ജന്ദര്‍ മന്തറില്‍ സമരം നടത്തുന്ന കര്‍ഷകര്‍ കുപ്പികളില്‍ മൂത്രം ശേഖരിച്ച് കുടിച്ചു

tamil farmers.

കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളണമെന്നും ദുരിതാശ്വാസ പദ്ധതികള്‍ പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് ജന്ദര്‍ മന്തറില്‍ സമരം നടത്തുന്ന കര്‍ഷകര്‍ കുപ്പികളില്‍ മൂത്രം ശേഖരിച്ച് കുടിച്ചു. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ മലം ഭക്ഷിക്കുന്നതടക്കമുള്ള കടുത്ത പ്രതിഷേധത്തിലേക്ക് നീങ്ങുമെന്ന് കര്‍ഷകര്‍ അറിയിച്ചു.
ഞങ്ങള്‍ക്ക് തമിഴ്‌നാട്ടില്‍ കുടിക്കാന്‍ പോലും വെള്ളം ലഭിക്കുന്നില്ല. പ്രധാനമന്ത്രി ഞങ്ങളുടെ ദാഹം അവഗണിക്കുകയാണ്. അതിനാല്‍ മൂത്രം കുടിച്ച് ഞങ്ങള്‍ ദാഹമകറ്റുന്നുവെന്നും നാഷണല്‍ സൗത്ത് ഇന്ത്യന്‍ റിവഴേസ് ലിങ്കിങ് അസോസിയേഷന്‍ തമിഴ്‌നാട് പ്രസിഡന്റ് പി. അയ്യങ്കാര്‍ പറഞ്ഞു. അവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും ഞങ്ങളെ അറസ്റ്റ് ചെയ്യാം. എന്നാല്‍ ഞങ്ങല്‍ പ്രതിഷേധം തുടരുമെന്നും കര്‍ഷകരില്‍ ഒരാള്‍ പ്രതികരിച്ചു.

തലയോട്ടികള്‍ അണിഞ്ഞും എലിയെ ഭക്ഷിച്ചും നഗ്‌നരായി പ്രതിഷേധിച്ചും തമിഴ്‌നാട്ടിലെ കര്‍ഷകര്‍ തങ്ങളുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ ശ്രദ്ധയിലെത്തിക്കാന്‍ കിണഞ്ഞു പരിശ്രമിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വേഷം ധരിച്ച ഒരാള്‍ സഹായം അഭ്യര്‍ഥിക്കുന്ന കര്‍ഷകരെ ചാട്ടവാറുപയോഗിച്ച് തലങ്ങും വിലങ്ങും പ്രഹരിക്കുന്നതടക്കമുള്ള പ്രതിഷേധ മുറകള്‍ കര്‍ഷകര്‍ ഒടുവില്‍ സ്വീകരിച്ചിരുന്നു. തങ്ങളുടെ ആവശ്യങ്ങളോട് മുഖംതിരിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ നിലപാട് തുറന്നുകാണിക്കാനാണ് ഇങ്ങനെയൊരു സമരം ആവിഷ്‌കരിച്ചതെന്നാണ് സമരക്കാര്‍ പറഞ്ഞത്.

മോശം കാലാവസ്ഥ മൂലമുണ്ടായ വ്യാപക കൃഷിനാശത്തില്‍ സര്‍വ്വവും നശിച്ച തമിഴ്‌നാട്ടിലെ കര്‍ഷകര്‍ ഒരുമാസത്തിലധികമായി ജന്തര്‍ മന്ദറില്‍ സമരം ചെയ്തുവരികയാണ്. ആശ്വാസ പദ്ധതികള്‍ പ്രഖ്യാപിക്കണമെന്നും കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളണമെന്നും ആവശ്യപ്പെട്ടാണ് കര്‍ഷകരുടെ സമരം. അടുത്തവര്‍ഷത്തെ കൃഷിക്കാവശ്യമായ വിത്തുകള്‍ ലഭ്യമാക്കണമെന്നും നഷ്ടം നികത്തണമെന്ന ആവശ്യവും സമരക്കാര്‍ ഉയര്‍ത്തുന്നുണ്ട്.

പ്രതിഷേധം തുടരുന്ന സമരക്കാരെ കൃഷി മന്ത്രി രാധാ മോഹന്‍ സിങ്, ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്, ജലവിഭവ വകുപ്പ് മന്ത്രി ഉമാഭാരതി, ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി എന്നിവരടക്കം പല രാഷ്ട്രീയ നേതാക്കളും സന്ദര്‍ശിച്ചിരുന്നു. എന്നാല്‍, പ്രധാനമന്ത്രിയെ കാണാന്‍ അവസരം ലഭിക്കാതെ തങ്ങള്‍ സമരരംഗത്തുനിന്ന് പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് അവര്‍.