേത്തുടര്‍ന്നു മണ്ണാറശാല ക്ഷേത്രത്തിലെത്തിയ ഇരുവരും നേരിട്ടുകണ്ടു.

ബന്ധുക്കളുമായി ആലോചിച്ചശേഷം വിവാഹം നടത്താമെന്ന് യുവാവ് അറിയിക്കുകയും ചെയ്തു. എന്നാല്‍, വിവാഹം ഉടന്‍ വേണമെന്ന നിലപാടിലായിരുന്നു ശാലിനി. ആദ്യം മടിച്ചെങ്കിലും ശാലിനിയുടെ നിര്‍ബന്ധത്തിനു യുവാവ് വഴങ്ങി. ബംഗളുരുവില്‍ ജോലിയുണ്ടായിരുന്ന തനിക്ക് അടുത്ത സമയത്ത് കേരളാ ഹൈക്കോടതിയില്‍ ജോലി ലഭിച്ചെന്നും താന്‍ എല്‍.എല്‍.എം ബിരുദധാരിയാണെന്നും ശാലിനി യുവാവിനോട് പറഞ്ഞിരുന്നു. 50 പവനോളം തൂക്കം വരുന്ന സ്വര്‍ണാഭരണങ്ങള്‍ ഇവര്‍ ധരിച്ചിരുന്നതായി പോലീസ് പറഞ്ഞു. പ്രതിയെ അടൂര്‍ കോടതിയില്‍ ഹാജരാക്കി.

മുൻപ്‌ ഹൈക്കോടതി അഭിഭാഷകയെന്ന് പറഞ്ഞ്  കോട്ടയം ചിങ്ങവനം സ്വദേശിയായ ഓട്ടോഡ്രൈവര്‍ ശശിധരന്‍ നായരെ  വിവാഹം കഴിച്ച് പണവും സ്വര്‍ണവും തട്ടിയെടുത്തത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

ശശിധരന്‍നായര്‍ വിവാഹത്തിനായി വാങ്ങിയ സ്വര്‍ണാഭരണങ്ങളും വീട്ടില്‍ സൂക്ഷിച്ചിരുന്ന അമ്പതിനായിരം രൂപയും തട്ടിയെടുത്താണ് ഇവര്‍ മുങ്ങിയത്. ബന്ധുവായി സഹോദരന്‍ മാത്രമേ ഉള്ളൂ എന്നും, വിവാഹത്തിന് സഹോദരന്‍ എതിരാണെന്നും ആയിരുന്നു എന്നാണ് അന്ന്  ശാലിനി പറഞ്ഞിരുന്നത്.വിവാഹത്തിന് ശേഷം ആലപ്പുഴയില്‍ ഒരു കേസിന്റെ കാര്യത്തിന് പോലീസ് സ്‌റ്റേഷനില്‍ പോകണമെന്ന് ശശീന്ദ്രന്‍ നായരെ ശാലിനി പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നു. വിവാഹദിവസം തന്നെ വൈകീട്ട് ഇരുവരും ആലപ്പുഴയിലെത്തി. കടല്‍ത്തീരത്ത് ഏറെ നേരം ചെലവഴിച്ചതിന് ശേഷമാണ് ഇപ്പോഴെത്താം എന്ന് പറഞ്ഞ് മുങ്ങി. രാത്രി വൈകും വരെ കാത്തിരുന്നിട്ടും കാണാതിരുന്നതോടെ ശശിധരന്‍ നായര്‍ അടുത്തുള്ള പോലീസ് സ്‌റ്റേഷനുകളിലെല്ലാം അന്വേഷിച്ചു. അപ്പോഴാണ് ചതിക്കപ്പെട്ട  കാര്യം അറിയുന്നത്. ചാലക്കുടിയിലും ചെങ്ങന്നൂരിലും ഇവര്‍ക്കെതിരെ കേസുകള്‍ നിലനില്‍ക്കുന്നുണ്ട്. 2010 ല്‍ ഇവര്‍ കിടങ്ങൂര്‍ സ്വദേശിയില്‍ നിന്ന് വിവാഹ വാഗ്ദാനം നല്‍കി 28 ലക്ഷം രൂപ തട്ടിയെടുത്തിട്ടുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments