ഭൂമിയെ ചൂഷണം ചെയ്യുന്ന മനുഷ്യൻ സ്വന്തം കാൽക്കീഴിലെ മണ്ണ് ഇളക്കിമാറ്റുകയാണെന്ന് അറിയുന്നില്ല.
ഇന്ന് ഏപ്രില്‍ 22 . കൊടുംചൂടില്‍ ലോകം വെന്തുരുകുമ്പോള്‍ വീണ്ടുമൊരു ഭൗമദിനം കൂടി . പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിടുന്ന ഏറ്റവും പഴക്കം ചെന്ന ഓര്‍മ്മപ്പെടുത്തലാണ് ഭൗമദിനാചരണം. ഭൂമിയുടെ സംരക്ഷണമാണ് ഭൗമദിനാചരണ ലക്ഷ്യം. ഭൂമിയെ ചൂഷണം ചെയ്യുന്ന മനുഷ്യൻ സ്വന്തം കാൽക്കീഴിലെ മണ്ണ് ഇളക്കിമാറ്റുകയാണെന്ന് അറിയുന്നില്ല.
വികസനത്തിന്റെയും സ്വാര്‍ത്ഥ താത്പര്യങ്ങളുടേയും പേരില്‍ പ്രകൃതിയെ വെട്ടിക്കീറുമ്പോള്‍ ഓര്‍ക്കുക ഈ ഭൂമിക്കൊപ്പം ഇല്ലാതാകുന്നത് മനുഷ്യര്‍ കൂടിയാണ്. തലമുറകള്‍ നമുക്കായ് കരുതിവച്ച മണ്ണും , ജലവും, ശുദ്ധവായുവും ഊറ്റിക്കുടിച്ചും വിറ്റുതിന്നും മുന്നോട്ട് പോകുന്ന ഇന്നത്തെ നമ്മുടെ തലമുറയെ കുലംമുടിച്ചവരെന്ന് വരും തലമുറ വിശേഷിപ്പിച്ചാല്‍ തെറ്റ് പറയാനാകുമോ ?
അശാസ്ത്രീയമായ പരിപാലനത്താൽ ഭൂമിയും, അന്തരീക്ഷവും ഇവിടുത്തെ ആവാസവ്യവസ്ഥയും ഒന്നാകെ ചോദ്യചിഹ്നമാകുമ്പോൾ, ലോക ഭൗമദിനത്തിന് പ്രസക്തിയേറെയാണ്. അമേരിക്കൻ സെനറ്റർ ആയിരുന്ന ഗേലോഡ് നെൽസൺ ആണ് 1970 ഏപ്രിൽ 22-ന് ഭൗമദിനാചരണത്തിനു തുടക്കം കുറിച്ചത്. 1992ൽ റിയോഡി ജെയിനെറോയിൽ നടന്ന ഭൗമ ഉച്ചകോടിയോടെ ഭൗമദിനാചരണത്തിന് കൂടുതൽ പ്രാധാന്യം ലഭിച്ചു. പിന്നീട് എർത്ത് ഡേ നെറ്റ് വർക്ക് ഭൗമദിനാചരണത്തിനു നേതൃത്വം നൽകാൻ തുടങ്ങി. 2009-മുതൽ ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിലാണ് ലോകമെമ്പാടും ഭൗമദിനാചരണം നടക്കുന്നത്.
“പാരിസ്ഥിതിയും കാലാവസ്ഥ സാക്ഷരതയും” എന്ന പ്രതിപാദ്യവിഷയത്തെ മുൻനിർത്തി പരിസ്ഥിതി, കാലാവസ്ഥാ അവബോധം ജനങ്ങളിൽ സൃഷ്ടിച്ച് അതിലുടെ ഭൂമിക്ക് നേരിട്ടുകൊണ്ടിരിക്കുന്ന ഭീഷണികളെ തരണം ചെയ്യുവാനാണ് ഈ വർഷത്തെ ദിനാചരണം ഊന്നൽ നൽകുന്നത്. ഭൂമിയുടെ മേലുള്ള മനുഷ്യന്റെ അമിത ഇടപെടലിനെ തിരുത്തുവാനും നിയന്ത്രിക്കാനുമായുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ ദിനാചരണം. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ പ്രശസ്തമായ വരികൾ ഇവിടെ പ്രസ്താവ്യമാണ്. “The world has enough for everyone’s need, but not enough for everyone’s greed” എന്നാണത്. അതായത്, ഈ ലോകത്തിൽ എല്ലാവരുടെയും ആവശ്യകതകളെ നിറവേറ്റാനുളള വിഭവങ്ങൾ ലഭ്യമാണ്. എന്നാൽ അവരുടെ അത്യാർത്തിയെ പരിഹരിക്കാനുളളത് ഇല്ല എന്ന്.
