ഉപയോക്താക്കള്‍ക്ക് ഇളവുകളുടെ പെരുമഴ സമ്മാനിച്ചായിരുന്നു റിലയന്‍സ് ജിയോയുടെ കടന്നുവരവ്. അതിന്റെ തുടര്‍ച്ചയായാണ് ജിയോ സൗജന്യ ഫോണുമായി രംഗത്തെത്തിയിരിക്കുന്നത്. 1500 രൂപ ആദ്യം അടയ്ക്കണമെങ്കിലും മൂന്ന് വര്‍ഷത്തിന് ശേഷം ഈ തുക തിരികെ ലഭിക്കുമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. ആദ്യ നോട്ടത്തില്‍ അമ്പരപ്പിക്കുന്ന ആനുകൂല്യങ്ങളും പ്രത്യേകതകളുമാണ് കമ്പനി അവതരിപ്പിക്കുന്നത്. ജിയോ ഫോണ്‍ ഉപഭോക്താക്കള്‍ക്ക് ഫ്രീയായി വോയ്‌സ് കോളുകളും മെസേജുകളും, ഓാഗസ്റ്റ് 15 മുതല്‍ 153 രൂപയ്ക്ക് അണ്‍ലിമിറ്റഡ് ഡേറ്റ,വോയ്‌സ് റെക്കഗ്നിഷന്‍ സിസ്റ്റം വഴി പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന ഫോണില്‍ നിന്ന് 5 ബട്ടന്‍ അമര്‍ത്തിയാല്‍ അപായസന്ദേശം, 4 ഇഞ്ച് കളര്‍ ഡിസ്പ്ലേ, ഡ്യൂവല്‍ സിം, മൈക്രോ എസ്.ഡി കാര്‍ഡ്,വൈഫൈ, ബ്ലൂടൂത്ത് സൗകര്യങ്ങള്‍,ജി.പി.എസ് സംവിധാനം, 2000എം.എ.എച്ച് ബാറ്ററി, രണ്ട് മെഗാപിക്സല്‍ പിന്‍ ക്യാമറയും വി.ജി.എ മുന്‍ക്യാമറയും, ഇതൊക്കെയാണ് സവിശേഷതയായി അവതരിപ്പിക്കുന്നത്. എന്നാല്‍ ഇതൊന്നും കേട്ട് കണ്ണ് മഞ്ഞളിക്കേണ്ട. ഫോണിന് സുപ്രധാനമായ ന്യൂനതകളുമുണ്ട്. പരിധികളില്ലാത്ത 4 ജി ഡാറ്റ ഉപയോഗം എന്ന വാഗ്ദാനം തന്നെ ഫലവത്താകില്ല. 500 എംബി മാത്രമാണ് 4ജി വേഗതയില്‍ ഒരു ദിവസം ഉപയോഗിക്കാന്‍ കഴിയുക. അത്രയും കഴിഞ്ഞാല്‍ പിന്നെ 2 ജി വേഗതയിലാണ് ലഭ്യമാവുക. 153 രൂപയുടെ റീച്ചാര്‍ജ് പ്ലാനിലാണ് ഈ സ്ഥിതി. 309 രൂപയുടെ പ്ലാനാണെങ്കില്‍ പ്രതിദിനം ഒരു ജിബി വരെ 4ജി ഡാറ്റ ലഭിക്കും. രാത്രിയില്‍ പരിധികളില്ലാത്ത ഡാറ്റ ഉപയോഗമാണ് ജിയോയുടെ വാഗ്ദാനം. എന്നാല്‍ ഇതിന്റെ സമയ പരിധി രാത്രി 2 മുതല്‍ 5 വരെയാണ്. അതേസമയം വിവര കൈമാറ്റത്തിനും വീഡിയോ പങ്കുവെയ്ക്കുന്നതിനും ഏറെപ്പേരും ഉപയോഗിക്കുന്ന വാട്‌സ് ആപ്പ് ഈ ഫോണില്‍ സപ്പോര്‍ട്ട് ചെയ്യില്ല.പകരം ജിയോ ചാറ്റ് പോലുള്ള ആപ്പുകളെയാണ് റിലയന്‍സ് പ്രോത്സാഹിപ്പിക്കുന്നത്. ഇത് എത്രമാത്രം ഉപയോഗപ്രദമാകുമെന്നതും കണ്ടറിയണം.വാട്‌സ് ആപ്പ് പിന്നീട് ലഭ്യമാകുമെന്നാണ് കമ്പനി വിശദീകരിക്കുന്നത്. പക്ഷേ എന്നുണ്ടാകുമെന്ന കാര്യത്തില്‍ കൃത്യമായ ഉറപ്പില്ല.
ജിയോ സൗജന്യ ഫോൺ; പിന്നിലെ രഹസ്യങ്ങൾ
RELATED ARTICLES