സൈബര്‍ കുറ്റകൃത്യങ്ങളും ഭീകരതയും തടയാന്‍ സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് അറ്റോര്‍ണി ജനറല്‍ സുപ്രീംകോടതിയില്‍. തമിഴ്നാട് സര്‍ക്കാരിന് വേണ്ടി അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലാണ് പുതിയ നിര്‍ദേശം സുപ്രീംകോടതിയെ അറിയിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ നിലപാട് അറിയിക്കാന്‍ കോടതി കേന്ദ്രസര്‍ക്കാരിനും സാമൂഹ്യമാധ്യമങ്ങള്‍ക്കും നോട്ടീസയച്ചിരിക്കുകയാണ്.
സമൂഹമാധ്യമങ്ങള്‍ വഴിയുള്ള ഭീകരതയും വ്യാജപ്രചാരണവും കൂടി വരികയാണ്. ഈ സാഹചര്യത്തില്‍ സാമൂഹ്യമാധ്യമങ്ങള്‍ ഉപയോഗിക്കുന്നവരുടെ ഉത്തരവാദിത്തം ഉറപ്പിക്കേണ്ടതുണ്ടെന്നും എജി അറിയിച്ചു. ആധാര്‍ നമ്ബര്‍ ബന്ധിപ്പിക്കണമെന്ന പൊതുതാല്‍പര്യ ഹര്‍ജികളാണ് മദ്രാസ്, ബോംബെ, മധ്യപ്രദേശ് ഹൈക്കോടതികള്‍ പരിഗണിക്കുന്നത്. ഹര്‍ജികള്‍ സുപ്രീംകോടതിയിലേക്ക് മാറ്റണമെന്നായിരുന്നു ഫേസ്ബുക്കിന്റെ ആവശ്യം.
സുപ്രീംകോടതിയിലേക്ക് ഹര്‍ജികള്‍ മാറ്റരുതെന്ന് തമിഴ്‌നാടിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ ആവശ്യപ്പെട്ടു. സാമൂഹ്യ മാധ്യമങ്ങളിലെ പോസ്റ്റുകളുടെ ഉറവിടം കണ്ടെത്താന്‍ നിലവില്‍ സംവിധാനമില്ല. അതിനാല്‍ സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് എജി ആവശ്യപ്പെട്ടു.
പോസ്റ്റുകളുടെ ഉറവിടം കണ്ടത്തേണ്ടത് അനിവാര്യമാണ്. ഓണ്‍ലൈന്‍ സ്വകാര്യത ഉറപ്പാക്കേണ്ടത് പോലെ തന്നെ പ്രാധാന്യമുള്ളതാണ് വ്യാജപ്രചാരണങ്ങള്‍ നടത്തുന്നവരെ കണ്ടെത്താനുള്ള ഉത്തരവാദിത്തമെന്ന് കോടതി വ്യക്തമാക്കി. സെപ്റ്റംബര്‍ 13ന് വാദം കേള്‍ക്കുന്നതിന് മുമ്ബായി കേന്ദ്ര സര്‍ക്കാരും സമൂഹമാധ്യമങ്ങളും മറുപടി നല്‍കണമെന്ന് കോടതി വ്യക്തമാക്കി.