ധോണിക്ക് പാരച്യൂട്ട് റെജിമെന്റിനൊപ്പം പരിശീലനം നടത്താൻ അനുമതി

പാരച്യൂട്ട് റെജിമെന്റിനൊപ്പം പരിശീലനം നടത്താന്‍ അപേക്ഷ സമര്‍പ്പിച്ച ക്രിക്കറ്റ് താരം എംഎസ് ധോണിക്ക് അനുമതി നല്‍കി കരസേന. ധോണിയുടെ അപേക്ഷ കരസേനാ മേധാവി ബിപിന്‍ റാവത്ത് അംഗീകരിക്കുകയായിരുന്നു. വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനില്ലെന്നും സൈന്യത്തിനൊപ്പം പരിശീലനം നേടാന്‍ ആഗ്രഹിക്കുകയാണെന്നും ധോണി അറിയിച്ചതായി സൈനിക വൃത്തങ്ങള്‍വാര്‍ത്ത പുറത്തുവിട്ടിരുന്നെങ്കിലും, ധോണിയുടെ അപേക്ഷ സൈന്യത്തിന്റെ പരിഗണനയിലാണെന്നും ഇതുവരെയും തീരുമാനം എടുത്തിട്ടില്ലെന്നുമായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ കരസേനാ മേധാവി താരത്തിന് പരിശീലനത്തിന് അനുമതി നല്‍കുകയായിരുന്നു.

ടെറിട്ടോറിയല്‍ ആര്‍മിയുടെ 106-ാം ബറ്റാലിയനില്‍ ലെഫ്റ്റനന്റ് കേണലാണ് ധോണി. നേരത്തെ 2015 ല്‍ ആഗ്രയിലെ പാര റെജിമെന്റ് ഫോഴ്സിനൊപ്പം ധോണി പരിശീലനത്തിലേര്‍പ്പെട്ടിരുന്നു.

ലോകകപ്പിനു പിന്നാലെ ധോണിയുടെ വിരമിക്കല്‍ ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നതിനിടെയാണ് താരം രണ്ടുമാസം സൈനികസേവനത്തിനായി പോവുകയാണെന്ന് ബിസിസിഐയെ അറിയിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ വിന്‍ഡീസിനെതിരായ പരമ്ബരയിലേക്ക് താരത്തെ പരിഗണിച്ചിരുന്നില്ല.