Tuesday, April 23, 2024
HomeKeralaപത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ സ്രവം ശേഖരിക്കുന്നതിന് പ്രത്യേക കിയോസ്‌ക്

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ സ്രവം ശേഖരിക്കുന്നതിന് പ്രത്യേക കിയോസ്‌ക്

കോവിഡ് സ്രവ പരിശോധനയ്ക്കായി പത്തനംതിട്ട ജനറല്‍ ആശപത്രിയില്‍ എത്തുന്ന രോഗികളുമായി നേരിട്ട് സമ്പര്‍ക്കത്തിലാകാതെ ഡോക്ടര്‍ക്ക് സ്രവം എടുക്കുന്നതിനായി
പ്രത്യേക കിയോസ്‌ക് പ്രവര്‍ത്തനം ആരംഭിച്ചു.  ദേശീയ ആരോഗ്യ ദൗത്യമാണ് (എന്‍എച്ച്എം) പ്രത്യേക കിയോസ്‌ക് സ്ഥാപിച്ചത്. ഡോക്ടര്‍ കിയോസ്‌കിന് ഉള്ളിലാണെങ്കിലും പരിശോധനയ്ക്ക് എത്തുന്നയാള്‍ ഇതിനു പുറത്ത് മുന്‍വശത്തായാണ് ഇരിക്കുക. ഡോക്ടര്‍ക്ക് പിപി കിറ്റിന്റെ അവശ്യമില്ല. നേരത്തെ ആളുകളുടെ സമീപം ഡോക്ടര്‍മാര്‍ പിപി കിറ്റ് ധരിച്ച് നേരിട്ടെത്തിയാണ് സ്രവം പരിശോധനയ്ക്ക് എടുത്തിരുന്നത്.
ജില്ലയില്‍ ഇപ്പോള്‍ നാല് ആശുപത്രികളിലാണ് സ്രവം പരിശോധനയ്ക്കായി എടുക്കുന്നത്. ഇതില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ മാത്രമാണ് കിയോസ്‌ക് സംവിധാനം ഉള്ളതെന്ന് ഡെപ്യുട്ടി ഡിഎംഒ(ആരോഗ്യം) ഡോ.സി.എസ്. നന്ദിനി പറഞ്ഞു. പത്തനംതിട്ട ജനറല്‍ ആശുപത്രിക്കു പുറമേ അടൂര്‍  ജനറല്‍ ആശുപത്രി, തിരുവല്ല താലൂക്ക് ആശുപത്രി, കോഴഞ്ചേരി ജില്ലാ ആശുപത്രി എന്നിവിടങ്ങളിലാണ് സ്രവം പരിശോധനയ്ക്കായി എടുക്കുന്നത്. പരിശോധനയ്ക്കായി എടുക്കുന്ന സ്രവം എല്ലാ ദിവസവും വൈകിട്ട് തിരുവനന്തപുരം സ്റ്റേറ്റ് പബ്ലിക് ലാബിലേക്ക് അയയ്ക്കും. തുടര്‍ന്ന് രണ്ട് ദിവസത്തിനുള്ളില്‍ പരിശോധനാ ഫലം ലഭ്യമാക്കും.
ഗ്ലാസില്‍ നിര്‍മിച്ചിരിക്കുന്ന കിയോസ്‌കില്‍ നിന്നും പുറത്തേക്കുള്ള സുഷിരത്തിലൂടെ നീളമുള്ള കൈയുറ ഘടിപ്പിച്ചിട്ടുണ്ട്. സ്രവം എടുക്കുന്ന സമയത്ത് പരിശോധനയ്ക്ക് എത്തുന്നയാള്‍ തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുന്ന സാഹചര്യമുണ്ടായാലും ഡോക്ടര്‍ക്ക് അണുബാധയുണ്ടാകുമെന്ന പേടി വേണ്ട. കിയോസ്‌കിലെ കൈയുറയ്ക്കുള്ളിലൂടെ കൈകള്‍ പുറത്തേക്കിട്ടാണ് ഡോക്ടര്‍ സ്രവം എടുക്കുന്നത്. എന്നാല്‍, കിയോസ്‌കിന് പുറത്ത് പരിശോധനയ്ക്ക് എത്തിയ വ്യക്തിക്ക് ഒപ്പം നില്‍ക്കുന്ന നഴ്‌സോ, ആരോഗ്യ പ്രവര്‍ത്തകരോ പിപി കിറ്റ് ധരിച്ചിരിക്കും. ഓരോ വ്യക്തിയെയും പരിശോധിച്ച  ശേഷം കൈയുറയും കിയോസ്‌കിന്റെ ഉപരിതലവും സ്രവം നല്‍കിയ ആള്‍ ഇരുന്ന സ്ഥലവും അണുവിമുക്തമാക്കും. കിയോസ്‌ക് സമ്പ്രദായം നിലവില്‍ വന്നതോടെ ഒരു ദിവസത്തെ ഉപയോഗത്തിന് ശേഷം കൈയുറ മാറ്റിയാല്‍ മതിയാകും. സ്രവം എടുക്കുന്നതിന് 15 സെക്കന്‍ഡ് ആണ് വേണ്ടത്. മൂന്ന് മിനിറ്റിനുള്ളില്‍ അണുവിമുക്ത പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ ഒരാളുടെ സ്രവം എടുക്കുന്നത് പൂര്‍ത്തീകരിക്കാന്‍ സാധിക്കും.  
കിയോസ്‌ക് സംവിധാനം ഏറെ സൗകര്യപ്രദവും സുരക്ഷിതവുമായതിനാല്‍ ഒരു ദിവസം 100 പേര്‍ വരെ എത്തിയാലും പരിശോധന നടത്താന്‍ സാധിക്കുമെന്ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഫിസിഷനായ ഡോ. ശരത് തോമസ് റോയി പറഞ്ഞു. കിയോസ്‌ക് വന്നതോടെ പിപി കിറ്റ് ധരിക്കേണ്ട ആവശ്യകത ഒഴിവായി. മുമ്പ് 60 പേര്‍ വരെ ഒരു ദിവസം സ്രവപരിശോധനയ്ക്ക് എത്തിയിരുന്നെങ്കില്‍ ഇപ്പോള്‍ 12 മുതല്‍ 14 പേര്‍ വരെ മാത്രമാണ് പരിശോധനയ്ക്ക് എത്തുന്നത്.
നിരീക്ഷണത്തിലുള്ള ആളിന് രോഗലക്ഷണം കണ്ടെത്തിയാല്‍ അതത് സ്ഥലത്തെ മെഡിക്കല്‍ ഓഫീസര്‍മാര്‍ തലേദിവസം തന്നെ സ്രവം ശേഖരിക്കാന്‍ സംവിധാനമുള്ള ബന്ധപ്പെട്ട ആശുപത്രിയില്‍ വിവരം അറിയിക്കും. ഓരോ ആരോഗ്യ ബ്ലോക്കിലെയും ആളുകളുടെ പരിശോധനാ സമയവും മുന്‍കൂട്ടി തീരുമാനിക്കും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments