എച്ച്.ഐ.വി.ബാധിതനായ യുവാവും കുടെയുള്ള യുവതിയും ഊരുവിലക്കിനെത്തുടര്‍ന്ന് കാട്ടില്‍ അഭയം തേടി. അന്തിയുറങ്ങാന്‍ ഇടമില്ലാതെ കടുത്ത ദുരിതത്തിലായ ഇവര്‍ ആഴ്ചകളായി കാടുകളിലാണ് കഴിയുന്നത്്. സ്വന്തം ഗ്രാമത്തിലെത്തിയാല്‍ കടത്തിണ്ണകളില്‍ അഭയം തേടേണ്ടി വരുന്ന ഇവരെ ഇവിടെ തങ്ങാന്‍ ആരും അനുവദിക്കാറില്ല.
സിപിഎം ഭരിക്കുന്ന ദേലംപാടി പഞ്ചായത്ത് പരിധിയില്‍ താമസിക്കുന്ന എച്ച് ഐ വി ബാധിതനായ യുവാവിനും ഒപ്പം താമസിക്കുന്ന യുവതിക്കുമാണ് ഈ ദുരവസ്ഥ. ഇരുവര്‍ക്കും സ്വന്തം കോളനിയിലും ഗ്രാമത്തിലും താമസിക്കുന്നതിനാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഒരു നേരത്തെ ആഹാരത്തിനുപോലും വകയില്ലാതെയും അന്തിയുറങ്ങാന്‍ ഇടമില്ലാതെയും ഇവര്‍ കടുത്ത ദുരിതത്തിലാണ്. ആഴ്ചകളായി രണ്ടുപേരും കാടുകളിലും കടത്തിണ്ണകളിലും മാറിമാറി കഴിയുകയാണ്. ഇവരെ പുനരധിവസിപ്പിക്കാന്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ ശ്രമം ചിലരുടെ എതിര്‍പ്പുകാരണം നടന്നില്ല. രണ്ടുപേരുടെയും കാര്യത്തില്‍ ഇടപെടരുതെന്ന് അറിയിച്ച് ഉദ്യോഗസ്ഥരെ പിന്തിരിപ്പിക്കുകയായിരുന്നു. ആഴ്ചകളോളമായി എവിടെയും സ്ഥിരമായി താമസിക്കാനാകാതെ യുവാവും യുവതിയും അലഞ്ഞുനടക്കുകയാണ്. മുപ്പത്തിയാറുകാരനായ യുവാവ് എച്ച് ഐ വി ബാധിതനാണെന്ന് അറിഞ്ഞതോടെ ഇദ്ദേഹത്തെ ഭാര്യ ഉപേക്ഷിച്ചുപോയി. പിന്നീട് കോളനിയിലും വിലക്കുവന്നു. മറ്റൊരു സ്ത്രീക്കൊപ്പം യുവാവ് താമസിക്കാന്‍ കൂടി തുടങ്ങിയതോടെയാണ് വിലക്കിനും കടുപ്പം കൂടിയത്. കേരള കര്‍ണാടക അതിര്‍ത്തി ഗ്രാമങ്ങളിലെ കാടുകളിലടക്കമാണ് ഇവരുടെ താമസം. ഗ്രാമത്തില്‍ വന്നാലും ഇവിടെ തങ്ങാന്‍ ആരും അനുവദിക്കാറില്ല. യുവാവിനൊപ്പം താമസിക്കുന്ന യുവതി എച്ച് ഐ വി ബാധിതയാണോയെന്ന് വ്യക്തമല്ല.
എച്ച്.ഐ.വി.ബാധിതർ കാട്ടിൽ അഭയം തേടി
RELATED ARTICLES