Wednesday, December 11, 2024
HomeCrimeനടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസില്‍ രണ്ടുപേര്‍കൂടി അറസ്റ്റിലായി

നടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസില്‍ രണ്ടുപേര്‍കൂടി അറസ്റ്റിലായി

കാറിൽ തട്ടിക്കൊണ്ടുപോയി നടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസില്‍ രണ്ടുപേര്‍കൂടി അറസ്റ്റിലായി. മുഖ്യ പ്രതി പള്‍സര്‍ സുനിയെ രക്ഷപ്പെടാന്‍ സഹായിച്ച അമ്പലപ്പുഴ കാക്കാഴം സ്വദേശി അന്‍വര്‍, പള്‍സര്‍ സുനിക്കൊപ്പം ഒളിവില്‍പോയ മണികണ്ഠന്‍ എന്നിവരാണ് അറസ്റ്റിലായത്. എന്നാല്‍ മണികണ്ഠന്റെ അറസ്റ്റ് പൊലീസ് ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ല. കേസില്‍ അഞ്ചുപേരാണ് പിടിയിലായിട്ടുള്ളത്.അന്വേഷണസംഘം സുനിയുടെ മൊബൈല്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് ആലപ്പുഴയില്‍ എത്തിയെങ്കിലും പിടികൂടാൻ കഴിഞ്ഞില്ല .

വെള്ളിയാഴ്ച രാത്രി സംഭവം കഴിഞ്ഞ് ഓട്ടോയില്‍ അമ്പലപ്പുഴയില്‍ എത്തിയ സുനിലിനെ പണം നല്‍കി അവിടെനിന്ന് കടക്കാന്‍ സഹായിച്ചത് അന്‍വറാണെന്ന് പൊലീസ് പറഞ്ഞു. അന്‍വറടക്കം സുനിലിനെ സഹായിച്ച അഞ്ചുപേരില്‍നിന്ന് പൊലീസ് മൊഴിയെടുത്തു. കഴിഞ്ഞ രണ്ടാഴ്ച സുനില്‍ ഫോണില്‍ബന്ധപ്പെട്ടവരടക്കം 48 പേരില്‍നിന്ന് ഇതിനകം മൊഴിയെടുത്തിട്ടുണ്ട്. അതിനിടെ പിടികിട്ടാനുള്ള പ്രതികളെ തെരഞ്ഞ് മൂന്ന് സംഘങ്ങള്‍ കേരളത്തിനു പുറത്തേക്ക് തിരിച്ചു.

മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മണികണ്ഠന്‍ പിടിയിലായത്. പാലക്കാട്ടുനിന്നാണ് ഇയാള്‍ പിടിയിലായതെന്നാണ് സൂചന. നടിയെ ആക്രമിച്ചശേഷം സുനി, മണികണ്ഠന്‍, വിജീഷ് എന്നിവര്‍ ഒരുമിച്ചാണ് ഒളിവില്‍ പോയത്.

സുനിലടക്കം നാലുപേര്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കി. കേസില്‍ പ്രതികളായ തലശേരി സ്വദേശി വി പി വിജീഷ്, തമ്മനം സ്വദേശി മണികണ്ഠന്‍ എന്നിവരാണ് സുനിലിനൊപ്പം ഹൈക്കോടതിയിലും ആലുവ മജിസ്ട്രേട്ട് കോടതിയിലും ജാമ്യാപേക്ഷ നല്‍കിയത്. വിജീഷിന്റെ മൊബൈല്‍, പാസ്പോര്‍ട്ട്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ ആലുവ കോടതിയില്‍ ഹാജരാക്കി. പിടിയിലായ വടിവാള്‍ സലീമും ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യപേക്ഷ നല്‍കി. ജാമ്യാപേക്ഷകള്‍ ചൊവ്വാഴ്ച പരിഗണിച്ചേക്കും. തങ്ങളെ കുടുക്കിയതാണെന്നും 376-ാം വകുപ്പു പ്രകാരമുള്ള കുറ്റം ചെയ്തിട്ടില്ലെന്നുമാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നത്. ശനിയാഴ്ച രാത്രിയാണ് സുനിലും മറ്റ് രണ്ടുപേരും നേരിട്ടെത്തി ജാമ്യാപേക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ടതെന്ന് അഭിഭാഷകന്‍ ഇ സി പൌലോസ് മാധ്യമങ്ങളോടു പറഞ്ഞു.

അതിനിടെ, സുനില്‍ അവസാനം ബന്ധപ്പെട്ട നിര്‍മാതാവ് ആന്റോ ജോസഫ് ഫലത്തില്‍ സുനിലിന് രക്ഷപ്പെടാനുള്ള അവസരം ഉണ്ടാക്കുകയാണെന്ന് ആരോപണം ഉയര്‍ന്നു. എന്നാല്‍ പൊലീസിന്റെ സാന്നിധ്യത്തിലാണ് താന്‍ വിളിച്ചതെന്നും സുനില്‍ എടുത്തശേഷം ഫോണ്‍ എസ്പിക്കു കൈമാറിയെന്നും ആന്റോ ജോസഫ് പറയുന്നു.

കൊച്ചിയില്‍ അക്രമത്തിനിരയായ നടിയുമായി മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണ്നും ടെലിഫോണില്‍ സംസാരിച്ചു. അക്രമികള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ധാര്‍മികമായ എല്ലാ പിന്തുണയും അറിയിച്ചു.

അക്രമികളെ പിടികൂടാനും ശിക്ഷണ നടപടികള്‍ക്കു വിധേയമാക്കാനുമുള്ള എല്ലാ സഹായവും ഉണ്ടാവുമെന്ന് കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി .

RELATED ARTICLES
- Advertisment -

Most Popular

Recent Comments