Tuesday, September 17, 2024
HomeKeralaപൊലീസിന് സംഘപരിവാര്‍ വിധേയത്വമില്ലെന്ന് തെളിയിക്കേണ്ടത് സർക്കാർ

പൊലീസിന് സംഘപരിവാര്‍ വിധേയത്വമില്ലെന്ന് തെളിയിക്കേണ്ടത് സർക്കാർ

കേരള പൊലീസിന് സംഘപരിവാര്‍ വിധേയത്വമില്ലെന്ന് തെളിയിക്കേണ്ടത് സംസ്ഥാന സർക്കാരിന്റെ ബാധ്യതയെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എം.പി. വടക്കേക്കരയില്‍ വിസ്ഡം ഗ്ലോബല്‍ പ്രവര്‍ത്തകര്‍ക്കെതിരെ നടന്ന അക്രമമടക്കം കേരളത്തില്‍ തുടര്‍ച്ചയായി നടക്കുന്ന ചില സംഭവങ്ങളിലെ പോലീസ് ഇടപെടല്‍ സംഘപരിവാര്‍ അനുകൂലമാണ്. തുടര്‍ച്ചയായി പോലീസിന്റെ ഭാഗത്തു നിന്നുണ്ടാകുന്ന സംഘപരിവാര്‍ അനുകൂല ഇടപെടലുകളുടെ ഉത്തരവാദിത്വത്തില്‍ നിന്ന് സര്‍ക്കാരിന് ഒഴിഞ്ഞു മാറാനാകില്ല. ഈ വിഷയങ്ങളില്‍ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് ഇന്ന് (ബുധന്‍) മുഖ്യമന്ത്രിയെ കാണുമെന്നും അദ്ദേഹം പറഞ്ഞു.

സംഘപരിവാറിനെ തൃപ്തിപ്പെടുത്തുന്ന രീതിയിലാണ് സര്‍ക്കാരിന്റെ ഈ വിഷയങ്ങളിലെ ഇടപെടലുകള്‍. സര്‍ക്കാര്‍ ന്യൂനപക്ഷ വിരുദ്ധമെന്ന് ബ്രാന്‍ഡ് ചെയ്യപ്പെടാതെ നോക്കേണ്ടത് അവരുടെ ഉത്തരവാദിത്വമാണ്. കേരള പോലീസ് ആള്‍ക്കൂട്ട മര്‍ദനത്തെ ന്യായീകരിക്കുന്ന രീതിയിലാണ് വടക്കേക്കര വിഷയത്തില്‍ ഇടപെട്ടത്. മര്‍ദകര്‍ക്ക് ജാമ്യം അനുവദിക്കുകയും, മര്‍ദനമേറ്റവരെ ജയിലിലടക്കുകയും ചെയ്യുക എന്നത് കേരളത്തില്‍ ഇതുവരെ ഉണ്ടാകാത്ത സംഭവങ്ങളാണ്. സി പി എമ്മിന്റെ സംഘപരിവാര്‍ വിരുദ്ധ നയം പ്രവര്‍ത്തിയില്‍ കാണുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തില്‍ ആത്മാര്‍ഥത കാണിക്കുന്നതില്‍ സി പി എം പിന്നോട്ടാണെന്നും അദ്ദേഹം പറഞ്ഞു.

ഉത്തരേന്ത്യയിലെ ആള്‍ക്കൂട്ട മര്‍ദന രാഷ്ട്രീയം കേരളത്തിലും നടപ്പാക്കാനാണ് സംഘപരിവാര്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇവിടെ മര്‍ദനമെ തുടങ്ങിയിട്ടുള്ള മര്‍ദിച്ച് കൊല്ലുന്നതിലേക്ക് എത്തിയിട്ടില്ലെന്ന വ്യത്യാസമേയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയങ്ങളില്‍ ന്യായമായ പരിഹാരമുണ്ടായില്ലെങ്കില്‍ പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ദേശീയ രാഷ്ട്രീയത്തിലുണ്ടാകുന്ന കൂറുമാറ്റങ്ങള്‍ പ്രതിപക്ഷത്തെ തളര്‍ത്തുകയില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കുറച്ചു കാത്തിരുന്നാലും മതേതര നിലപാടുകള്‍ക്കായിരിക്കും വിജയമെന്നും അദ്ദേഹം പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments