ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് ഏകദിനം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ തന്നെ നടത്താന്‍ ബി.സി.സി.ഐ തീരുമാനിച്ചതായി സൂചന

greenfield stadium

കൊച്ചിയില്‍ ക്രിക്കറ്റ് മത്സരം നടത്തുന്നതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് ഏകദിനം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ തന്നെ നടത്താന്‍ ബി.സി.സി.ഐ തീരുമാനിച്ചതായി സൂചന. ഫിഫ അംഗീകാരമുള്ള കേരളത്തിലെ ഏക സ്റ്റേഡിയമായ കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ ക്രിക്കറ്റ് മത്സരം നടത്താന്‍ തീരുമാനിച്ചതിനെതിരെ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, ശശി തരൂര്‍ എം.പി തുടങ്ങിയവര്‍ പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് മാറ്റം.മത്സരം കൊച്ചിയില്‍ തന്നെ നടത്തണമെന്ന വാശിയില്ലെന്ന് കേരളാ ക്രിക്കറ്റ് അസോസിയേഷനും അറിയിച്ചതോടെ മത്സരം തിരുവനന്തപുരത്ത് തന്നെ നടത്തുമെന്ന് ഏകദേശം ഉറപ്പായി. കൊച്ചിയില്‍ നിന്ന് കെ.സി.എയെ ഇറക്കിവിടാന്‍ നീക്കം നടത്തുന്നതായും കെ.സി.എ സെക്രട്ടറി വ്യക്തമാക്കി. നേരത്തെ തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുമെന്ന് അറിയിച്ചിരുന്ന ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് ഏകദിന മത്സരം പിന്നീട് കൊച്ചിയിലേക്ക് മാറ്റുകയായിരുന്നു. കേരളാ ക്രിക്കറ്റ് അസോസിയേഷനും സ്റ്റേഡിയം ഉടമകളായ ഗ്രേറ്റര്‍ കൊച്ചി ഡെവലപ്പ്‌മെന്റ് അതോറിറ്റി(ജി.സി.ഡി.എ)യും തമ്മില്‍ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് വേദി കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തിലേക്ക് മാറ്റാന്‍ തീരുമാനമായത്