സി ആര്‍ മഹേഷ് കോണ്‍ഗ്രസ് വിട്ടു

കോണ്‍ഗ്രസില്‍ ഇനിയും ചീഞ്ഞളിഞ്ഞ് നില്‍ക്കാനാവില്ലെന്നും മഹേഷ്

സി ആര്‍ മഹേഷ് കോണ്‍ഗ്രസ് വിട്ടു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ടായ അദ്ദേഹം പറയുന്നത് പാര്‍ടിയില്‍ ചീഞ്ഞ് നാറി നില്‍ക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നാണ്. മഹേഷ് രാഹുല്‍ ഗാന്ധി സ്ഥാനം ഒഴിയണമെന്നു ഫേസ്‌ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു.

ആര്‍എസ്എസ്-സംഘപരിവാര്‍ പ്രചാരകനായി തന്നെ കോണ്‍ഗ്രസ് നേതാക്കള്‍ ചിത്രീകരിക്കുന്നതില്‍ പ്രതിഷേധിച്ച് പാര്‍ടി വിടുകയാണെന്നാണ് വാര്‍ത്താ സമ്മേളനത്തില്‍ മഹേഷ് പറഞ്ഞത്. കെപിസിസി ജനറല്‍ സെക്രട്ടറി പി സി വിഷ്ണുനാഥ് അടക്കമുള്ളവര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ നടത്തിയ പ്രസ്താവനയിലാണ് ആര്‍എസ്എസുകാരനായി ചിത്രീകരിച്ചത്.

കോണ്‍ഗ്രസില്‍ ഇനിയും ചീഞ്ഞളിഞ്ഞ് നില്‍ക്കാനാവില്ലെന്നും മഹേഷ് പറഞ്ഞു. രാഹുല്‍ ഗാന്ധിക്ക് നേതൃത്വം ഏറ്റെടുത്ത് നയിക്കാന്‍ താല്‍പര്യമില്ലെങ്കില്‍ സ്ഥാനമൊഴിയണമെന്നും എ കെ ആന്റണി ഡല്‍ഹിയില്‍ മൌനി ബാബയായി തുടരുകയാണെന്നും മഹേഷ് പറഞ്ഞിരുന്നു.
ആരുടെ മുന്നിലും തലചൊറിഞ്ഞ് ഓശാന പാടി നില്‍ക്കാന്‍ തന്നെ കിട്ടില്ല. വിഷണുനാഥിന്റെ പ്രസ്താവന സംഘടിതമായ ആക്രമണമാണ്. വിഷ്ണുനാഥിന്റെ വിരട്ടല്‍ തന്നോട് വേണ്ട. കോണ്‍ഗ്രസില്‍ നില്‍ക്കുന്നവരെ ചില നേതാക്കള്‍ പറഞ്ഞ് പറഞ്ഞ് ബിജെപിയാക്കുന്ന അവസ്ഥായാണുള്ളതെന്നും മഹേഷ് കൂട്ടിച്ചേർത്തു.

എ കെ ആന്റണിയും ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും പങ്കെടുത്ത യോഗത്തില്‍ പരാതി ഉന്നയിച്ചെങ്കിലും അന്വേഷണം ഉണ്ടായില്ല. കരുനാഗപ്പള്ളി നിയമസഭാതെരഞ്ഞെടുപ്പില്‍ തന്നെ ഒരു പറ്റം കോണ്‍ഗ്രസ് നേതാക്കള്‍ ആര്‍എസ്എസുകാരനായി പ്രചരിപ്പിച്ച് തോല്പിച്ചതിനെക്കുറിച്ചു അന്വേഷണമോ നടപടിയോ ഉണ്ടായില്ല.