ഇന്ത്യൻ ടെലിവിഷൻ പരിപാടികൾ സംപ്രേക്ഷണം ചെയ്യുന്നതിന് പാക്കിസ്ഥാനിലെ ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അഥോറിറ്റി (പിഇഎംആർഎ) ഏർപ്പെടുത്തിയിരുന്ന വിലക്ക് ലാഹോർ ഹൈക്കോടതി നീക്കി. ടിവി പരിപാടിയിലെ പാക് വിരുദ്ധവും അധിക്ഷേപകരവുമായ ഉള്ളടക്കം നീക്കം ചെയ്യാവുന്നതാണ്. എന്നാൽ ചാനലുകളിലെ പരിപാടികൾ പൂർണമായും നിരോധിക്കേണ്ട ആവശ്യമില്ലെന്നു ലാഹോർ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഉത്തരവിട്ടു.
ഇന്ത്യൻ ചാനലുകളിലെ പരിപാടികൾ നിരോധിക്കാൻ പിഇഎംആർഎയ്ക്ക് അധികാരമില്ലെന്ന ഹർജിയിലായിരുന്നു ലാഹോർ ഹൈക്കോടതിയുടെ കോടതിയുടെ ഉത്തരവ്. ഇന്ത്യൻ ചലച്ചിത്രങ്ങൾക്ക് പ്രദർശിപ്പിക്കുന്നതിന് തീയേറ്ററുകൾക്ക് അനുമതി നൽകുന്ന സർക്കാർ ടെലിവിഷൻ പരിപാടികൾ വിലക്കുന്നതിലൂടെ വിവേചനം കാണിക്കുകയാണെന്ന് ഹർജിയിൽ ആരോപിച്ചിരുന്നു.
കഴിഞ്ഞ ഫെബ്രുവരിയിൽ ഇന്ത്യൻ ചലച്ചിത്രങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് പാക്കിസ്ഥാൻ നീക്കിയിരുന്നു. എന്നാൽ ടിവി പരിപാടികൾക്കുള്ള നിരോധനം തുടരുകയായിരുന്നു.