പാര്‍ലെ ജി ബിസ്‌ക്കറ്റ് നിര്‍മ്മാതാക്കൾ തകർച്ചയുടെ വക്കിൽ . ബിസ്‌ക്കറ്റ് വില്‍പ്പന ഇടിഞ്ഞതോടെ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ കമ്പനി ജീവനക്കാരെ പിടിച്ചുവിടാന്‍ ഒരുങ്ങുകയാണ്. ഉത്പാദനം കുറയ്ക്കുന്നതിനെ തുടര്‍ന്നാണ് ജീവനക്കാരെ പിരിച്ചുവിടുന്നതെന്ന് കമ്പനി എക്‌സിക്യൂട്ടീവ് പറഞ്ഞു.രാജ്യം സാമ്പത്തിക മാന്ദ്യത്തിലൂടെ കടന്നുപോകുന്നതോടെ കാര്‍ നിര്‍മ്മാതാക്കള്‍ മുതല്‍ ചെറുകിട കച്ചവടക്കാര്‍ വരെ പ്രതിസന്ധിയുടെ വക്കിലാണ്. സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള ഉത്തേജന നടപടികള്‍ ഉണ്ടായില്ലെങ്കില്‍ പ്രതിസന്ധി ഇനിയും രൂക്ഷമാകുമെന്ന സൂചനയാണ്.
ബിസ്‌ക്കറ്റ് വില്‍പ്പന കുത്തനെ ഇടിഞ്ഞതോടെ പാര്‍ലെ ഉത്പാദനവും വെട്ടിക്കുറച്ചിരുന്നു. ഇതോടെ 8,000-10,000 ജീവനക്കാര്‍ കമ്പനിയില്‍ അധികമായി. സ്ഥിതി വളരെ മോശമാണ്. സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ടില്ലെങ്കില്‍ കമ്പനി തന്നെ ഇല്ലാതാകുമെന്ന് കാറ്റഗറി മേധാവി മായങ്ക് ഷാ പറഞ്ഞു.
1929ല്‍ സ്ഥാപിച്ച പാര്‍ലെയില്‍ 10 യൂണിറ്റുകളിലും 125 കരാര്‍ പ്ലാന്റുകളിലുമായി ഒരു ലക്ഷത്തോളം പേരാണ് നേരിട്ടും കരാര്‍ വ്യവസ്ഥയിലും ജോലി ചെയ്യുന്നത്. ജി.എസ്.ടി വന്നതോടെ പാര്‍ലെ ജി പോലെയുള്ള ബ്രാന്റഡ് ബിസ്‌ക്കറ്റുകളുടെ നിലനില്‍പ്പുതന്നെ ഇല്ലാതായി. അഞ്ചു രൂപ വിലയുള്ള ബിസ്‌ക്കറ്റ് പായ്ക്കറ്റുകള്‍ക്കു പോലും ഉയര്‍ന്ന നികുതിയാണ് ചുമത്തുന്നതെന്നും മായങ്ക് ഷാ കൂട്ടിച്ചേര്‍ത്തു.