കുറ്റിപ്പുറത്ത് യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചത് അയാളുടെ ഭാര്യ തന്നെയാണെന്ന് പൊലീസ്. ആറു മാസം മുമ്പ് ഇരുവരും രഹസ്യമായി വിവാഹം കഴിച്ചിരുന്നു. രജിസ്റ്റര്‍ വിവാഹത്തിനു ശേഷം ജീവിത പങ്കാളിയായി പരസ്യമായി യുവാവ് അംഗീകരിക്കാന്‍ തയ്യാറാകാതിരുന്നത് യുവതിയെ പ്രകോപിപ്പിച്ചിരുന്നു.
ഇതിനിടെ ഗള്‍ഫിലേക്കു പോയ യുവാവ് തിരികെ നാട്ടിലെത്തിയപ്പോള്‍ മറ്റൊരു പെണ്‍കുട്ടിയുമായി വീട്ടുകാര്‍ വിവാഹം ഉറപ്പിക്കുകയും ചെയ്തു. ഇതറിഞ്ഞ യുവതി, യുവാവിനെ വിളിച്ചുവരുത്തുകയായിരുന്നു. വ്യാഴാഴ്ച രാവിലെയാണ് കുറ്റിപ്പുറത്ത് മുറിയെടുത്തത്.
അധികം വൈകാതെ ആക്രമണവും നടന്നു. തിരൂര്‍ റെയില്‍വേ സ്റ്റേഷനു സമീപമുള്ള ഒരു കടയില്‍നിന്നാണ് തെര്‍മോകോള്‍ മുറിക്കുന്ന ബ്ലേഡ് വാങ്ങിയതെന്നും പെണ്‍കുട്ടി പറഞ്ഞു. ഈ ബ്ലേഡ് ഉപയോഗിച്ചാണ് കൃത്യം നടത്തിയത്. പൊന്നാനി പുറത്തൂര്‍ സ്വദേശി ഇര്‍ഷാദാണ് ആക്രമിക്കപ്പെട്ടത്.
ലോഡ്ജിലെ ജീവനക്കാരാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. ജനനേന്ദ്രിയത്തിന്റെ 70 ശതമാനത്തോളം അറ്റുപോയ നിലയില്‍ ഇയാളെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. യുവാവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ രക്ഷപ്പെട്ട യുവതിയെ പിന്നീട് പോലീസ് പിടികൂടുകയായിരുന്നു.
പെരുമ്പാവൂര്‍ സ്വദേശിയായ യുവതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് നിര്‍ണായക വിവരം ലഭിച്ചത്. അതേസമയം, താന്‍ സ്വയമാണു ജനനേന്ദ്രിയം മുറിച്ചതെന്നാണ് ഇര്‍ഷാദ് അവകാശപ്പെടുന്നത്. പോലീസിന്റെ ചോദ്യം ചെയ്യലില്‍ താനാണ് മുറിച്ചതെന്ന് യുവതിയും പറയുന്നുണ്ട്. എന്നാല്‍ ഇക്കാര്യങ്ങള്‍ സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. ഇരുവര്‍ക്കുമെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല.
നാലു മാസം മുന്‍പ് സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രീയം മുറിച്ചത് ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. സ്വാമി താമസിച്ചിരുന്ന വീട്ടിലെ പെണ്‍കുട്ടി പീഡനശ്രമത്തിനിടെ മുറിച്ചതാണെന്ന് ആദ്യം റിപ്പോര്‍ട്ട് വന്നിരുന്നു. എന്നാല്‍ ചിലര്‍ വൈരാഗ്യം തീര്‍ക്കാന്‍ സ്വാമിയെ ആക്രമിക്കുകയായിരുന്നുവെന്നും സൂചനയുണ്ട്. പീഡനക്കേസില്‍ അറസ്റ്റിലായ സ്വാമിക്ക് പോലീസ് കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകിയതോടെ 90 ദിവസം കഴിഞ്ഞപ്പോള്‍ കോടതി സ്വഭാവിക ജാമ്യം നല്‍കുകയായിരുന്നു.