കൺസ്യൂമർ ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങൾക്ക് ജൂലൈയിൽ വില കൂടും. ജൂലൈയിൽ ജി.എസ്.ടി നിലവിൽ വരുന്നതോടെ വില വർദ്ധനവ്. നേരത്തെ ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങൾക്ക് 23 ശതമാനം നികുതിയാണ് ചുമത്തിയിരുന്നത്. എന്നാൽ ജി.എസ്.ടി നിലവിൽ വരുന്നതോടെ ഇവയുടെ നികുതി 28 ശതമാനമായി വർധിക്കും. ഇതിന് ആനുപാതികമായി ഉൽപ്പന്നങ്ങൾക്കും വില വർധനയുണ്ടാകും. നാല് അഞ്ച് ശതമാനത്തിെൻറ വരെ വർധനയാണ് പ്രതീക്ഷിക്കുന്നത്.
ഉൽപ്പന്നങ്ങൾക്ക് വില വർധിക്കുന്നത് വിപണിയെ താൽക്കാലികമായി മാത്രമേ ബാധിക്കുകയുള്ളു എന്ന് ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കമ്പനികൾ അറിയിച്ചു. എന്നാൽ ഉൽസവകാല വിൽപ്പന കൂടുതൽ നടക്കുന്ന മാസങ്ങളിലുണ്ടാവുന്ന വില വർധനവ് തിരിച്ചടിയാവുമെന്ന് പാനസോണിക് ഇന്ത്യ പ്രസിഡൻറ് മനീഷ് ശർമ്മ പറഞ്ഞു.
ജി.എസ്.ടി നിലവിൽ വരുന്നതിന് മുമ്പ് ഉൽപ്പന്നങ്ങൾ വാങ്ങാൻ ഉപഭോക്താകൾ താൽപര്യം കാണിക്കുന്നുണ്ടെന്ന് വിഡീയോകോൺ ചീഫ് ഒാപ്പറേറ്റിങ് ഒാഫീസർ സി.എം സിങ് പറഞ്ഞു. ജൂലൈ യിലെ നഷ്ടം ഇപ്പോഴുള്ള മികച്ച വിൽപ്പന കൊണ്ട് മറികടക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും സിങ് കൂട്ടിച്ചേർത്തു.
അതേ സമയം, ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങൾ 28 ശതമാനം നികുതി ചുമത്തുന്നതിനെതിരെ ചെറുകിട കമ്പനികൾ രംഗത്തെത്തിയിട്ടുണ്ട്. ലോകത്ത് ഒരിടത്തും ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങൾക്ക് 28 ശതമാനം നികുതിയില്ലെന്നാണ് ഇവരുടെ പക്ഷം.