പുണെയുടെ സ്വപ്നങ്ങളെ കാറ്റിൽ പറത്തി മുംബൈയ്ക്ക് അവിശ്വനീയമായ വിജയം

ipl

ബോളർമാർ അരങ്ങുതകർത്ത ഐപിഎൽ കലാശപ്പോരിൽ പുണെ സൂപ്പർ ജയന്റിനെ ഒരു റണ്ണിനു വീഴ്ത്തി മുംബൈ ഇന്ത്യൻസിന് കിരീടം. പുണെയുടെ സ്വപ്‌നങ്ങൾ വീണുടഞ്ഞു. അവസാന പന്തുവരെ ആവേശം മുറ്റിനിന്ന മത്സരത്തിൽ നാട്ടുകാരായ പുണെ സൂപ്പർ ജയൻറ്​സിനെ ഒരു റൺസിന്​ വീഴ്​ത്തി മുംബൈ ഇന്ത്യൻസിന്​​ പത്താം ഐ പി എൽ കിരീടം. മുംബൈയുടെ മൂന്നാം കിരീട ധാരണം. ബാറ്റിന്​ പകരം ​ബോളുകൾ​കൊണ്ട്​ ഏറ്റുമുട്ടിയ മത്സരത്തിൽ അവസാന ഒാവറിൽ 13 റൺസ്​ വേണ്ടിയിരുന്ന പുണെക്ക്​ 11 റണ്ണിലെത്താനേ കഴിഞ്ഞുള്ളൂ. സ്​കോർ: മുംബൈ: എട്ടിന്​ 129. പുണെ ആറിന്​ 128. കുറഞ്ഞ ലക്ഷ്യത്തിലേക്ക്​ ബാറ്റ്​ വീശിയ പുണെ നിരയിൽ നായകൻ സ്​റ്റീവ്​ സ്​മിത്തിനും (50 പന്തിൽ 51) ഒാപണർ അജിൻക്യ രഹാനെക്കും (38 പന്തിൽ 44) മാത്രമേ തിളങ്ങാനായുള്ളൂ. മുംബൈക്കുവേണ്ടി ​മിച്ചൽ ജോൺസൺ മൂന്നും ബുംറ രണ്ടും വിക്കറ്റ്​ വീഴ്​ത്തി. ആദ്യം ബാറ്റ്​ ചെയ്​ത മുംബൈയുടെയും ബാറ്റിങ്​ തകർന്നെങ്കിലും ക്രുനാൽ​ പാണ്ഡ്യയും (38 പന്തിൽ 47) നായകൻ രോഹിത്​ ശർമയുമാണ്​ (22 പന്തിൽ 24) അവരെ രണ്ടക്കം കടത്തിയത്​.

ടോസ്​ നേടി ബാറ്റിങ്ങിനിറങ്ങിയ മുംബൈക്ക്​ കാര്യങ്ങളൊന്നും വിചാരിച്ചപോലെ ആയിരുന്നില്ല. സ്​കോർബോർഡിൽ എട്ടു റൺസെത്തിയപ്പോൾ ഒാപണർമാരായ ലെൻഡൽ സിമ്മൺസും (എട്ടു പന്തിൽ മൂന്ന്​) പാർഥിവ്​ പട്ടേലും (ആറു​ പന്തിൽ നാല്​) വിശ്രമിക്കാനെത്തി. ഉജ്ജ്വല ഫോമിൽ പന്തെറിയുന്ന പേസ്​ ബൗളർ ഉനദ്​കടായിരുന്നു ഇരുവരുടെയും അന്തകൻ. പ്രതീക്ഷയിലേക്ക്​ കൂട്ടുകെട്ടുയർത്തി അമ്പാട്ടി റായുഡുവും (15 പന്തിൽ 12) നായകൻ രോഹിത്​ ശർമയും ബാറ്റുവീശിയെങ്കിലും എട്ടാം ഒാവറിൽ സ്​മിത്തി​ന്റെ മാരക ഫീൽഡിങ്​ അമ്പാട്ടിയെ വീഴ്​ത്തി. അനാവശ്യ റണ്ണിനായി ഒാടിയ അമ്പാട്ടി റായുഡു സ്​മിത്തി​ന്റെ നേരിട്ടുള്ള ഏറിൽ റണ്ണൗട്ടായി. അധികം വൈകുംമുമ്പേ നായകൻ മടങ്ങി. ഇഴഞ്ഞുനീങ്ങിയ സ്​കോർ ബോർഡിനെ വേഗത്തിലാക്കാനുള്ള ശ്രമത്തിനിടെ ഡീപ്​ മിഡ്​വിക്കറ്റിൽ ഠാകുറി​ന്റെ കൈയിൽ ​രോഹിത്​ ഒതുങ്ങി. പിന്നീടുള്ള പ്രതീക്ഷ കിറോൺ പൊള്ളാർഡിലായിരുന്നു. പക്ഷേ, സിക്​സർ പ്രതീക്ഷിച്ച്​ പൊള്ളാർഡ്​ (ഏഴ്​) തൊടുത്ത ഷോട്ട്​ ബൗണ്ടറി ലൈനിനരികെ മനോജ്​ തിവാരിയുടെ കൈയിൽ ഭ​ദ്രമായെത്തി. ഹാർദിക്​ പാണ്ഡ്യയും (പത്ത്​) കരൺ ശർമയും അടുത്തടുത്ത്​ പുറത്തായപ്പോൾ മുംബൈയുടെ തകർച്ച ഏഴിന്​ 79 എന്ന നിലയിലേക്ക്​ കൂപ്പുകുത്തി. ഹാർദികിനെ ക്രിസ്​റ്റ്യൻ പുറത്താക്കിയപ്പോൾ കരൺ ശർമ റണ്ണൗട്ടായി.

മൂന്നക്കം കടക്കില്ലെന്നു തോന്നിച്ച ഘട്ടത്തിൽ രക്ഷക​ന്റെ വേഷത്തിൽ ക്രുനാൽ പാണ്ഡ്യ അവതരിച്ചു. മെല്ലെ തുടങ്ങിയ പാണ്ഡ്യ അവസാന ഒാവറുകളിൽ ആക്രമണം അഴിച്ചുവിട്ടതോടെ മുംബൈ മൂന്നക്കം കടന്നു. ഇന്നിങ്​സിന്റെ അവസാന പന്തിലാണ്​ പാണ്ഡ്യ ​ക്രിസ്​റ്റ്യന്റെ പന്തിൽ പുറത്തായത്​.
ചെറിയ ​ലക്ഷ്യത്തിലേക്ക്​ ബാറ്റ്​ വീശിയ പുണെ നിരയിൽനിന്ന്​ രാഹുൽ ത്രിപാഠിയാണ്​ (മൂന്ന്​) ആദ്യം പുറത്തുപോയത്​. ബുംറയുടെ പന്തിൽ എൽ.ബി.ഡബ്ല്യുവിൽ കുരുങ്ങി ത്രിപാഠി പുറത്തേക്ക്​ നടക്കു​​േമ്പാൾ പുണെയുടെ സ്​കോർബോർഡിൽ 17 റൺസ്​ മാത്രമായിരുന്നു സമ്പാദ്യം. രഹാനെക്ക്​ കൂട്ടായെത്തിയ നായകൻ സ്​റ്റീവ്​ സ്​മിത്ത്​ ശ്ര​ദ്ധയോടെ ബാറ്റ്​ വീശി. ഇന്നിങ്​സ്​ ഇഴഞ്ഞുനീങ്ങുന്നതിനിടെ രഹാനെയെ ജോൺസൺ മടക്കി.

പതിവ്​ ശൈലിയിൽ മെല്ലെ തുടങ്ങിയ​ ധോണിക്ക്​ പത്ത്​ റൺസിന്റെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. അവസാന ഒാവറിൽ 13 റൺസ്​ മാത്രം വേണ്ടിനിൽക്കെ പന്തുമായെത്തിയത്​ മിച്ചൽ ജോൺസണാണ്​. ആദ്യ ​പന്തിൽ ഫോർ അടിച്ച്​ പ്രതീക്ഷ നൽകിയ മനോജ്​ തിവാരി തൊട്ടടുത്ത പന്തിൽ പുറത്തായി. മൂന്നാം പന്തിൽ സ്​മിത്തും തിരിച്ചുനടന്നതോടെ മുംബൈ ക്യാമ്പിൽ ആഹ്ലാദം തുടങ്ങി. അവസാന പന്തിൽ ജയിക്കാൻ നാല്​ റൺസ്​ വേണ്ടിയിരുന്നെങ്കിലും രണ്ട്​ റ​ണ്ണെടുക്കാനേ കഴിഞ്ഞുള്ളൂ.