ആചാര സംരക്ഷണം പ്രഘോഷിച്ചവര്‍ തന്നെ പതിനെട്ടാം പടിയുടെ ആചാരം ലംഘിച്ചു. ഹരിവരാസനം പാടി നടയടച്ച ശേഷവും സന്നിധാനത്ത് പ്രശ്‌നങ്ങളുണ്ടാക്കാന്‍ ശ്രമിച്ചു. സാധാരണ ഭക്തര്‍ ഇരുമുടിക്കെട്ടിനെ ആദരവോടെയല്ലേ കാണുന്നത്. എന്നാല്‍ ഒരു നേതാവ് അത് വലിച്ചെറിഞ്ഞത് എല്ലാവരും കണ്ടതല്ലേ? മുഖ്യമന്ത്രി ചോദിച്ചു.
ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സമരം നടത്തുന്നവരുടെ യഥാര്‍ഥ ഉദ്ദേശം ഇതിനകം വ്യക്തമായി കഴിഞ്ഞു.അതാണ് ശബരിമലയിലും കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന സംഭവങ്ങള്‍ തെളിയിക്കുന്നത്.തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങള്‍ പറഞ്ഞത്.സമരത്തിന് ആര്‍എസ്എസ്സും ബിജെപിയും സംഘപരിവാരുമാണ് നേതൃത്വം വഹിക്കുന്നതെങ്കിലും തങ്ങളും അവരോടൊപ്പമെന്ന് പ്രവൃത്തിയിലൂടെ കാണിച്ച് കോണ്‍ഗ്രസ്സും നീങ്ങുകയാണ്.
ശബരിമലയോടുള്ള ഭക്തിയുടെ ഭാഗമായി പൊട്ടിപുറപ്പെട്ടതല്ല ഈ സമരങ്ങള്‍. നിയമവാഴ്ചയുള്ള രാജ്യത്ത് സുപ്രീം കോടതിയുടെ വിധി നടപ്പാക്കുകയല്ലാതെ മറ്റൊരു വഴിയും സംസ്ഥാന സര്‍ക്കാരിന് ഇല്ല എന്ന് എല്ലാവര്‍ക്കും അറിയാം. ഭരണഘടന ബെഞ്ചിന്റേതാണ് വിധി. സാധാരണ ഗതിയില്‍ കോടതി വിധി എന്തായാലും അനുസരിക്കുമെന്ന് പ്രഖ്യാപിച്ച സര്‍ക്കാര്‍ അത് നടപ്പിലാക്കാന്‍ സൗകര്യമൊരുക്കുന്ന നിലയാണ് സ്വീകരിച്ചത്.
സമരത്തിന്‍റെ കാര്യത്തില്‍ എന്താണ് സംഭവിച്ചതെന്ന് എല്ലാവരും ഓര്‍ക്കുന്നത് നല്ലതാണ്, മുഖ്യമന്ത്രി പറഞ്ഞു.സ്ത്രീകളുടെ ഭരണഘടനാപരമായ തുല്യത ഉറപ്പു വരുത്തുന്നതാണെന്ന് സുപ്രീം കോടതി തന്നെ വ്യക്തമാക്കിയ വിധി രാജ്യവ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടതാണ്. ഏറെക്കഉറെ എല്ലാവരും സ്ത്രീകള്‍ക്ക് ഭരണഘടനാപരമായ തുല്യത അനുകൂലിച്ച നിലപാടും വിധിയെ സ്വാഗതം ചെയ്ത നിലപാടുമാണ് സ്വീകരിച്ചത്. ഇത്തരം ഒരു ഘട്ടത്തില്‍ ശബരിമല ശ്രദ്ധാ കേന്ദ്രമായി മാറി.
വിദേശികളായ മാധ്യമപ്രവര്‍ത്തകരും അതോടൊപ്പം യുവതികളായ ചിലരും കോടതി വിധി അനുസരിച്ച് എത്തി. അപ്പോള്‍ പ്രക്ഷോഭകര്‍ എന്ന് പറയുന്ന ആളുകള്‍ എങ്ങനെയാണ് സമീപിച്ചത്. സഞ്ചാര സ്വാതന്ത്ര്യം തടയുന്ന നിലയാണ് പ്രക്ഷോഭകര്‍ സ്വീകരിച്ചത്. വാഹനങ്ങള്‍ തടഞ്ഞു. സഞ്ചാരം നടത്താന്‍ പറ്റാത്ത അവസ്ഥയുണ്ടാക്കി. സംഘപരിവര്‍ തന്നെയാണ് ഇത് ചെയ്തത്.ഏത് സ്ഥലത്തും എത്തിപ്പെടുന്ന മാധ്യമപ്രവര്‍ത്തകര്‍ അതിഭീകരമായി ആക്രമിക്കപ്പെട്ടു.
