റേഷന്‍ വാങ്ങാനെത്തിയ വൃദ്ധയ്ക്ക്നേരെ അസഭ്യവര്‍ഷം

റേഷന്‍ വാങ്ങാനെത്തിയ വൃദ്ധയ്ക്ക് നേരെ കടയുടമയുടെ ഭാര്യയായ സെയില്‍സ് വുമണിന്റെ അസഭ്യവര്‍ഷം. സംഭവം സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ റേഷന്‍ കടയുടെ ലൈസന്‍സ് താലൂക്ക് സപ്ലൈ ഓഫിസര്‍ സസ്‌പെന്‍ഡ് ചെയ്തു. കൊട്ടാരക്കര താലൂക്കിലെ ഉമ്മന്നൂര്‍ തുറവൂരില്‍ പ്രവര്‍ത്തിക്കുന്ന മുന്നൂറ്റിനാല്പത്തി മൂന്നാം നമ്പര്‍ കടയുടെ ലൈസന്‍സാണ് കൊട്ടാരക്കര താലൂക്ക് സപ്ലൈ ഓഫിസര്‍ എസ്എ സെയ്ഫ് സസ്‌പെന്‍ഡ് ചെയ്തത്.
റേഷന്‍ കാര്‍ഡടുമയ്ക്ക് നേരേ സെയില്‍സ്‌വുമണ്‍ അസഭ്യം ചൊരിയുന്നതും റേഷന്‍ കാര്‍ഡ് എടുത്തെറിയുന്നതും മേലില്‍ റേഷന്‍ വാങ്ങാന്‍ വന്നേക്കരുതെന്ന് താക്കീത് ചെയ്യുന്നതും സാമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആയിരുന്നു. എഎവൈ മുന്‍ഗണന റേഷന്‍ കാര്‍ഡുടമയായ വൃദ്ധയ്ക്ക് നേരെയാണ് അസഭ്യം വര്‍ഷമുണ്ടായത്. വെള്ളിയാഴ്ച വൈകീട്ടാണ് ഈ വീഡിയോ സാമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത്. ഇന്ന് രാവിലെ തന്നെ താലൂക്ക് സപ്ലൈ ഓഫിസര്‍ അന്വേഷണം നടത്തി കടയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. ഈ റേഷന്‍ കടയിലെ കാര്‍ഡുടമകള്‍ക്ക് ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതു വരെ റേഷന്‍ സാധനങ്ങള്‍ സമീപത്തുള്ള എൺപതാം നമ്പര്‍ റേഷന്‍ ഡിപ്പോയില്‍ നിന്ന് ലഭിക്കുമെന്ന് താലൂക്ക് സപ്ലൈ ഓഫിസര്‍ അറിയിച്ചു.