ആറു മാസത്തിനകം മതം മാറിയില്ലെങ്കിൽ വധശിക്ഷ നൽകുമെന്ന് സാഹിത്യകാരൻ കെ.പി.രാമനുണ്ണിക്കു ഭീഷണിക്കത്ത്. ആറു ദിവസം മുൻപാണ് കത്തു ലഭിച്ചത്. തുടർന്ന് പോലീസിൽ പരാതി നൽകി. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ഹിന്ദു–മുസ്‌ലിം മതവിഭാഗങ്ങളെ താരതമ്യപ്പെടുത്തി ലേഖനമെഴുതിയതിനെ തുടർന്നാണ് ഭീഷണിക്കത്ത് ലഭിച്ചത്. നിഷ്കളങ്കരായ മുസ്‌ലിംകളെ വഴിതെറ്റിക്കുന്നതാണ് ലേഖനമെന്നും ഇതിൽനിന്നു പിന്മാറണമെന്നുമാണ് കത്തിലെ പ്രധാന ആവശ്യം. അവിശ്വാസികൾക്കു ദൈവം നൽകിയിരിക്കുന്ന ശിക്ഷാവിധി വധശിക്ഷയാണ്. താങ്കളുടെ കാര്യത്തിൽ ഇതിനായി ആറുമാസത്തെ കാലയളവു നൽകുന്നു. അതിനകം മതം മാറിയില്ലെങ്കിൽ വധിക്കുമെന്നും കത്തിൽ പറയുന്നു.
ആറുദിവസം മുൻപ് കെ.പി.രാമനുണ്ണിയുടെ കോഴിക്കോട്ടെ വസതിയിൽ തപാൽ മാർഗമാണ് കത്തുലഭിച്ചത്. സുഹൃത്തുക്കളോടും മറ്റു സാഹത്യകാരന്മാരോടും ആലോചിച്ചതിനുശേഷമാണ് പരാതി നൽകാൻ തീരുമാനിച്ചത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.