പൗരന്‍മാര്‍ക്ക് അവരുടേതായ രീതിയില്‍ സഞ്ചരിക്കാന്‍ കഴിയാത്ത അവസ്ഥ വന്നു. ആ ഘട്ടത്തിലാണ് പോലീസ് ഇടപെട്ടത്. കേരളത്തിലെ മാധ്യമ പ്രവര്‍ത്തകര്‍ ഒരു ഘട്ടത്തിലും അനുഭവിച്ചിട്ടില്ലാത്ത സംഘടിതമായ കയ്യേറ്റത്തിനാണ് ഇരയായത്. അതിന്‍റെ ഭാഗമായി മാധ്യമപ്രവര്‍ത്തകര്‍ കടുത്ത പ്രതിസന്ധി നേരിട്ടു.റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരോട് എങ്ങനെ റിപ്പോര്‍ട്ട് ചെയ്യണം എന്ന് സംഘപരിവാര്‍ വക്താക്കള്‍ നിര്‍ദേശിക്കുന്ന അവസ്ഥയായി.
മാസാദ്യ പൂജയുടെ അവസാന ദിവസമായപ്പോള്‍ സന്നിധാനത്ത് മാധ്യമപ്രവര്‍ത്തകര്‍ക്ക് നില്‍ക്കാന്‍ പറ്റാത്ത അവസ്ഥ സംഘപരിവാറുകാര്‍ സൃഷ്ടിച്ചിരുന്നു. അങ്ങനെ ചെയ്തതൊന്നും ഭക്തരല്ല. സംഘപരിവാര്‍ തീരുമാനിച്ച അജണ്ട നടപ്പിലാക്കുകയായിരുന്നു.
സന്നിധാനം പവിത്രമായ സ്ഥലമാണ്. ആ സന്നിധാനത്ത് തന്നെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനുള്ള ശ്രമം നടന്നു. ദര്‍ശനത്തിനെത്തുന്ന സ്ത്രീകളെ സന്നിധാനത്ത് വെച്ചു തന്നെ തടയുകയും ആക്രമിക്കുകയും ചെയ്യുന്ന സ്ഥിതിയുണ്ടായി. അവര്‍ 50 കഴിഞ്ഞ സ്ത്രീ ആയിരുന്നു. 50 കഴിഞ്ഞവരാണെന്ന് മനസ്സിലാക്കി കൊണ്ടു തന്നെ ആക്രമിക്കുന്ന സ്ഥിതിയാണ് സംഘപരിവാര്‍ സൃഷ്ടിച്ചത്.
സംഘപരിവാറിന് അന്നവിടെ പ്രശ്‌നങ്ങളുണ്ടാക്കണമായിരുന്നു. പ്രശ്‌നങ്ങളുണ്ടാക്കാന്‍ കാരണമൊന്നും കാണാന്‍ കഴിയാതെ വന്നപ്പോള്‍ 50 വയസ്സുകാരിയായ സ്ത്രീയെ ആക്രമിക്കുകയായിരുന്നു. അവര്‍ക്ക് ഒപ്പം വന്നവരെയും വളഞ്ഞു വെച്ച് ആക്രമിച്ചു. കുട്ടിക്ക് ചോറൂണ് നല്‍കാന്‍ എത്തിയ അമ്മൂമ്മയും അവരോടൊപ്പമുള്ളവരുമാണ് ആക്രമിക്കപ്പെട്ടത്. യഥാര്‍ഥത്തില്‍ ആ ദിവസം പോലീസിന്റെ ശക്തമായ ഇടപെടലുണ്ടായതുകൊണ്ടാണ് ദര്‍ശനം ഒരുക്കാന്‍ കഴിഞ്ഞത്.അവിടെയും വലിയൊരു വിരോധാഭാസം കണ്ടു.
