Friday, October 4, 2024
HomeCrimeപീഡനത്തിന് ഇരയായ പത്തുവയസുകാരി മരിച്ച കേസില്‍ മുത്തച്ഛന്‍ പോലീസ് പിടിയിൽ

പീഡനത്തിന് ഇരയായ പത്തുവയസുകാരി മരിച്ച കേസില്‍ മുത്തച്ഛന്‍ പോലീസ് പിടിയിൽ

പെണ്‍കുട്ടി നിരന്തര ലൈംഗികപീഡനത്തിന് ഇരയായിരുന്നതായി പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ട്

കുണ്ടറയില്‍ പീഡനത്തിന് ഇരയായ പത്തുവയസുകാരി മരിച്ച കേസില്‍ പ്രതിയായ മുത്തച്ഛന്‍ പോലീസ് പിടിയിൽ. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. മുത്തശ്ശിയുടെ മൊഴിയാണ് കേസില്‍ നിർണ്ണായകമായ വഴിത്തിരിവുണ്ടാക്കിയത്. മകളും പേരക്കുട്ടിയും പീഡനത്തെക്കുറിച്ച് പലതവണ പരാതിപ്പെട്ടിരുന്നുവെന്നും മുത്തശ്ശി പൊലീസിനോട് പറഞ്ഞിരുന്നു. നാല് ദിവസമായി പൊലീസ് കസ്റ്റഡിയിലായിരുന്നു പെണ്‍കുട്ടിയുടെ മുത്തച്ഛന്‍. കൊല്ലത്തെ അഭിഭാഷകന്റെ ഗുമസ്തനായിരുന്ന പ്രതി ഇപ്പോള്‍ ഒരു ലോഡ്ജിന്റെ മാനേജറാണ്.

ഇയാള്‍ പുരുഷന്‍മാരെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഉപയോഗിച്ചിരുന്നുവെന്ന മൊഴികളും പൊലീസിന് ലഭിച്ചു. ഇതേക്കുറിച്ചുള്ള ചോദ്യംചെയ്യലിലാണ് കാര്യങ്ങളുടെ ചുരുളഴിഞ്ഞത്. നേരത്തെ ചോദ്യംചെയ്യലുമായി സഹകരിക്കാതിരുന്ന പെണ്‍കുട്ടിയുടെ അമ്മ ഇന്ന് പൊലീസിനോട് സഹകരിച്ചിരുന്നു. ഇതും പ്രതിയെ കുറിച്ചുള്ള സൂചനകള്‍ ലഭിക്കാന്‍ പൊലീസിനെ സഹായിച്ചു. പൊലീസിലെ മന:ശാസ്ത്ര വിദഗ്ധരുടെ കൗണ്‍സിലിങ്ങിന് ശേഷമാണ് അമ്മ ചോദ്യം ചെയ്യലിനോട് സഹകരിക്കാന്‍ തയ്യാറായത്. പെണ്‍കുട്ടിയുടെ സഹോദരിയും പൊലീസിന് നിര്‍ണായക മൊഴി നല്കിയിട്ടുണ്ട്.

ജനുവരി 15ന് ആണ് കുണ്ടറയില്‍ 10 വയസുകാരിയെ ജനല്‍ കമ്പിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കാലുകള്‍ നിലത്ത് മുട്ടിയ നിലയിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം ഉണ്ടായിരുന്നത്. അച്ഛനും അമ്മയും തമ്മിലുള്ള കുടുംബപ്രശ്നത്തിലാണ് തൂങ്ങിമരിക്കുന്നത് എന്ന രീതിയിലുള്ള ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിരുന്നു. മരിക്കുന്നതില്‍ ആര്‍ക്കും ഉത്തരവാദിത്തമില്ലെന്നും വ്യക്തമാക്കുന്ന കുറിപ്പ് പഴയ ലിപിയിലാണ് എഴുതിയിരുന്നത്. തീയതിയും ഒപ്പും സഹിതമായിരുന്നു കുറിപ്പ്. തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ കുട്ടി നിരന്തരം ലൈംഗികപീഡനത്തിന് ഇരയായെന്ന് വ്യക്തമായിരുന്നു.
മരിക്കുന്നതിന് മൂന്ന് ദിവസം മുമ്പും പെണ്‍കുട്ടി പീഡനത്തിന് ഇരയായിരുന്നതായി പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍ കെ വല്‍സല പുതിയ അന്വേഷണ സംഘത്തിന് മൊഴി നല്കിയിട്ടുണ്ട്.

പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടുവെന്നും ശരീരത്തില്‍ 22 മുറിവുകള്‍ ഉണ്ടായിരുന്നതായും രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ പൊലീസോ അധികൃതരോ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കാര്യമായി പരിഗണിക്കുകയോ അന്വേഷണം നടത്തുകയോ ചെയ്യാതെ ആത്മഹത്യയായി കേസ് അവസാനിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ മരണം അന്വേഷിക്കുന്നതില്‍ വീഴ്ച വരുത്തിയ കുണ്ടറ എസ്ഐ രജീഷ് കുമാറിനേയും കുണ്ടറ സിഐ സാബുവിനെയും സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments