ഒാരോ ഇന്ത്യക്കാരനും വിഐപിയെന്ന് മോദി; ചുവന്ന ബീക്കൺ ലൈറ്റിന് നിയന്ത്രണം

redlight vvip car

രാജ്യത്തെ വിഐപി സംസ്‌കാരം അവസാനിപ്പിക്കുന്നതിനുള്ള മോദി സര്‍ക്കാരിന്റെ നടപടികളുടെ ഭാഗമാണ് തീരുമാനം

വിഐപികളുടെ വാഹനങ്ങളില്‍ ചുവന്ന ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തി. ഇതോടെ പ്രധാനമന്ത്രി, രാഷ്ട്രപതി ഉള്‍പ്പെടെയുള്ളവര്‍ക്കും ഇനിമുതല്‍ ചുവന്ന ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കാനാകില്ല. മെയ് മാസം ഒന്നുമുതല്‍ നിയന്ത്രണം പ്രാബല്യത്തില്‍ വരും.
ഇന്ന് ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനം കൈക്കൊണ്ടത്. രാജ്യത്തെ വിഐപി സംസ്‌കാരം അവസാനിപ്പിക്കുന്നതിനുള്ള മോദി സര്‍ക്കാരിന്റെ നടപടികളുടെ ഭാഗമാണ് തീരുമാനം.ചുവന്ന ലൈറ്റുകളും സൈറണുമായി വാഹനങ്ങള്‍ വരുന്നത് ബ്രിട്ടീഷ് കാലഘട്ടത്തെയാണ് ഓര്‍മ്മിക്കുന്നതെന്ന് സുപ്രീം കോടതി മുൻപ് പറഞ്ഞിരുന്നു.
കേന്ദ്ര പൊതുഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയാണ് മന്ത്രിസഭാ തീരുമാനം പ്രഖ്യാപിച്ചത്. ഈ സര്‍ക്കാര്‍ സാധാരണ ജനങ്ങളുടേതാണെന്നും വിഐപി സംസ്‌കാരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാല്‍ അടിയന്തര സാഹചര്യങ്ങളില്‍ ചുവന്ന ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കാമെന്ന് നിതിന്‍ ഗഡ്കരി പറഞ്ഞു.
മെയ് ഒന്നുമുതല്‍ ഉപരാഷ്ട്രപതി, ചീഫ് ജസ്റ്റിസ്, ലോക്‌സഭാ സ്പീക്കര്‍, കേന്ദ്രമന്ത്രിമാര്‍, കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ എന്നിവരുടെ വാഹനങ്ങളില്‍ ചുവന്ന ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കാന്‍ കഴിയില്ല. സംസ്ഥാന മുഖ്യമന്ത്രിമാര്‍, സംസ്ഥാന ക്യാബിനറ്റ് മന്ത്രിമാര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സുപ്രിംകോടതിയിലേയും ഹൈക്കോടതിയിലേയും ജഡ്ജിമാര്‍ എന്നിവര്‍ക്കും ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കുന്നതിന് വിലക്കുണ്ട്.
അതേസമയം, ഉത്തരവ് വന്ന് നിമിഷങ്ങള്‍ക്കകം ബീക്കണ്‍ ലൈറ്റ് നീക്കം ചെയ്ത് കേന്ദ്ര ഗതാഗതവകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി മാതൃകയായി. മെയ് ഒന്നുമുതല്‍ അത്യാവശ്യ സേവനങ്ങള്‍ക്കുള്ള വാഹനങ്ങളില്‍ മാത്രമേ ബീക്കണ്‍ ലൈറ്റ് അനുവദിക്കൂയെന്ന് അദ്ദേഹം വ്യക്തമാക്കി