ആഗോളതാപനവും അതുമായി ബന്ധപ്പെട്ട കാലാവസ്ഥ വ്യതിയാനവുമാണ് ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. അത്യന്തം സങ്കീർണമായി ഇത്തരത്തിൽ ആഗോളതാപനം മുന്നോട്ട് പോയാൽ ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ അവസാനമാകുമ്പോഴേക്കും അന്തരീക്ഷ താപനില 4 ഡിഗ്രി സെൽഷ്യസ് വർദ്ധിക്കും എന്നാണ് ശാസ്ത്ര പ്രവചനം. അന്തരീക്ഷ താപനില രണ്ട് ഡിഗ്രി സെൽഷ്യസ് വർദ്ധിച്ചാൽ തന്നെ ഭൂമിയിൽ ജീവനു വെല്ലുവിളിയാകും.
വാഷിങ്ങ്ടണിലെ ഗവേഷണ സ്ഥാപനമായ വേൾഡ് റിസോഴ്സസ് ഇൻസ്റ്റിറ്റിയൂട്ടിന്റെ കണക്കുപ്രകാരം ലോകത്ത് ഏറ്റവും കൂടുതൽ കാർബൺഡയോക്സൈഡ് പുറത്തുവിടുന്ന രാജ്യം ചൈനയാണ് – 28%. 16.52% വുമായി യുഎസ് രണ്ടാം സ്ഥാനത്താണ്. 28 രാജ്യങ്ങളുള്ള യൂറോപ്യൻ യൂണിയനെ ഒന്നായി കണക്കാക്കിയാൽ 11.36% മാണ് അവരുടെ പങ്ക്. 5.7% കാർബൺഡയോക്സൈഡ് പുറന്തള്ളി തൊട്ടടുത്ത സ്ഥാനത്ത് ഇന്ത്യയുമുണ്ട്.
കാലവർഷത്തിന്റെ താളം തെറ്റിയപ്പോഴാണ് നാം ആഗോളതാപനത്തെക്കുറിച്ച് തിരിച്ചറിയുന്നത്. ഇന്ത്യയില്‍ ഇന്ന് വര്‍ദ്ധിച്ചുവരുന്ന മലിനീകരണവും വനനശീകരണവും മൂലം വരള്‍ച്ച കൂടിവരുകയാണ്. പല സംസ്ഥാനങ്ങളും ഇന്ന് വരള്‍ച്ചയുടെ നെല്ലിപ്പടിയിലാണ്. ആഗോളതാപനത്തിന്റെ പ്രത്യാഘാതങ്ങൾ ഏതാനും വർഷങ്ങളായി കേരളത്തിൽ വ്യക്തമായി കാണുവാൻ കഴിയുന്നുണ്ട്. എല്ലാ ജില്ലകളിലും താപനില ക്രമാതീതമായി ഉയർന്നുകഴിഞ്ഞു. കേരളത്തിലെ ചില ജില്ലകളിൽ താപനില 41 ഡിഗ്രി സെൽഷ്യസ് വരെയെത്തിയിരിക്കുന്നു. പ്രകൃതിയെ അനാവശ്യമായി ദ്രോഹിച്ചതിന്റെ അനന്തരഫലമാണ് നാം ഇന്ന് നേരിട്ട് കൊണ്ടിരിക്കുന്ന ഈ കടുത്ത ചൂട്.
ഈ നൂറ്റാണ്ടിന്റെ തുടക്കത്തിൽ മൊത്തം ഭൂവിസ്തൃതിയുടെ 44 ശതമാനം വനമുണ്ടായിരുന്ന കേരളത്തിൽ ഇന്നത് 28 ശതമാനമായി കുറഞ്ഞിരിക്കുന്നു എന്നാണ് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നത്. അന്തരീക്ഷത്തിൽ നിറയുന്ന കാർബൺ ആഗിരണം ചെയ്യാൻ മാത്രം വൃക്ഷങ്ങൾ ഇന്ന് കേരളത്തിൽ ഇല്ല.
