ടൊയോട്ട സണ്ണി (81) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. കുവൈത്തിലെ പ്രവാസി ഇന്ത്യക്കാരിൽ പ്രമുഖനായിരുന്നു മാത്തുണ്ണി മാത്യൂസ് (ടൊയോട്ട സണ്ണി-81). ശനിയാഴ്ച വൈകിട്ട് ഇന്ത്യൻ സമയം 6.30നാണ് മരണം. രോഗ ബാധയെത്തുടർന്നു തുടർന്ന് ഏതാനും മാസങ്ങളായി ചികിത്സയിലായിരുന്നു. സംസ്കാരം പിന്നീട്.
1990ലെ ഇറാഖ് അധിനിവേശ കാലത്ത് കുവൈത്തിൽ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ സ്വദേശത്ത് എത്തിക്കുന്നതിന് അദ്ദേഹം നടത്തിയ ശ്രമങ്ങൾ ശ്രദ്ധ നേടിയിരുന്നു. 2003ലെ ഗൾഫ് യുദ്ധകാലത്തും ഇന്ത്യൻ സമൂഹത്തിന് ആത്മധൈര്യവുമായി അദ്ദേഹം മുൻനിരയിലുണ്ടായിരുന്നു.
കോട്ടയം കുമ്പനാട്ട് പരേതരായ എ.സി. മാത്യൂസിന്റെയും ആച്ചിയമ്മയുടെയും മകനായ എം.മാത്യൂസ് 1956ലാണ് ജോലിതേടി കുവൈത്തിൽ എത്തിയത്. 1957ൽ നാസർ മുഹമ്മദ് അൽ സായർ ആന്റ് കമ്പനിയിൽ ജോലിയിൽ പ്രവേശിച്ച അദ്ദേഹം, 1989ൽ കമ്പനി ജനറൽ മാനേജരായാണ് വിരമിച്ചത്. തന്റെ വ്യാപാരവൈഭവം കൊണ്ട് ടൊയോട്ട കാറുകളെ കുവൈത്തിൽ മുന്നിലെത്തിക്കുന്നതിനായി നടത്തിയ പ്രവർത്തനങ്ങളാണ് എം.മാത്യൂസിനെ ടൊയോട്ട സണ്ണിയാക്കിയത്.
1990 മുതൽ സ്വന്തമായി സ്ഥാപിച്ച സഫീന കാർ റെന്റൽ കമ്പനി, സഫീന ജനറൽ ട്രേഡിങ് കമ്പനി എന്നിവയുടെ മാനേജിങ് പാർട്ണറും ജാബ്രിയ ഇന്ത്യൻ സ്കൂൾ ചെയർമാനുമാണ്. കുവൈത്ത് ഇന്ത്യൻ ആർട്സ് സർക്കിളിന്റെ സ്ഥാപകരിൽ പ്രമുഖനാണ്. ഇന്ത്യൻ ബിസിനസ് കൗൺസിൽ, ഇന്ത്യൻ സ്കൂൾ എന്നിവയുടെ ചെയർമാനായിട്ടുണ്ട്. ഇന്ത്യൻ കമ്യൂണിറ്റി സ്കൂളിന്റെ ആദിരൂപമായ ഇന്ത്യൻ സ്കൂളിന്റെ ട്രസ്റ്റി അംഗവും ചെയർമാനുമായി പ്രവർത്തിച്ചിട്ടുണ്ട്.
കുവൈത്തിലെ പഴയകാല ലയാളി കൂട്ടായ്മയായ കുവൈത്ത് മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷന്റെ രൂപവൽക്കരണത്തിൽ മുഖ്യപങ്കു വഹിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള നൂറോളം സഭകളുടെ ആരാധനാ കേന്ദ്രമായ നാഷണൽ ഇവാൻജലിക്കൽ ചർച്ച് (എൻഇസികെ) സമിതിയിലെ മുതിർന്ന അംഗമാണ്.
ഭാര്യ മേരി മാത്യു. മക്കൾ: ജെയിംസ് എം.മാത്യൂസ് (ബിസിനസ്, കുവൈത്ത്, ബെംഗളൂരു), ആനി എം.മാത്യു (ഡൽഹി), സൂസൺ എം.മാത്യൂസ് (യുഎൻ മനുഷ്യാവകാശ കമ്മീഷനിൽ അഭിഭാഷക, ജനീവ). മരുമക്കൾ: റീബ, സുകിത് ഭട്ടാചാര്യ (കംപ്യൂട്ടർ പ്രഫഷണൽ, ഹോളണ്ട്).