ലൈംഗികാതിക്രമം ചെറുക്കുവാൻ യുവതി ജനനേന്ദ്രിയം ഛേദിച്ച സ്വാമി ഗംഗേശാനന്ദ എന്ന ശ്രീഹരി സംഘ്പരിവാർ സമരങ്ങളുടെ മുന്നണിപ്പോരാളിയായിരുന്നുവെന്നു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഘ്പരിവാർ സംഘടനകൾക്ക് വേണ്ടി സർക്കാർ ഉൾപ്പെടെ ഭരണസംവിധാനങ്ങളുമായി ചർച്ചനടത്തിയ സംഘങ്ങളിൽ ഇയാൾ അംഗമായിരുന്നു. കോലഞ്ചേരിയിൽ വർഷങ്ങൾക്ക് മുമ്പ് നടത്തിയിരുന്ന ഹോട്ടൽ പൊട്ടിയതോടെ മുങ്ങിയ ശ്രീഹരി പിന്നീട് സന്യാസവേഷത്തിലായിരുന്നു പൊങ്ങിയത്.
സംഘ്പരിവാർ സംഘടനകളുടെ വിവിധ പരിപാടികളിൽ മുൻനിരയിൽ ഗംഗേശാനന്ദ തീർഥപാദ എന്ന പേരിൽ ഇയാളുണ്ടായിരുന്നു. ഹോട്ടലിന് വേണ്ടി പണം മുടക്കിയ കൂട്ടുകാരെവരെ പറ്റിച്ചാണ് അന്ന് മുങ്ങിയത്. ബുള്ളറ്റിൽ നാടുചുറ്റിയിരുന്ന ഹരിസ്വാമിക്ക് ചിലർ ബുള്ളറ്റ് സ്വാമി എന്ന പേരും നൽകി. കുറച്ചുവർഷങ്ങളായി തിരുവനന്തപുരത്തെ ഹിന്ദുവിഷയങ്ങളിലെല്ലാം ഹരിസ്വാമി സജീവമാണ്.
കണ്ണമ്മൂലയിലെ ചട്ടമ്പിസ്വാമി ജന്മഭൂമി വിഷയവുമായി ബന്ധപ്പെട്ട സമരങ്ങളിലും ഇയാൾ സജീവമായിരുന്നു. മലബാർ മേഖലയിലെ 120 ക്ഷേത്രങ്ങൾ ഏറ്റെടുക്കാൻ ദേവസ്വംബോർഡ് തീരുമാനിച്ചപ്പോൾ അതിനെതിരെ സംഘ്പരിവാർ ശക്തികൾ പ്രഖ്യാപിച്ച സമരരംഗത്തുണ്ടായിരുന്നു. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്യുതാനന്ദനെ സന്ദർശിച്ച സംഘത്തിലും ഇൗ ‘സ്വാമി’ മുന്നണിയിലും ഹൈന്ദവസ്ഥാപനങ്ങളിലെ ചടങ്ങുകളിൽ മുഖ്യപ്രഭാഷകനുമായിരുന്നു. ആറന്മുളയിലെ പരിസ്ഥിതി സംരക്ഷണ പരിപാടികളിലും ഇയാൾ പങ്കെടുത്തിരുന്നു. സന്യാസി ശ്രേഷ്ഠന്മാരുടെ ഉന്നത നേതൃസമ്മേളനത്തിന്റെ കൺവീനറും സ്വാമിയായിരുന്നു. ബി.ജെ.പി അധ്യക്ഷൻ കുമ്മനം രാജശേഖരൻ ഹിന്ദുഐക്യവേദി നേതാവായിരുന്നപ്പോൾ അദ്ദേഹത്തിനൊപ്പം ഹരി പങ്കെടുക്കുന്ന ചില പരിപാടികളുടെ ഫോട്ടോകളും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.