ആചാര സംരക്ഷണമാണ് പ്രശ്‌നങ്ങളുണ്ടാക്കുന്നവര്‍ തുടര്‍ച്ചയായി പറയുന്നത്. അവര്‍ തന്നെ പതിനെട്ടാം പടിയുടെ ആചാരം ലംഘിച്ചു കൊണ്ട് കയറുന്നത് നമ്മളെല്ലാം കണ്ടു. ദൃശ്യമാധ്യമങ്ങള്‍ ആ ദൃശ്യങ്ങള്‍ പുറത്തു വിട്ടിരുന്നു. സാധാരണയായി ശബരിമലയെ ഭക്താദരപൂര്‍വ്വമാണ് വിശ്വാസികള്‍ സമീപിക്കുന്നത്.ഇപ്പോള്‍ മണ്ഡല മകരവിളക്കിന് നട തുറക്കേണ്ട ഘട്ടത്തില്‍ ലക്ഷക്കണക്കിന് ഭകതര്‍ക്ക് ശരിയായ രീതിയില്‍ ദര്‍ശനം നടത്തണം. ആ രീതിയിലുള്ള നടപടികളാണ് ദേവസ്വം ബോര്‍ഡ് സ്വീകരിച്ചത്. ബോര്‍ഡിന്റെ നടപടികള്‍ക്ക് പിന്തുണ നല്‍കാന്‍ സര്‍ക്കാരും സന്നദ്ധമായിട്ടുണ്ട്.
മണ്ഡല മകരവിളക്കിന് നടതുറക്കുമ്പോള്‍ സര്‍ക്കാരിനും ബോര്‍ഡിനും ഒരൊറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ. ദര്‍ശന സൗകര്യം ഒരുക്കുക. അങ്ങനെ ദര്‍ശന സൗകര്യത്തിന് തടസ്സം സൃഷ്ടിക്കുന്നവരെ കണ്ടില്ലെന്ന് നടിക്കാന്‍ പോലീസിനാവില്ല. തടസ്സങ്ങള്‍ സൃഷ്ടിക്കാന്‍ തയ്യാറായി വരുന്നവരേ ഒഴിവാക്കാനുള്ള സമീപനം സ്വാഭാവികമായും സര്‍ക്കാരിന് സ്വീകരിക്കേണ്ടി വരും. അത് സ്വീകരിച്ചിട്ടുമുണ്ട്. ഒരു യഥാര്‍ഥ ഭക്തനെയും ഇതിന്‍റെ ഭാഗമായി ബുദ്ധിമുട്ടിക്കാനല്ല. പകരം ഭക്തര്‍ക്ക് ദര്‍ശന സൗകര്യം ഒരുക്കാനുള്ള ക്രമീകരണത്തിനാണ് സര്‍ക്കാര്‍ മുതിര്‍ന്നത്. ഭക്തരാണ് എന്ന് അവകാശപ്പെട്ട് വന്നവര്‍ സംഘപരിവാറിന്‍റെ പ്രമുഖ നേതാക്കളെന്ന് ഇതിനകം തന്നെ വ്യക്തമായിട്ടുണ്ട്.
ബിജെപി സര്‍ക്കുലറിലെ വാചകം ഇതാണ് ‘ഓരോ മണ്ഡലത്തില്‍ നിന്നും പരമാവധി പ്രവര്‍ത്തകരെ അയക്കണം. ഒരു സംഘ ജില്ലയിലെ നിയോജക മണ്ഡലങ്ങളാണ് ഒരു ദിവസം പോവേണ്ടത്. ഇതിനായി ഇന്‍ചാര്‍ജ്ജുകാരെയും നിശ്ചയിച്ചിട്ടുണ്ട്.എത്തുന്ന പ്രതിഷേധക്കാര്‍ക്ക് നേതൃത്വം നല്‍കാന്‍ നേതാക്കളെയും നിശ്ചയിച്ചിട്ടുണ്ട്’. ബിജെപിയുടെ സര്‍ക്കുലര്‍ മാധ്യമങ്ങള്‍ പുറത്തു വിട്ടതോടെ ആര്‍ക്കും സംശയത്തിന് വഴിയില്ല. എന്തിനാണ് വരുന്നതെന്നും എങ്ങനെയാണ് വരുന്നതെന്നും വ്യക്തമാണ്, മുഖ്യമന്ത്രി പറഞ്ഞു.