പുഴയില്‍ കക്ക വാരാനിറങ്ങിയ പോളിടെക്‌നിക് വിദ്യാര്‍ഥി ജലോപരിതലത്തിലേക്കു താഴ്ന്നു കിടന്ന വൈദ്യുത കമ്പിയില്‍ തട്ടി ഷോക്കേറ്റു മരിച്ചു.
പുതുക്കൈ ചിറ്റിക്കുന്ന് വളപ്പിലെ സി.വി.പ്രണവ് (19) ആണു മരിച്ചത്. തൃക്കരിപ്പൂര്‍ പോളിടെക്‌നിക് വിദ്യാര്‍ഥിയാണ്. അരയി പുഴയിലെ മോനാച്ച കടവില്‍ വെള്ളിയാഴ്ച വൈകിട്ടു മൂന്നോടെയായിരുന്നു അപകടം.
വൈദ്യുത കമ്പി പുഴയിലെ ജലോപരിതലത്തിലേക്കു താഴ്ന്നു കിടക്കുന്ന വിവരം നേരത്തെ ഇലക്ട്രിക്കല്‍ സെക്ഷനില്‍ വിളിച്ചറിയിച്ചിട്ടും ആരും തിരിഞ്ഞു നോക്കിയില്ലെന്നു നാട്ടുകാര്‍ പറയുന്നു. പ്രണവ് കക്ക വാരാന്‍ പോയി വരുന്നതിനിടെ കമ്പി അല്‍പം കൂടി താഴുകയും പ്രണവിന്റെ കഴുത്തില്‍ തട്ടുകയുമായിരുന്നുവെന്നു പറയുന്നു. സി.വി.വാസുവിന്റെയും പ്രഭാവതിയുടെയും മകനാണ്. സഹോദരങ്ങള്‍: വിപിന്‍, വിനിഷ. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍.