രാഷ്ട്രപതിയോട് സുപ്രീംകോടതി വിധിച്ച ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജഡ്ജി സി.എസ്. കർണൻ. സുപ്രീംകോടതി ആറുമാസം തടവുശിക്ഷ വിധിച്ച ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കൊൽക്കത്ത ഹൈക്കോടതി ജഡ്ജി സി.എസ്. കർണൻ വീണ്ടും രാഷ്ട്രപതിക്ക് നിവേദനം നൽകി. കോടതിയലക്ഷ്യക്കേസിൽ സുപ്രീംകോടതിയിൽ ജസ്റ്റിസ് കർണനുവേണ്ടി ഹാജരായ മലയാളിയായ അഭിഭാഷകൻ മാത്യു ജെ. നെടുംപാറയിൽ നിന്നാണ് ഈ വിവരങ്ങൾ ലഭിച്ചത്.
താനും ജസ്റ്റിസ് കർണന്റെ മകൻ സി.എസ്. സുഗനും രാഷ്ട്രപതിയുടെ സെക്രട്ടറി അശോക് മേത്തക്കാണ് നിവേദനം നൽകിയതെന്ന് അഡ്വ. നെടുംപാറ അറിയിച്ചു. കർണന് രാഷ്പ്രതിയുമായി കൂടിക്കാഴ്ച നടത്താനുള്ള അനുമതി തേടിയതായും അദ്ദേഹം പറഞ്ഞു.
അതേസമയം, നേരത്തേതന്നെ രാഷ്ട്രപതിക്ക് ഇ-മെയിലിൽ നിവേദനം നൽകിയിട്ടുണ്ടെന്നും ഇക്കാര്യം രാഷ്ട്രപതി ഭവൻ നിഷേധിച്ചതിനാലാണ് പുതിയ നിവേദനം നൽകിയതെന്നും നെടുംപാറ പറഞ്ഞു. കഴിഞ്ഞ ദിവസം ഇതേ ആവശ്യമുന്നയിച്ച് ജസ്റ്റിസ് കർണൻ നൽകിയ ഹരജി സുപ്രീംകോടതി രജിസ്ട്രാർ നിരാകരിച്ചിരുന്നു.
ഇത്തരം അപേക്ഷകളിൽ ശിക്ഷയിൽ ഇളവ് നൽകാനും വിട്ടയക്കാനും നിർദേശിക്കാൻ രാഷ്ട്രപതിക്ക് അധികാരമുണ്ട്. മേയ് ഒമ്പതിനാണ് സുപ്രീംകോടതിയുടെ ഏഴംഗ ബെഞ്ച് ജസ്റ്റിസ് കർണന് തടവുശിക്ഷ വിധിച്ചത്.