കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായ പി ചിദംബരത്തിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി. ഇതോടെ ചിദംബരത്തെ അറസ്റ്റ് ചെയ്യാനുള്ള സിബിഐ നീക്കം തല്‍കാലം ഉണ്ടാവില്ലെന്നാണ് സൂചന. ചിദംബരത്തിന്‍റെ അറസ്റ്റ് തടയുന്നതിനുള്ള ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിച്ചില്ല. ചിദംബരത്തിന്‍റെ അറസ്റ്റ് ഒഴിവാക്കാന്‍ അവസാനവട്ട ശ്രമങ്ങള്‍ അഭിഭാഷകര്‍ നടത്തയെങ്കിലും ചിദംബരം നല്‍കിയ ഹര്‍ജി സുപ്രീംകോടതി പരിഗണിച്ചില്ല.
കോടതി പിരിഞ്ഞെങ്കിലും ഹര്‍ജി ഇന്നുതന്നെ ചീഫ് ജസ്റ്റിസിന് മുന്നിലെത്തിക്കാന്‍ അഭിഭാഷകര്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍, സാങ്കേതികപിഴവുകള്‍ കാരണം ലിസ്റ്റ് ചെയ്യാനാവാതെ പോയ ഹര്‍ജി ക്രമം ലംഘിച്ചു കേള്‍ക്കാന്‍ ജസ്റ്റിസ് എന്‍ വി രമണ നേരത്തെ വിസമ്മതിച്ചിരുന്നു. തുടര്‍ന്ന് ഹര്‍ജി ചീഫ് ജസ്റ്റിസിന് കൈമാറിയിരുന്നു. എന്നാല്‍, അയോധ്യ കേസ് പരിഗണിക്കുന്നതിന്‍റെ തിരക്കിലായിരുന്ന ചീഫ് ജസ്റ്റിസിന് മുന്നില്‍ കേസ് പരാമര്‍ശിക്കാന്‍ പോലും ചിദംബരത്തിന്‍റെ അഭിഭാഷകര്‍ക്ക് കഴിഞ്ഞില്ല.