പതിനഞ്ചുകാരിയായ പെൺകുട്ടിയെ പൊലീസ് കോണ്‍സ്റ്റബിൾ ക്രൂരമായി ബലാൽസംഗം ചെയ്തു. വിവരമറിഞ്ഞു സ്ഥലത്തെത്തിയ പെണ്‍കുട്ടിയുടെ പിതാവ് ഹൃദയാഘാതം മൂലം മരണമടഞ്ഞു. കിഴക്കന്‍ ഉത്തര്‍പ്രദേശിലെ ബലിയ ജില്ലയില്‍ പൊലീസ് ഔട്ട്പോസ്റ്റിൽവച്ചു വെള്ളിയാഴ്ച രാത്രിയാണു മനുഷ്യമനഃസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം. സർവീസിൽനിന്നു സസ്പെൻഡ് ചെയ്ത പൊലീസുകാരനെ പോക്സോ നിയമപ്രകാരം അറസ്റ്റു ചെയ്തു.
പൊലീസ് ഔട്ട്പോസ്റ്റില്‍നിന്നും കരച്ചിൽ കേട്ടെത്തിയ യുവാക്കളാണു പെൺകുട്ടിയെ രക്ഷിച്ചത്. അവർ പൊലീസ് കോൺസ്റ്റബിളിനെയും പിടികൂടി. എന്നാൽ വിവരമറിഞ്ഞു സ്ഥലത്തെത്തിയ പെൺകുട്ടിയുടെ പിതാവിന് ഇവിടെവച്ച് ഹൃദയാഘാതം വന്നു. ആശുപത്രിയിൽ എത്തിക്കുന്നതിനെ മുൻപുതന്നെ പിതാവ് മരിച്ചെന്നു പ്രദേശവാസികൾ പറഞ്ഞു. നാട്ടുകാരുടെ ശ്രദ്ധ പിതാവിന്റെ അടുത്തേക്കു മാറിയ തക്കത്തിൽ പ്രതി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല.