ബിജെപിയില്‍ ചേരുന്നുവെന്ന അഭ്യൂഹങ്ങൾ നിഷേധിച്ച് കമല്‍നാഥ്

kamalnath

കമല്‍നാഥ് ബിജെപിയിൽ ചേരുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന്  കോൺഗ്രസ് വക്താവ് രൺദീപ് സിങ്

ബിജെപിയില്‍ ചേരുന്നുവെന്ന മാധ്യമ റിപോർട്ടുകൾ തള്ളി മധ്യപ്രദേശില്‍നിന്നുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന കമല്‍നാഥ് രംഗത്ത്. മറ്റുള്ളവരെ ബിജെപിയിലെത്തിക്കുന്നതിന് തന്റെ പേരിൽ തെറ്റായ പ്രചാരണം നടത്തുകയാണെന്ന് കമൽനാഥ് ആരോപിച്ചു. കോൺഗ്രസും കമൽനാഥ് ബിജെപിയിലേക്ക് ചേക്കേറുന്നുവെന്ന വാർത്ത നേരത്തേതന്നെ നിഷേധിച്ചിരുന്നു.

കമൽനാഥ് കോൺഗ്രസിന്റെ പരിചയ സമ്പന്നനായ നേതാവാണെന്നും അദ്ദേഹം ബിജെപിയിൽ ചേരുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാലയാണ് വ്യക്തമാക്കിയത്. ബിജെപിയുടേത് അധാർമ്മികവും മ്ലേച്ഛവുമായ പ്രചാരണമാണ്. പാർട്ടി കടുത്ത പ്രതിസന്ധി നേരിട്ട 1977– 80 കാലഘട്ടത്തിലും അധികാരമില്ലാതിരുന്ന 1989 ലും 2004 ലും കോൺഗ്രസിനൊപ്പം ഉറച്ചുനിന്ന നേതാവാണ് കമൽനാഥെന്നും സുർജേവാല വ്യക്തമാക്കി.

നിലവിലെ കോൺഗ്രസ് നേതൃത്വവുമായി കമൽനാഥിന് ശക്തമായ അഭിപ്രായ വ്യത്യാസമുണ്ടെന്നും കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയില്‍ കമല്‍നാഥിനെ ഉള്‍പ്പെടുത്തുമെന്നും വാർത്ത പ്രചരിച്ചിരുന്നു. മോദിയുടെ രാഷ്ട്രീയ അനുഭവസമ്പത്തിനു മുന്നില്‍ രാഹുല്‍ തുടക്കക്കാരന്‍ മാത്രമാണെന്ന കമല്‍നാഥിന്റെ പ്രസ്താവന ബിജെപി ആയുധമാക്കുകയായിരുന്നു. മോദിയെ പുകഴ്ത്തിയതിനു തൊട്ടുപിന്നാലെ കമല്‍നാഥിനെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്ത് മധ്യപ്രദേശ് ബിജെപി നേതൃത്വം രംഗത്തെത്തിയിരുന്നു.

കോണ്‍ഗ്രസ് ഡല്‍ഹി മുന്‍ അധ്യക്ഷന്‍ അരവിന്ദ് സിങും യൂത്ത് കോണ്‍ഗ്രസ് നേതാവ് അമിത് മാലിക്കും ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെയായിരുന്നു കമൽനാഥ് ബിജെപിയിൽ ചേരുമെന്ന പ്രചാരണം ശക്തമായത്.