കാലാവസ്ഥാ മാറ്റങ്ങൾക്കെതിരായുള്ള പോരാട്ടത്തിൽ നമ്മൾ ഓരോരുത്തരും അണിനിരക്കണം. അതിനായി ജീവിതശൈലിയിലും ശീലങ്ങളിലും മാറ്റം വരുത്തേണ്ടതുണ്ട്. മോട്ടോർ വാഹനങ്ങളുടെ ഉപയോഗം കുറയ്ക്കുക, കൂടുതൽ ഇന്ധനക്ഷമമായ വാഹനങ്ങൾ, പൊതു വാഹനങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കുക. ഇതുവഴി ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കുവാനും അന്തരീക്ഷത്തിലേക്കുതള്ളുന്ന കാർബൺഡൈയോക്സൈഡിന്റെ അളവ് കുറയ്ക്കാനും സാധിക്കും. ഊർജ്ജ ഉപഭോഗം കഴിയുന്നത്ര കുറയ്ക്കുന്നതും വൈദ്യുതി ഉപയോഗം പരമാവധി ചുരുക്കുന്നതും നമുക്ക് ഭൂമിക്ക് ചെയ്യാവുന്ന ചില കരുതലുകളാണ്. ഇവിടെ പാരമ്പര്യേതര ഊർജ്ജസ്രോതസ്സുകളെ ഉപയോഗപ്പെടുത്തുന്നതിന്റെ പ്രസക്തി വളരെ വലുതാണ്.
ലോകരാഷ്ട്രങ്ങൾ മിക്കതും ഇന്ന് സൗരോർജ്ജം ഉപയോഗിച്ചുകൊണ്ടുള്ള സാങ്കേതിക വിദ്യകൾ വികസിപ്പിച്ചുകൊണ്ടിരിക്കുന്നു. സാങ്കേതിക രംഗത്ത് പരിസ്ഥിതി സൗഹൃദത്തിന്റെ ആവശ്യകത ലോകം തിരിച്ചറിഞ്ഞുകഴിഞ്ഞു എന്നത് വലിയൊരു നേട്ടമാണ്. അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്ന, പ്രകൃതിയുമായി ഏറെ ഇണങ്ങി നില്‍ക്കുന്ന ഉപകരണങ്ങള്‍ എന്ന ചിന്തയിലേക്ക് ഈ സാങ്കേതിക വിദഗ്ധരെ എത്തിച്ചതും ഈ തിരിച്ചറിവാണ്.
പ്രകൃതിയിലേക്കുള്ള തിരിച്ചുപോക്കാണ് കാലം തെറ്റിയ കാലാവസ്ഥയില്‍ നിന്നും രക്ഷനേടാനുള്ള ഏകമാര്‍ഗം. 2020-ല്‍ ഭൗമദിനാചരണത്തിന് അര നൂറ്റാണ്ട് പിന്നിടുമ്പോള്‍ ലോത്തെ 780 കോടി ജനങ്ങള്‍ക്ക് ഒരു വൃഷം എന്ന ലക്ഷ്യം സാക്ഷാത്കരിക്കാനാണ് എര്‍ത്ത് ഡേ ഫൗണ്ടേഷന്റെ ലക്ഷ്യം. നമുക്ക് ഉണരാം നാളെക്കായി പച്ചപ്പിന്റെ പുതിയ ലോകത്തെ സൃഷ്ടിക്കാൻ വരും തലമുറക്കായി ഒരു മരമെങ്കിലും നട്ട് കൊണ്ടായിരിക്കാട്ടെ ഈ ഭൗമ ദിനം ആഘോഷിക്കുന്നത്. വരള്‍ച്ചയിലും ജലക്ഷാമത്തിലും ജീവജാലങ്ങള്‍ വെന്തമരുമ്പോള്‍ ഭൂമിക്കായി കുടപിടിക്കാന്‍ നമുക്കൊന്നിക്കാം. ഇനിയുമീ മണ്ണിൽ പൂക്കളും, പുഴുക്കളും, കാറ്റും, കാട്ടരുവിയും അവശേഷിക്കേണ്ടതുണ്ട്. അതു മാത്രമാണ് മണ്ണിനെ അമ്മയായി കണ്ട ഒരു രാഷ്ട്രത്തിനും, അവിടുത്തെ ജനങ്ങൾക്കും കാലൂന്നി നിൽക്കുന്ന മണ്ണിന് തിരികെ നൽകാൻ കഴിയുന്ന ഒരേയൊരു പ്രത്യുപകാരം.