2.5 കോടി ജിമെയില്‍, യാഹൂ അക്കൗണ്ടുകള്‍ ചോര്‍ത്തി വില്‍പനയ്ക്ക് വെച്ചിരിക്കുന്നു

hacked email

ഇന്റർനെറ്റ് ഉപയോക്താക്കളെ അമ്പരപ്പിക്കുന്ന വാര്‍ത്തയാണ് ഡാര്‍ക്ക് വെബ്സൈറ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരുടെ 2.5 കോടി ജിമെയില്‍, യാഹൂ അക്കൗണ്ടുകള്‍ ചോര്‍ത്തി ഡാര്‍ക്ക് വെബില്‍ വില്‍പനയ്ക്ക് വെച്ചതായാണ് റിപ്പോര്‍ട്ട്. സമാനമായ സംഭവങ്ങള്‍ നേരത്തെയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും ഇത്രയും അക്കൗണ്ടുകള്‍ ഒന്നിച്ച്‌ വില്‍പനയ്ക്ക് വയ്ക്കുന്നത് ഇത് ആദ്യമായാണ്.
‘SunTzu583’ എന്ന വ്യക്തിയാണ് 25 ദശലക്ഷം അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് ഓണ്‍ലൈനില്‍ വില്‍പനയ്ക്ക് വെച്ചിരിക്കുന്നത്. ഇത്രയും അക്കൗണ്ടുകള്‍ക്ക് കേവലം 450 ഡോളറാണ് (ഏകദേശം 30,000 രൂപ) വിലയിട്ടിരിക്കുന്നത്.
ഇതില്‍ 21,800,969 അക്കൗണ്ടുകളും ജിമെയില്‍ ഉപയോക്താക്കളുടേതാണ്.
2012 മുതല്‍ 16 വരെയുള്ള കാലയളവില്‍ ഡ്രോപ്ബോക്സ്, നുള്‍ഡ് ഡോട്ട് സിആര്‍, എംപിജിഎച്ച്‌ ഡോട്ട് നെറ്റ് എന്നിവ വഴിയാണ് അക്കൗണ്ടുകള്‍ ചോര്‍ത്തിയത്. എന്നാല്‍ ലിങ്ക്ഡ് ഇന്‍, അഡോബി, ബിറ്റ്കോയിന്‍ സെക്യൂരിറ്റി ഫോറങ്ങളില്‍ നിന്നാണ് അക്കൗണ്ടുകള്‍ ചോര്‍ത്തിയതെന്നാണ് ഹാക്കര്‍ പറയുന്നത്.